തിരുവനന്തപുരം: സോളാർ കേസിൽ ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും പ്രമുഖ കോൺഗ്രസ് നേതാക്കൾക്കും എതിരെ ശക്തമായ ബഹുമുഖ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് പിണറായി സർക്കാർ. ഇതോടെ വൻ പ്രതിരോധത്തിലായി കോൺഗ്രസ്. മുൻനിര നേതാക്കൾക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും സർക്കാർ ഖജനാവിന് സോളാർ അഴിമതിയിലൂടെ ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതിരോധവുമായി കോൺഗ്രസ് രംഗത്തെത്തുന്നത്.

സോളാർ വിഷയത്തിൽ ആദ്യം കേസുകൾ ഉണ്ടായ കാലത്ത് മുഖ്യമന്ത്രിക്ക് എതിരെയോ മറ്റ് കോൺഗ്രസ് നേതാക്കൾക്ക് എതിരെയോ യാതൊരു ആരോപണവും ഉന്നയിക്കപ്പെട്ടിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വൻ അഴിമതിയാണ് നടക്കുന്നതെന്ന് ചൂണ്ടിക്കാട്ടി, കേസുകൾ ഉണ്ടായിത്തുടങ്ങിയ 2013 കാലഘട്ടത്തിൽ സി.പി.എം വിഷയം ശക്തമായി ഉന്നയിച്ചു തുടങ്ങി. ആദ്യം ചെറിയരീതിയിൽ തുടങ്ങിയ സമരമാണ് പിന്നീട് സെക്രട്ടേറിയറ്റ് വളഞ്ഞുള്ള എൽഡിഎഫിന്റെ അനിശ്ചിതകാല രാപ്പകൽ സമരമായി മാറി. സമരം ഒത്തുതീർക്കുന്നതിന്റെ ഭാഗമായി ഉമ്മൻ ചാണ്ടി സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു.

ഇക്കാലത്തെല്ലാം സരിതയ്ക്കും കമ്പനിയായ ടീം സോളാറിനും എതിരെ സംസ്ഥാനത്ത് പലയിടത്തും നിന്ന് കോടികളുടെ സോളാർ തട്ടിപ്പുകേസുകൾ വന്നുകൊണ്ടിരുന്നു. ആ സമയത്തൊന്നും ഒരു നേതാവിനെതിരെയും പ്രതികരിച്ചിരുന്നില്ല സരിത. മാത്രമല്ല, സോളാർ അഴിമതി ആരോപണത്തിൽ ശക്തമായി അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തുന്ന സിപിഎമ്മിന് എതിരെയായിരുന്നു അക്കാലത്ത് സരിതയുടെ ആരോപണങ്ങൾ എന്നതാണ് ഇതിലൊരു വിരോധാഭാസം.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്ത് കെസി വേണുഗോപാലിനെതിരെ തെളിവുകൾ പുറത്തുവിടാൻ ആവശ്യപ്പെട്ട് സി.പി.എം നേതാക്കൾ തന്നെ സമീപിച്ചതായും ഇതിന് കോടികൾ വാഗ്ദാനം ചെയ്തതായും സരിത അന്ന് ചാനലുകളോട് വെളിപ്പെടുത്തിയിരുന്നു. സോളാർ കേസുകൾ ഉണ്ടായിത്തുടങ്ങിയ കാലത്ത് സിപിഎമ്മിനെ ആരോപണങ്ങളുമായി നിന്ന സരിതയിൽ നിന്ന് പിന്നീട് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ ലൈംഗിക ആരോപണം വരെ ഉന്നയിച്ച സരിതയിലേക്ക് എത്തുന്ന കാലത്തിനിടയ്ക്ക് സോളാറിലെ വിവാദ നായിക നിരവധി തവണ പറഞ്ഞ കാര്യങ്ങൾ മാറ്റിപ്പറഞ്ഞു.

ചാനലുകളിലും പത്രങ്ങളിലുമെല്ലാം അഭിമുഖങ്ങളിൽ ഉമ്മൻ ചാണ്ടി തനിക്ക് അച്ഛനെ പോലെ ആണെന്ന് വരെ പറഞ്ഞ സരിതയുടെ വാക്കുകൾ ഇപ്പോൾ അദ്ദേഹത്തിന് എതിരെയുള്ള മൊഴികളായി മാറിയിരിക്കുന്നു. ഇത്തരത്തിൽ തോന്നുമ്പോഴെല്ലാം കാര്യങ്ങൾ മാറ്റിപ്പറയുന്ന സരിതയുടെ വാക്കുകൾ അടിസ്ഥാനമാക്കി ഉമ്മൻ ചാണ്ടിയുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾക്കെതിരെ സി.പി.എം നീങ്ങുന്നതിന്റെ ഔചിത്യമാണ് ഇപ്പോൾ പലരും ചോദ്യം ചെയ്യുന്നത്. സൈബർ ലോകത്ത് കോൺഗ്രസ് അനുകൂലികൾ ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന് വേണ്ടി പ്രതിരോധം തീർക്കുന്നതും. ഇതോടെ സോഷ്യൽ മീഡിയയിൽ പുതിയ സോളാർ കേസുകളിലെ ഔചിത്യവും അനൗചിത്യവും ചർച്ചയാവുകയും ചെയ്യുന്നു.

സോളാർ വിഷയങ്ങളിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണം ഉന്നയിച്ചാൽ വൻതുക നൽകാമെന്ന് സി.പി.എം വാഗ്ദാനം ചെയതതായ സരിതയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച വീഡിയോയും ഉമ്മൻ ചാണ്ടിയെപ്പോലെ നല്ലൊരു മനുഷ്യനെ താൻ കണ്ടിട്ടില്ലെന്ന് വ്യക്തമാക്കി അദ്ദേഹത്തെ പിതൃതുല്യനെന്ന് വിശേഷിപ്പിച്ച് സരിത നടത്തുന്ന അഭിപ്രായപ്രകടനവും എല്ലാം വീണ്ടും വലിയതോതിൽ ചർച്ചയാവുകയാണ് സോഷ്യൽ മീഡിയയിൽ. മാത്രമല്ല, സരിതയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കുമ്പോൾ മുമ്പ് ഇത്തരത്തിൽ നടത്തിയ തുറന്നുപറച്ചിലുകളുടെ പേരിൽ സിപിഎമ്മിന് എതിരെയും അന്വേഷണം നടത്തുമോ എന്ന ചോദ്യമുയർത്തുകയാണ് കോൺഗ്രസ്സുകാർ.

കൈരളി റിപ്പോർട്ടർ വഴി സിപിഎമ്മിന്റ കോടികളുടെ ഓഫർ

കൈരളി ചാനൽ റിപ്പോർട്ടർ മുഖേന കോടികളുടെ ഓഫറാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണം ഉന്നയിക്കാനായി സി.പി.എം നൽകിയതെന്നാണ് ജയ്ഹിന്ദ് ടിവിയിലൂടെ സരിത വെളിപ്പെടുത്തുന്നത്. അട്ടക്കുളങ്ങര ജയിലിൽ ആയിരുന്നപ്പോഴാണ് ഈ ഓഫർ വന്നതെന്ന് സരിത വ്യക്തമാക്കുന്നു. സർക്കാരിനെതിരായ ആരോപണങ്ങൾ പുറത്തുപറഞ്ഞാൽ പത്തുകോടി നൽകാമെന്നായിരുന്നു ഓഫർ. ആദ്യം അഞ്ചുകോടിയാണ് പറഞ്ഞത്. പിന്നീടത് പത്തുകോടിയായി.

പിന്നീട് ഇ പി ജയരാജൻ തന്നെ ഓഫറുമായി എത്തിയെന്നും സരിത പറയുന്നു. സരിതയുടെ അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണനെ സമീപിക്കുകയും ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചാൽ വേണ്ടത്ര പണം തരാമെന്ന് പറയുകയും ചെയ്തുവെന്നാണ് ആരോപണം. മാത്രമല്ല, കേസുകൾ തീർക്കാൻ സഹായിക്കാമെന്ന വാഗ്ദാനവും ഉണ്ടായി. ഗവൺമെന്റിന് ഒരു രൂപപോലും നഷ്ടംവരുത്താത്ത കേസിൽ ഗവൺമെന്റിനെതിരെ സമരം കൊണ്ടുവന്ന വ്യക്തിയുടെ വാഗ്ദാനം ആയതിനാൽ തന്നെ സ്വീകരിച്ചില്ലെന്ന വാദമാണ് സരിത ഉയർത്തുന്നത്.

ആരോപണം കൊണ്ടുവന്നവർതന്നെ അത് ഇല്ലാതാക്കാം എന്ന് പറയുന്നത് ഉൾക്കൊള്ളാനായില്ല എന്നാണ് സരിത അന്ന് ന്യായീകരണമായി പറയുന്നത്. പിന്നീട് സജി ചെറിയാനും സമീപിച്ചു. കെസി വേണുഗോപാലിനെ പറ്റി മോശമായി പറയുകയാണെങ്കിൽ വേണ്ടതു ചെയ്യാമെന്നായിരുന്നു വാഗ്ദാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അവരുടെ സ്ഥാനാർത്ഥിയെ ജയിപ്പിക്കാൻ കെസിക്കെതിരെ പറയാനാണ് ആവശ്യപ്പെട്ടത്. പിന്നീട് ഭരണം അ്ട്ടിമാറിക്കാനായി വീണ്ടും സമീപിച്ചു. നേരത്തെ പറഞ്ഞ ഓഫറുകൾ ഇപ്പോഴും നിലനിൽക്കുന്നുവെന്നാണ് പറഞ്ഞത്. താൽപര്യമില്ലാത്തതിനാൽ അന്ന് പ്രതികരിച്ചില്ലെന്നും ഈ വാഗ്ദാനങ്ങൾ താൻ റെക്കോഡ് ചെയ്ത് സൂക്ഷിച്ചിട്ടുണ്ടെന്നും സരിത ജയ്ഹിന്ദ് ന്യൂസിനോട് വ്യക്തമാക്കുന്നു.

ഈ വീഡിയോയാണ് ഇപ്പോൾ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ബിജു രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിക്കും സരിതയ്ക്കും ഇടയിൽ വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നു എന്ന ആരോപണം ഉന്നയിച്ചപ്പോഴാണ് സരിത ഉമ്മൻ ചാണ്ടി തനിക്ക് പിതൃതുല്യനാണെന്നും ഇത്തരത്തിൽ മോശം പ്രചരണം നടത്തിയ ബിജുവിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി രംഗത്തെത്തുന്നത്. ഇത്തരത്തിൽ മുമ്പ് സരിത നടത്തിയ അഭിപ്രായ പ്രകടനങ്ങളുമായി ഇപ്പോഴത്തെ ആരോപണങ്ങളെയും കേസെടുക്കലിനേയും പ്രതിരോധിക്കുകയാണ് കോൺഗ്രസ്സുകാർ.