കൊച്ചി: സോളാർ തട്ടിപ്പുകാരി സരിത എസ് നായരുടെ ആരോപണങ്ങൾക്ക് വലിയ വിലയൊന്നും ഒരാഴ്‌ച്ച മുമ്പ് കേരളം കൊടുത്തിരുന്നില്ല. നിരന്തരമായി ബ്ലാക്‌മെയിൽ തട്ടിപ്പു നടത്തുന്ന സരിതയുടെ മൊഴിയുടെ വിശ്വാസ്യത വർദ്ധിച്ചത് അടുത്ത ദിവസങ്ങളിലാണ്. അതിന് കാരണം മുമ്പ് മാദ്ധ്യമങ്ങൾ ശബ്ദരേഖകൾ സഹിതം റിപ്പോർട്ട് ചെയ്തിരുന്ന സോളാർ തട്ടിപ്പു കേസിലെ സെറ്റൽമെന്റുകളെ ശരിവച്ച് സരിത സോളാർ കമ്മീഷൻ മുമ്പാകെ മൊഴി നൽകിയതാണ്. ഇതിന്റെ തെളിവുകളും തന്റെ പക്കലുണ്ടെന്ന് സരിത വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കോൺഗ്രസ് എ ഗ്രൂപ്പിനെ വെട്ടിലാക്കി കൊണ്ട് തമ്പാനൂർ രവി സരിതയുമായി സംസാരിക്കുന്ന ഓഡിയോ പുറത്തുവന്നത്.

ഇത്രയും കാലം സരിതയുടെ സംരക്ഷകർ ആയതും കേസൊതുക്കാൻ പണം നല്കിയിരുന്നതും ബെന്നി ബെഹനാനും രവിയും ആണെന്ന വാദങ്ങളെ ശരിവെക്കുന്ന വിധത്തിലായിരുന്നു ശബ്ദരേഖ പുറത്തുവന്നത്. ഇതോടെ സോളാർ വിഷയത്തിൽ കോൺഗ്രസ് എ ഗ്രൂപ്പിന്റെ പ്രതിരോധങ്ങൾ ഒന്നൊന്നായി തകരുന്ന അവസ്സ്ഥയാണ് ഉണ്ടായത്. സോളാർ കമ്മീഷനിൽ മൊഴി നൽകാൻ പോകുന്നതിന് മുമ്പായിട്ടായിരുന്നു ഈ സംഭാഷണം നടന്നത്. തമ്പാനൂർ രവിയുടെ സംഭാഷണത്തിന് പുറമേ മറ്റ് കോൺഗ്രസ് നേതാക്കളുടെ മൊഴിയുടെ ശബ്ദരേഖയും കൈവശമുണ്ടെന്നാണ് സരിത കഴിഞ്ഞ ദിവസം പറഞ്ഞത്. തിങ്കളാഴ്‌ച്ച ഈ രേഖകൾ ഹാജരാക്കുമെന്നും സരിത വ്യക്തമാക്കിയതോടെ കോൺഗ്രസ് നേതാക്കൾക്ക് നെഞ്ചിടിപ്പ് കൂടിയിട്ടുണ്ട്.

സരിതയുമായി എന്തൊക്കെ സംസാരിച്ചാൽ തന്നെയും അതൊക്കെ കോൺഗ്രസ് നേതാക്കൾക്ക് തിരിച്ചടിയാകുമെന്ന കാര്യം ഉറപ്പാണ്. എന്തിനാണ് സരിതയുമായി സംസാരിച്ചതെന്ന ചോദ്യം സ്വാഭാവികമായും ഉയരും. കൂടാതെ സോളാർ കമ്മീഷൻ മുമ്പാകെ നിർണ്ണായക തെളിവായി ഇത് മാറുകയും ചെയ്യും. മുഖ്യമന്ത്രിയുടെ മകൻ ചാണ്ടി ഉമ്മനെതിരെ ഉന്നയിച്ച ആരോപണത്തിന് തെളിവായി കോൺഗ്രസ് നേതാവിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നാണ് സരിത എസ് നായർ അഭിപ്രായപ്പെട്ടിരിക്കുന്നത്. പണം തിരികെ ചോദിച്ച് രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിളിച്ചിരുന്നുവെന്നും സരിത മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇതോടെ ഉമ്മൻ ചാണ്ടിയുമായി സംസരിക്കുന്ന ശബ്ദരേഖ ഉണ്ടോ എന്ന സംശയവും ശക്തമാണ്.

മുഖ്യമന്ത്രിയുമായി സംസാരിക്കുന്ന ശബ്ദരേഖ സരിത പുറത്തുവിട്ടില്ലെങ്കിലും ബെന്നിയും രവിയും സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവിടുമെന്ന സൂചനയാണ് സരിത നൽകിയിരിക്കുന്നത്. നാളെ സോളാർ കമ്മീഷന് മുന്നിൽ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തി രേഖകൾ കൈമാറുമെന്നാണ് സരിത പറഞ്ഞിരിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവിയും ബെന്നി ബഹനാനും ആയിരുന്നു തന്റെ ഗോഡ്ഫാദർമാർ എന്നാണ് സരിത കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.

ചാണ്ടി ഉമ്മനെതിരെ ഉന്നയിച്ച ആരോപണങ്ങളുടെപേരിൽ കേസുണ്ടായാൽ തെളിവുകൾ ഹാജരാക്കി നേരിടുമെന്ന് സരിത വെല്ലുവിളിച്ചിട്ടുണ്ട്. ചാണ്ടി ഉമ്മനെതിരെ ഉന്നയിച്ച ആരോപണത്തിന് തെളിവായി കോൺഗ്രസ് നേതാവിന്റെ ശബ്ദരേഖ കൈവശമുണ്ടന്നതാണ് സരിത പറയുന്നത്. ഇത് എ ഗ്രൂപ്പിലെ തന്നെ ഒരു പ്രമുഖന്റേതാണെന്നാണ് സൂചന. സോളാർ കമ്മീഷനിൽ വെളിപ്പെടുത്തൽ നടത്താൻ തീരുമാനിച്ചതിന് ശേഷം കൃത്യമായി തന്നെ സരിത ആസൂത്രണങ്ങൾ നടത്തിയെന്നാണ് അറിയുന്നത്. ആരെയൊക്കെ വിളിച്ചെന്ന് വ്യക്തമാക്കുന്ന ഫോൺ രേഖകളും ശബ്ദരേഖകളും സരിത തെളിവായി നൽകാനാണ് സാധ്യത കൂടുതൽ.

രണ്ടാഴ്‌ച്ചയോളും സമയം ഇങ്ങനെ തെളിവുകൾ ഉണ്ടാക്കാൻ സരിത ശ്രമം നടത്തിയെന്നാണ് അറിയിരുന്നത്. അവരോടെ വെളിപ്പെടുത്തൽ നടത്താൻ നിർബന്ധിച്ചവർ തന്നെയാണ് ഫോൺ സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനുള്ള തന്ത്രങ്ങളും നൽകിയത്. തമ്പാനൂർ രവിയും ബെന്നി ബെഹന്നാനുമാണു വാർത്താ സമ്മേളനങ്ങൾ നടത്താനും പറയാനുള്ള കാര്യങ്ങളും നിർദ്ദേശിച്ചിരുന്നത്. പ്രാതലിനു മുമ്പു താൻ എന്നും ഇവരെ വിളിച്ചിരുന്നു എന്നുമാണ് ഇന്നലെ സരിത പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയടക്കമുള്ള കാര്യങ്ങൾ നിഷേധിക്കുന്ന കാര്യങ്ങൾ തെറ്റാണെന്നു തെളിയിക്കാൻ കഴിയുന്ന തെളിവുകൾ ഡിജിറ്റലായി തന്റെ കൈയിലുണ്ട്. രണ്ടാഴ്ച മുമ്പും മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നു. മുഖ്യമന്ത്രിക്കും തനിക്കും ഇടനിലക്കാരായി നിന്നിരുന്നവരെ വിളിക്കുമ്പോൾ പിന്നീട് വിളിക്കൂ എന്നായിരുന്നു പറയുക. ഫോൺ ചെയ്യുമ്പോൾ രണ്ടു മണിക്കു വിളിക്കാൻ പറയും. രണ്ടിനു വിളിക്കുമ്പോൾ ഏഴിനു വിളിക്കാൻ പറയും. അപ്പോൾ വിളിക്കുമ്പോൾ ഫോണെടുക്കില്ല. ഒമ്പതു മണിയാകും ഫോണെടുക്കാൻ. അപ്പോൾ ഏറെ വൈകിയെന്നും നാളെ വിളിക്കാനും പറയും. ഇങ്ങനെ വലിച്ചുനീട്ടിക്കൊണ്ടുപോയപ്പോഴാണ് മുഖ്യമന്ത്രിയെ വിളിച്ചത്. സെക്രട്ടറി വസുദേവശർമയുടെ ഫോണിലാണ് വിളിച്ചത്. -ഇതായിരുന്നു സരിതയുടെ വെളിപ്പെടുത്തൽ. ഡിജിറ്റൽ രേഖകൾ അവർ പുറത്തുവിട്ടാൽ അത് ഉമ്മൻ ചാണ്ടിയെയും യുഡിഎഫിനെയും കൂടൂതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന കാര്യം ഉറപ്പാണ്.