തിരുവനന്തപുരം: സോളാർ തട്ടിപ്പിലെ പ്രധാന പ്രതിയായ സരിതാ നായർ മറുനാടൻ മലയാളിക്കെതിരെ ഭീഷണിയുമായി രംഗത്ത്. മാദ്ധ്യമ പ്രവർത്തകരെ ഫോൺ വിളിച്ച് അവരുമായി നല്ല ബന്ധം പുലർത്തി ഇമേജ് വർദ്ധിപ്പിക്കുന്ന ശ്രമം ശക്തമായി നടപ്പിലാക്കുന്നതിനിടയിൽ സരിതയുടെ തനിനിറം വ്യക്തമാക്കുന്ന ഒന്നിലധികം വാർത്തകൾ പ്രസിദ്ധീകരിച്ചതാണ് പ്രകോപിപ്പിച്ചത്. ഡെവിൾഡ് അഡ്വക്കേറ്റ് എന്ന കോളത്തിൽ മാധവദാസ് എഴുതിയ ലേഖനമായിരുന്നു സരിതയെ ആദ്യം ക്ഷോഭിപ്പിച്ചത്. അന്നും ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയിരുന്നു. ഒരു കൂട്ടം മാദ്ധ്യമപ്രവർത്തകർ കെട്ടിച്ചമച്ച സരിതയുടെ വ്യാജ ഇമേജ് തകർക്കുന്ന തരത്തിൽ വേറെയും വാർത്തകൾ വന്നതോടെയാണ് സരിത കൊലവിളിയുമായി രംഗത്തെത്തിയത്.

സരിതയുടെ വാട്ട്‌സാപ്പ് ദൃശ്യങ്ങൾ പുറത്ത് വന്നതിന്റെ പിന്നിൽ ഉന്നതനായ ഒരാളുടെ മകന്റെ വിവാഹം മുടക്കാനുള്ള ഗൂഢാലോചനയായിരുന്നു എന്ന വാർത്തയാണ് ഏറ്റവും ഒടുവിൽ സരിതയെ പ്രകോപിപ്പിച്ചത്. ഇന്ന് രാവിലെ ഒട്ടേറെ തവണ സരിത മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയുടെ ഫോണിലേക്ക് വിളിച്ചിരുന്നു. പിന്നീട് കർണ്ണാടകയിലെ അത്താണിയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ബിനു എന്നയാളുടെ പേരിൽ ഉള്ള ഫോണിൽ നിന്ന് വിളിച്ച് അൽപ്പം മുമ്പ് കടുത്ത ഭീഷണി മുഴക്കുകയായിരുന്നു. അലറിവിളിച്ചുകൊണ്ട് സരിത നടത്തിയ ഭീഷണിയിൽ മറുനാടൻ മലയാളി പൂട്ടിക്കുമെന്ന് പലതവണ ഭീഷണി മുഴക്കി.

എടാ വാടാ എന്നു വിളിച്ചു തുടങ്ങി തുടർച്ചയായി അസഭ്യ പദങ്ങൾ ഉപയോഗിച്ച് പുലഭ്യം വിളിച്ചാണ് സരിത ഫോൺ സംഭാഷണം അവസാനിപ്പിച്ചത്. 'എനിക്കെതിരെയുള്ള എല്ലാ കേസിനേക്കാളും പ്രധാനം ഞാൻ നിന്നെ പൂട്ടിക്കാൻ കൊടുക്കും. എന്റെ ബന്ധങ്ങൾ നിനക്കറിയാത്തതുകൊണ്ടാണ്. നീ പത്രത്തിൽ കാണുന്ന ആളല്ല ശരിക്കുള്ള സരിത. നിന്റെ പത്രം പൂട്ടിക്കാൻ എനിക്ക് നിമിഷനേരം മതി. മാന്യമായി ജീവിക്കുന്ന സ്ത്രീകളെക്കുറിച്ച് നിനക്ക് ഇങ്ങനെയൊന്നും എഴുതാൻ നാണമില്ലേടാ? - പുലഭ്യം വിളിയോടെ സരിതയുടെ കൊലവിളി തുടർന്നു.

പലതവണ ഫോൺകട്ട് ചെയ്‌തെങ്കിലും പല നമ്പറുകളിൽ നിന്നാണ് സരിത മാറി മാറി വിളിച്ചത്. അർജ്ജുൻ നായർ എന്നയാൾ ഉപയോഗിക്കുന്ന ഫോണിൽ നിന്നായിരുന്നു ആദ്യം വിളിച്ചത്. ഈ ഫോണാണ് സരിത സാധാരണ ഉപയോഗിക്കുന്നത്. പിന്നീടാണ് കർണ്ണാടകയിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ബിനുവിന്റെ നമ്പറിൽ നിന്ന് വളിച്ചത്. കൂടാതെ മറ്റൊരു നമ്പറിൽ നിന്നും സരിതയുടെ ഫോൺവിളി ഉണ്ടായി.

മലയാളിയുടെ അടിച്ചമർത്തപ്പെട്ട ലൈംഗിക അഭിനിവേശം മുതലാക്കിയാണ് സരിത വളർന്നതെന്നും അത് തന്നെയാണ് സരിത രാഷ്ട്രീയക്കാരെയും ഉദ്യോഗസ്ഥരേയും കീഴടക്കാൻ ഉപയോഗിച്ചതെന്നും ആയിരുന്നു മാധവദാസിന്റെ ലേഖനത്തിൽ പറഞ്ഞ് വച്ചത്. വാട്ട്‌സാപ്പ് ദൃശ്യങ്ങൾ സരിത സ്വയം പുറത്തു വിട്ടതാകാൻ സാധ്യതയുണ്ടെന്നും അതിന്റെ പിന്നിൽ ഒരു ഉന്നതന്റെ വിവാഹം മുടങ്ങുകയായിരുന്നു എന്നുമായിരുന്നു ഇന്നലെ വിശ്വസനീയമായ സോഴ്‌സുകളിൽ നിന്നും ലഭിച്ച വാർത്തയിലൂടെ മറുനാടൻ റിപ്പോർട്ട് ചെയ്തത്. ബ്ലാക്ക്‌മെയിൽ കച്ചവടത്തിന് സ്വരുക്കൂട്ടി വച്ചിരുന്ന ഒരു കൃത്യമായ വിവരം ചോർന്നതിലുള്ള ധാർമ്മിക രോഷമായിരുന്നു സരിതയുടെ വാക്കുകളിൽ നിറയെ.

കൃത്യമായി മാദ്ധ്യമങ്ങളെ ഉപയോഗിച്ച് വേണ്ടപ്പോൾ വേണ്ടത് മാത്രം പറഞ്ഞ് നേടിയെടുത്ത ഇമേജ് മറുനാടൻ റിപ്പോർട്ടിലൂടെ തകരുമോ എന്ന ഭയമാണ് സരിതയെ ക്ഷോഭിപ്പിക്കുന്നത്. മിക്കയിടങ്ങളിലേയും മാദ്ധ്യമ പ്രവർത്തകരുമായി നല്ല ബന്ധം നിലനിർത്തി ഓരോ സമയത്തും ഓരോ കാര്യങ്ങൾ മാത്രം പറഞ്ഞുമാണ് സരിത ഇമേജ് വർദ്ധിപ്പിച്ചത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു സരിത ഏഷ്യാനെറ്റിലെ റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. മംഗളം ആഴ്ചപ്പതിപ്പിന്റെ കവർ പടമായും സരിത വന്നിരുന്നു. ഇങ്ങനെ കൃത്യമായി കാര്യങ്ങൾ നേടുന്നതിനിടയിൽ സത്യത്തിന്റെ മുഖം പുറത്ത് കാണുന്നുവോ എന്ന ഭയമാണ് സരിതയെ ആശങ്കപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.

സരിതയെ പ്രകോപിപ്പിച്ച നാല് റിപ്പോർട്ടുകളാണ് ചുവടെ കൊടുത്തിരിക്കുന്നത്.