- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരൊക്കെയാണ് എന്നെ ഉപയോഗിച്ചത് എന്ന് ചൂഷണം ചെയ്തവർക്കറിയാം; പീഡന പരാതികൾ സത്യമെന്ന് സോളാർ കമ്മിഷന് വരെ ബോധ്യമായി; ഉമ്മൻ ചാണ്ടി അടക്കമുള്ളവർക്കെതിരായ പരാതിയിൽ ഈ സർക്കാർ ചെയ്യേണ്ടത് ചെയ്തോ മറ്റുള്ളവർക്ക് ലഭിക്കുന്ന സാധാരണ നീതി പോലും ലഭിച്ചില്ല; സോളാർ കേസുകളുമായി മാക്സിമം സഹകരിച്ചു; അനുഭവങ്ങളുടെ വെളിച്ചത്തിൽ ഒഴിഞ്ഞു നിൽക്കുകയാണ്; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനങ്ങളിൽ സോളാർ വീണ്ടും രാഷ്ട്രീയ വിവാദമാകുമ്പോൾ സരിത എസ് നായർ മറുനാടനോട്
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്തു കേസ് ഇടതു സർക്കാറിനെ പ്രതിരോധത്തിൽ ആക്കുമ്പോൾ ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്തെ സോളാർ കേസുമായുള്ള താരതമ്യങ്ങൾ ഏറെ ഉയരുന്നുണ്ട്. ഇത് സംബന്ധിച്ച ചോദ്യങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനെ വാർത്താസമ്മേളനങ്ങളിൽ ഏറെ പ്രതിരോധത്തിൽ ആക്കുകയും ചെയ്യുന്നുണ്ട്. ഇതോടെ സോളാർ കേസ് ഉദ്ദേശിച്ചുകൊണ്ട് എന്നെ കൊണ്ട് എണ്ണിയെണ്ണി പറയിപ്പിക്കേണോ എന്നതായിരുന്നു മുഖ്യമന്ത്രി ഉന്നയിക്കുന്ന ചോദ്യം. അതേസമയം സോളാർ കമ്മീഷൻ റിപ്പോർട്ടിൽ തുടർ നടപടികൾ സ്വീകരിക്കേണ്ടത് ഈ സർക്കാറാണ്. എന്നിട്ടും എന്തുകൊണ്ടാണ് അതിന് മുതിരാത്തത് എന്ന ചോദ്യവും ഉയരുന്നുണ്ട്.
കഴിഞ്ഞ സർക്കാറിനെ നയിച്ച ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള അതിപ്രഗത്ഭർക്കെതിരെ സോളാർ കേസിലെ പ്രതിസ്ഥാനത്തുണ്ടായിരുന്ന സരിത ഉന്നയിച്ചിരുന്നു. സോളാർ കമ്മീഷൻ റിപ്പോർട്ടിൽ അടക്കം നടപടി കൈക്കൊള്ളേണ്ടത് സർക്കാറാണെന്ന് പറയുന്നു. എന്നിട്ടും കേസുകൾ തേഞ്ഞു മാഞ്ഞു പോകുന്ന ലക്ഷണമാണ് ഉള്ളത്. ഇപ്പോൾ വിഷയം വീണ്ടും വിവാദമാകുമ്പോൾ താൻ ഉന്നയിച്ച ലൈംഗിക പീഡന പരാതികൾ തേഞ്ഞുമാഞ്ഞു പോകുന്ന ലക്ഷണങ്ങൾ കാണുന്നതിൽ സരിതയും അതൃപ്തിയിലാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിനെ അധികാരത്തിൽ നിന്നും തുരത്താൻ ഇടതുമുന്നണിക്ക് കുറുക്കുവഴിയായ ഈ കേസ് പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തിയിട്ടും ഇഴയുകയാണ്. സോളാർ കേസും ബാർ കോഴ കേസുമായിരുന്നു ഇടത് സർക്കാരിനു അധികാരത്തിൽ എത്താനുള്ള തുറുപ്പ് ചീട്ട്. ബാർക്കോഴ കേസ് ഇടത് സർക്കാർ പൂർണമായും കൈവിട്ടപ്പോൾ സരിതയുടെ മൊഴികളുടെ ബലത്തിലും ക്രൈംബ്രാഞ്ച് എഫ്ഐആറിന്റെ ബലത്തിലും ഈ കേസ് നിലനിൽക്കുകയാണ്. പക്ഷെ നടപടികളുമായി മുന്നോട്ടു പോകാൻ ഇടത് സർക്കാരും മടിക്കുകയാണ്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ഹൈബി ഈഡൻ, ബിജെപി നേതാവ് അബ്ദുള്ളക്കുട്ടി, അടൂർ പ്രകാശ് എംപി, എ.പി.അനിൽകുമാർ എന്നിവർക്കെതിരെയാണ് പരാതികൾ നിലനിൽക്കുന്നത്. സോളാർ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിൽ നേതാക്കൾക്കെതിരെ കേസ് എടുത്ത് അന്വേഷണം നടത്തണമെന്നു ശുപാർശ ചെയ്തിരുന്നുവെങ്കിലും സർക്കാർ കേസ് എടുത്തിരുന്നില്ല. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നൽകുകയായിരുന്നു. ഇതിനെ തുടർന്നാണ് 2018 ഒക്ടോബറിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ഹൈബി ഈഡൻ എന്നിവർക്കെതിരെ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്തത്. പരാതിയിൽ കേസുകൾ ചാർജ് ചെയ്യപ്പെട്ടെങ്കിലും അന്വേഷണം ഇഴയുകയാണ്.
ബിജെപി നേതാവ് അബ്ദുള്ളക്കുട്ടിക്കെതിരെ കഴിഞ്ഞ സർക്കാരിന്റെ കാലത്തെടുത്ത കേസും പ്രത്യേക അന്വേഷണസംഘത്തിന് കൈമാറിയിരുന്നു. മന്ത്രിമാരുടെ ഔദ്യോഗിക വസതിയിലടക്കം പീഡനം നടന്നുവെന്നാണ് പരാതിക്കാരിയുടെ മൊഴി. സർക്കാർ രൂപീകരിച്ച രണ്ട് അന്വേഷണസംഘങ്ങളുടെ തലവന്മാരായ രാജേഷ് ദിവാനും അനിൽകാന്തും കേസെടുക്കാൻ കഴിയില്ലെന്ന് സർക്കാരിനെ നേരിട്ട് അറിയിച്ചിരുന്നു. ഇതിനുപിന്നാലെ ഓരോ കേസും ഓരോ അന്വേഷണ ഉദ്യോഗസ്ഥന് നൽകിയായിരുന്നു പുതിയ അന്വേഷണം.
സോളാർ കേസുമായി ബന്ധപ്പെട്ട ലൈംഗിക പീഡന പരാതിയിൽ അന്വേഷണം നടക്കുന്നുണ്ട്. പക്ഷെ ഇഴഞ്ഞു നീങ്ങുകയാണ്-സരിത മറുനാടനോട് പറഞ്ഞു. എന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് മൊഴി എടുത്തിട്ടുണ്ട്. അനിൽകുമാറിന് എതിരായ കേസിൽ നോട്ടീസ് നൽകിയിട്ടുണ്ട്. പക്ഷെ അതിനിടയിൽ ലോക്ക് ഡൗൺ വന്നു. യാത്ര നടത്താൻ കഴിയുന്ന സാഹചര്യമായിരുന്നില്ല മുന്നിൽ. എ.പി.അനിൽകുമാറിന്റെ മൊഴി എടുത്തിട്ടുണ്ട്. പക്ഷെ മൊഴി എടുത്തിട്ടു തന്നെ നാല് വർഷമായി. എനിക്ക് പൊലീസിൽ സമ്മർദ്ദം നടത്താൻ കഴിയില്ല. കോടതിയിൽ വന്നാൽ മാത്രമേ എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയൂ. രണ്ടു കേസുകളിൽ മൊഴി എടുത്തിട്ടുണ്ട്. എ.പി.അബ്ദുള്ളക്കുട്ടിയുടെയും കെ.സി.വേണുഗോപാലിന്റെയും മൊഴി എടുത്തിട്ടുണ്ട്. പൊലീസ് ആണ് നടപടികൾ സ്വീകരിക്കേണ്ടത്. എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഈ കേസുകളിൽ ഞാൻ ചെയ്തിട്ടുണ്ട്. എന്താണ് കേസുകളിൽ സംഭവിക്കുന്നത് എന്ന് ഞാനും ഉറ്റുനോക്കുകയാണ്.
ലൈംഗിക പീഡന പരാതിയിൽ കേസുകൾ ഇഴഞ്ഞു നീങ്ങുന്നതിൽ ഉത്തരം പറയേണ്ടത് സർക്കാരാണ്. സോളാർ കേസിൽ ഞാൻ ഒരുപാട് ഫൈറ്റ് ചെയ്തു എന്ന് എനിക്ക് അറിയാം. ഒരുപാട് കാര്യങ്ങളിൽ അപമാനം സഹിച്ചിട്ടുണ്ട്. എത്രയോ ട്രോളുകൾ വന്നു. നാണം കെട്ടു. അതൊന്നും മൈൻഡ് ചെയ്യാതെ ഫൈറ്റു ചെയ്യുകയായിരുന്നു ഞാൻ. സോളാർ കമ്മിഷൻ റിപ്പോർട്ട് വന്നു. എത്രയോ തവണ സിറ്റിങ് നീണ്ടുപോയി. എല്ലാവർക്കും അറിയാവുന്ന കാര്യമാണിത്. കമ്മിഷൻ റിപ്പോർട്ട് നല്കിയത് സർക്കാരിനാണ്. ഉത്തരം പറയേണ്ടത് സർക്കാരാണ്. എന്റെ ഭാഗത്ത് നിന്നും ഒന്നും ചെയ്യാനില്ല. ചെയ്യാനുണ്ടെങ്കിൽ അത് ചെയ്യുമായിരുന്നു. കാര്യങ്ങൾ കോടതിയിൽ കിടക്കുകയാണ്. കോടതി എന്നെ വിളിച്ചിട്ടില്ല. റേപ്പ് നടന്ന സ്ഥലത്തെ തെളിവുകൾ പൊലീസിനല്ല കോടതിക്കാണ് നൽകേണ്ടത്.
കേസുമായി സഹകരിക്കാൻ കഴിയുന്നതിന്റെ മാക്സിമം ഞാൻ സഹകരിച്ചിട്ടുണ്ട്. ബാക്കി സർക്കാർ ആണ് ചെയ്യേണ്ടത്. സോളാർ ലൈംഗിക പീഡന പരാതിയിൽ സർക്കാർ ചെയ്യേണ്ടത് ചെയ്തോ എന്നാണ് എന്റെ ചോദ്യം. എന്റെ അതൃപ്തി സർക്കാരിനെ അറിയിച്ചോ എന്ന് ചോദിച്ചാൽ സർക്കാരുമായി ഞാൻ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. കഴിഞ്ഞ കാലങ്ങളിലെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ സർക്കാരുമായി ഞാൻ ബന്ധപ്പെട്ടിട്ടില്ല. സർക്കാരുമായി സംസാരിക്കാൻ പോയിട്ടില്ല. എനിക്ക് പൊലീസിനോട് മാത്രമേ കാര്യങ്ങൾ സംസാരിക്കാൻ കഴിയുകയുള്ളൂ. അന്വേഷണ ഉദ്യോഗസ്ഥരോട് ഞാൻ സംസാരിക്കാറുണ്ട്. ഇടതു സർക്കാർ എന്നെ രാഷ്ട്രീയ ആയുധമാക്കി മാറ്റിയോ എന്ന ചോദ്യത്തിനു അങ്ങനെ എനിക്ക് മറുപടി പറയാൻ കഴിയില്ല. രാഷ്ട്രീയമായി ഞാൻ ഇതിനെ നോക്കിക്കാണുന്നില്ല. ഇത് എന്റെ ജീവിതമാണ്. പൊളിറ്റിക്സ് ഓരോ രാഷ്ട്രീയക്കാരുടെയും അജണ്ടയാണ്. അതൊന്നും എനിക്ക് അറിയില്ല. ഞാൻ അതിനെക്കുറിച്ച് ചിന്തിക്കുന്നില്ല. സോളാർ കേസിൽ വലത് പക്ഷം വന്നപ്പോഴും ഇടത് പക്ഷം വന്നപ്പോഴും ഒരുപോലെ ഫൈറ്റ് ചെയ്തയാളാണ് ഞാൻ. എനിക്ക് ഇതിനകത്ത് രാഷ്ട്രീയമില്ല. ആരോക്കെയാണ് സരിതയെ ചൂഷണം ചെയ്തത് എന്ന് അവർക്കും എനിക്കും മാത്രമേ അറിയുകയുള്ളൂ. എനിക്ക് രാഷ്ട്രീയം പറയാൻ താത്പര്യമില്ല. ലൈംഗിക പീഡന പരാതി പരിഹരിച്ചില്ലെങ്കിൽ എല്ലാവർക്കും അതൃപ്തി വരും.
ലൈംഗിക പീഡനകേസുകൾ തേഞ്ഞുമാഞ്ഞുപോകുന്നതിൽ എല്ലാ ഇരകൾക്കും അസ്വസ്ഥതയുണ്ടാക്കും. ആക്ഷേപിക്കുന്ന ആളുകൾക്ക് മുൻപിൽ ഇറങ്ങി നടക്കേണ്ടി വരുന്നുമുണ്ട്. സമയമുണ്ട്. നോക്കാം എന്ന് തന്നെയാണ് ഞാൻ കരുതുന്നത്. എനിക്ക് ചെയ്യാൻ കഴിയുന്ന കാര്യം നോട്ടീസ് കിട്ടിയാൽ പോകുക എന്നത് മാത്രമാണ്. ആദ്യം കൊടുത്ത കേസിൽ ഒന്നും സംഭാവിക്കാതിരുന്നതിനാൽ എനിക്ക് അതൃപ്തിയുണ്ട്. അത് ഒന്നുമാകാതെ രണ്ടാമത്തെ കേസിന് പോകേണ്ടി വരുമ്പോൾ അതിൽ മനസ് മടുപ്പുവരും. അത് ആർക്കായാലും ഉണ്ടാകും. മൊഴി മാത്രം കൊടുത്ത് നടന്നാൽ മതിയോ എന്നാണ് എന്റെ ചിന്ത. കേസിന്റെ ഭാവിയോർത്ത് ആശങ്കയുണ്ട്. സരിത മൊഴി കൊടുക്കാൻ പോകുന്നു എന്ന് പത്രത്തിൽ വാർത്ത വരുന്നു. സരിത ക്രൈംബ്രാഞ്ച് സംഘത്തിനു മുന്നിലെത്തി എന്നൊക്കെ പ്രഹസനമുണ്ടാക്കി എനിക്കൊന്നും നേടാനില്ല. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടുന്നത് കാണുക എന്നതാണ് എനിക്ക് വേണ്ടത്. അവർക്ക് ശിക്ഷ വാങ്ങിച്ചു കൊടുക്കുക എന്നത് മാത്രമാണ് എന്റെ ലക്ഷ്യം. എനിക്ക് നഷ്ടപ്പെട്ടത് ഒന്നും തിരികെ കിട്ടില്ലെന്ന് എനിക്ക് അറിയാം. ലൈംഗിക പീഡനക്കെസുകളിലെ ഇരകൾക്ക് ഒരിക്കലും ഒന്നും തിരിച്ച് കിട്ടാൻ പോകുന്നില്ല. എല്ലാം അനുഭവിക്കേണ്ടി വരുക അവരും അവരുടെ കുടുംബവും മാത്രമാകും. സമൂഹത്തിനു മനസിലാകുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നെങ്കിൽ എന്ന് ഇതൊരു മനുഷ്യനെ പോലെ ഞാനും ആഗ്രഹിക്കുന്നു. അത് സംഭവിക്കാത്തതിൽ അതൃപ്തിയും അസ്വസ്ഥയുമുണ്ട്.
ലൈംഗിക പീഡന കേസുകൾ വരുമ്പോൾ പ്രതികളെ അറസ്റ്റ് ചെയ്യേണ്ടേ അത് ചെയ്തിട്ടില്ലല്ലോ. അത് കഴിഞ്ഞാലല്ലേ കുറ്റപത്രം വരുകയുള്ളൂ. ഇവിടെ ആരെയും അറസ്റ്റ് ചെയ്യുക പോലും ചെയ്തിട്ടില്ല. സാധാരണ സ്ത്രീ പീഡന കേസിൽ സംഭവിക്കുന്നത് പോലും സോളാർ ലൈംഗിക പീഡന പരാതിയിൽ സംഭവിച്ചിട്ടില്ല. അതാണ് സത്യം. അപ്പുറത്തെ വീട്ടിൽ ഒളിഞ്ഞു നോക്കി എന്ന് ഒരു പെണ്ണ് പരാതി കൊടുത്താൽ പ്രതിയെ പൊലീസ് തൂക്കിയെടുത്തുകൊണ്ട് പോകും. അങ്ങനെ കേസ് എടുക്കുന്ന കാലമാണ്. ഇവിടെ പരാതിക്കാരി പരാതി കൊടുത്തു. മൊഴി കൊടുത്തു. അങ്ങനെ എന്തെല്ലാം കാര്യങ്ങൾ ചെയ്തു. ലൈംഗിക പീഡനം നടന്നുവെന്ന് സോളാർ കമ്മിഷന് വരെ ബോധ്യമായി. കമ്മിഷൻ കേസ് എടുക്കണം എന്ന് പറഞ്ഞു ശുപാർശ നൽകിയതുമാണ്. ആ ശുപാർശയിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതുമാണ്. പക്ഷെ എന്റെ പരാതിയിൽ നീതി അനന്തമായി നീണ്ടു പോകും എന്നൊന്നും കരുതുന്നില്ല. പക്ഷെ ഞാൻ കാത്തിരിക്കുകയാണ്. ഇതാണ് തത്കാലം എന്റെ മുന്നിലുള്ള വഴി- സോളാർ കേസിലെ വിവാദ നായിക പറയുന്നു.
സോളാർ കേസിൽ മുഖ്യപ്രതി നൽകിയ പരാതിയിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുമ്പോഴും തനിക്ക് എതിരായ കേസുകൾ യുവതി ഒത്തുതീർത്തുകൊണ്ടിരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. വിവിധ കോടതികളിൽ ഉണ്ടായിരുന്ന പതിനാറിലധികം കേസുകൾ ഇതിനകം പണം നൽകി ഒത്തുതീർപ്പിലേക്കെത്തിച്ചിട്ടുണ്ട് എന്ന വിവരമാണ് ഇപ്പോൾ വെളിയിൽ വന്നത്. ടീം സോളാർ നടത്തിയ തട്ടിപ്പിന്റെ പേരിൽ 2013 ജൂണിലാണ് യുവതി അറസ്റ്റിലാകുന്നത്. ജൂൺ പതിനേഴിന് കൂട്ട് പ്രതി ബിജു രാധാകൃഷ്ണനും അറസ്റ്റിലായി. യുവതിയുടെ ഫോൺ വിളികൾ പുറത്ത് വന്നപ്പോഴാണ് ലൈംഗിക പീഡന പരാതികൾ കൂടി ഒന്നൊന്നായി പുറത്ത് വന്നു തുടങ്ങുന്നത്. 2013 ഓഗസ്റ്റിൽ യുവതിയേയും യേയും ബിജു രാധാകൃഷ്ണനേയും എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ താൻ ബലാത്സംഗം ചെയ്യപ്പെട്ടതായുള്ള മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്താതിരുന്നത് പിന്നീട് വിവാദമായിരുന്നു.
പിന്നീട് കേസിൽ സോളാർ കമ്മിഷൻ അന്വേഷണം വന്നു. കമ്മിഷൻ ലൈംഗിക പീഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണം എന്നു പറഞ്ഞാണ് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ടിൽ പിണറായി സർക്കാർ നടപടിയെടുത്തില്ലെങ്കിലും യുവതി നേരിട്ട് പരാതി തന്നെ മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ നേരിട്ട് വന്നതോടെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മന്ത്രിമാരും ഉൾപ്പെട്ട ലൈംഗിക പീഡന പരാതിയെക്കുറിച്ച് സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. ആ അന്വേഷണമാണ് ഇപ്പോഴും ഇഴഞ്ഞു നീങ്ങുന്നത്.
മറുനാടന് മലയാളി സീനിയര് സബ് എഡിറ്റര്.