തിരുവനന്തപുരം: ജയിലിൽ സരിതാ എസ് നായർ എഴുതിയ കത്തിൽ മുഖ്യമന്ത്രിക്കെതിരായ ലൈംഗിക പീഡനമുണ്ടായിരുന്നോ? ഇപ്പോൾ പുറത്തു വന്ന കത്ത ഒർജിനലാണെന്ന് സരിത പറയുന്നു. ഇത് പുറത്തുവിട്ടത് താനാണെന്നും ഗണേശ് കുമാറിനെ തല്ലിയതും മറ്റാരുമല്ലെന്നും ബിജു രാധാകൃഷ്ണനും പറഞ്ഞു. ഇതോടെ കത്തിനെ കുറിച്ചു പോലും സംശയമായി. ഗണേശിനെ തല്ലിയത് ബിജുവല്ലെന്നതായിരുന്നു ഇതിന് കാരണം. അങ്ങനെ സരിതയുടെ കത്ത് വ്യാജമാണെന്ന പ്രചരണം ശക്തമായി. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഉണ്ടാക്കിയതാണെന്ന് ഫെനി ബാലകൃഷ്ണനും പറഞ്ഞു. ഇതോടെ വിശദീകരണവുമായി സരിത നേരിട്ട് രംഗത്ത് വന്നു.

താനെഴുതിയ കത്തിൽ പരാമർശിക്കുന്നവർ ഉൾപ്പെടെയുള്ളവരുമായി ബന്ധമുള്ള 41 മിനിട്ട് വീഡിയോ ദൃശ്യങ്ങൾ ഉടൻ പുറത്തുവിടുമെന്ന് സരിതാ എസ്. നായർ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുള്ള കത്ത് വ്യാജമാണെന്ന് അഭിഭാഷകൻ ഫെനി ബാലകൃഷ്ണന്റെ മൊഴി വസ്തുതാവിരുദ്ധമാണ്. താനെഴുതിയ കത്താണ് പുറത്തുവന്നത്. ഇത് തെളിയിക്കാൻ ഫോറൻസിക് പരിശോധനയ്ക്ക് താൻ തയ്യാറാണ്. എഴുതിയത് സത്യമാണെന്ന് തെളിയിക്കാനാണ് വീഡിയോ ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ പുറത്തുവിടുന്നത്. നുണപരിശോധനയ്ക്ക് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തയ്യാറാവണമെന്നും സരിത പറഞ്ഞു.

വൻ സാമ്പത്തിക ശക്തികളുമായി ചേർന്ന് താൻ ഗൂഢാലോചന നടത്തിയെങ്കിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കട്ടെ. അന്വേഷണവുമായി താൻ സഹകരിക്കും. അന്വേഷണമുണ്ടെങ്കിലേ ബാക്കി തെളിവുകൾ കൂടി പുറത്തുവരൂ. തിരഞ്ഞെടുപ്പ് സമയത്ത് കത്ത് പുറത്തുവിടാൻ ആഗ്രഹിച്ചിരുന്നില്ല. താനല്ല കത്ത് പുറത്തുവിട്ടത്. നിർഭാഗ്യവശാൽ മറ്റേതോ മാർഗത്തിൽ കത്ത് പുറത്താവുകയായിരുന്നു. ഇതിന്റെ പകർപ്പുകൾ പലരുടെയും കൈയിലുണ്ടാവും. ജയിലിലാവും മുൻപ് നിരവധി തെളിവുകൾ സൂക്ഷിക്കാൻ ചിലരെ ഏൽപ്പിച്ചിരുന്നു. താൻ ജയിലിലായിരുന്നപ്പോൾ ബെന്നി ബഹനാനും കൂട്ടരും ഫെനിക്ക് 80ലക്ഷം നൽകിയിരുന്നുവെന്ന് സരിത ആരോപിച്ചു. കേരളത്തിലെ അന്വേഷണ ഏജൻസികളെ തനിക്ക് വിശ്വാസമില്ലെന്നും സരിത പറഞ്ഞു.

അതായത് ഈ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിനെ പ്രതിക്കൂട്ടിൽ നിർത്താൻ ഇനിയും തെളിവ് വരുമെന്നാണ് സരിത പറയുന്നത്. ഇതിന്റെ സൂചനകളാണ് ഇന്നലെ സരിത നൽകുന്നത്. ഇതോടെ കോൺഗ്രസും കരുതലിലായി. സരിതയുടെ ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തരായ തമ്പാനൂർ രവിക്കും ബെന്നി ബെഹന്നാനും അടക്കമുള്ളവർക്ക് സീറ്റ് നഷ്ടമായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ഇടതുപക്ഷത്തിന് കാര്യങ്ങൾ അനുകൂലമാക്കാനാണ് ശ്രമമെന്നാണ് വിലയിരുത്തൽ. അതിനിടെ സോളാർ കമ്മീഷനിൽ ഇനി തെളിവ് നൽകില്ലെന്ന് സരിത വ്യക്തമാക്കിയിട്ടുണ്ട്. ഇത് ആശ്വാസത്തിന് വക നൽകുന്നതല്ലെന്ന സൂചനയാണ ്‌സരിത നൽകുന്നതെന്ന് കോൺഗ്രസ് വിലയിരുത്തുന്നു.

ശ്രീധരൻനായരും താനും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യത്തെളിവുണ്ടെന്ന് സരിത പറഞ്ഞിരുന്നു. ഇത് പുറത്തുവിടാനാണ് സരിത ഒരുങ്ങുന്നതെന്നാണ് സൂചന. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ചു കൊണ്ടുള്ള കത്തിന് പിന്നിൽ ഗണേശ് കുമാറെന്ന് സരിതയുടെ മുൻ ഭിഭാഷകൻ ഫെനി ബാലകൃഷ്ണൻ പറഞ്ഞിരുന്നു ഇപ്പോൾ പുറത്തുവിട്ട കത്തിൽ മുമ്പില്ലാത്ത പലകാര്യങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ടെന്ന് ഫെനി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ഇപ്പോൾ ഉന്നയിക്കുന്ന ലൈംഗികാരോപണം യാഥാർത്ഥ കത്തിൽ ഉണ്ടായിരുന്നില്ലെന്നും ഫെനി വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് വിവാദ വിഡിയോ പുറത്തുവിടുമെന്ന് വ്യക്തമാക്കി സരിത എത്തിയത്.

ഫെനി ബാലകൃഷ്ണന്റെ വെളിപ്പെടുത്തലോടെ സരിതയുടെ പുതിയ കത്ത് രണ്ടാം പതിപ്പാണെന്ന മുഖ്യമന്ത്രിയുടെ വാദമാണ് ശക്തികൂടുന്നത്. സർക്കാരിനെ താഴെയിറക്കാൻ ശ്രമിക്കുന്ന വലിയ ലോബിയാണ് ഇപ്പോൾ വിവാദത്തിനു പിന്നിലെന്നും ബാറുടമകളുടെ പേരെടുത്തു പറയാതെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഫെനിബാലകൃഷ്ണന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പുതിയ കത്ത് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കുന്നതും ആലോചനയിലുണ്ട്. നേരത്തെ കത്ത് പുറത്തുവിട്ടത് താനാണെന്ന് ബിജു രാധാകൃഷ്ണനും അവകാശ വാദം ഉന്നയിച്ചിരുന്നു. ഗണേശ് കുമാറിനെ തല്ലിയത് താനാണെന്നും പറഞ്ഞിരുന്നു. എന്നാൽ ഗണേശ് കുമാറിനെ തല്ലിയത് ഒരു കോൺഗ്രസ് നേതാവാണെന്നാണ് സൂചന. ഇത് പുറത്തായതോടെ ബിജു രാധാകൃഷ്ണന്റെ വാദങ്ങൾ പൊളിഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ഏഷ്യാനെറ്റാണ് സരിതയുടേതെന്ന പേരിൽ കത്ത് പുറത്തു വിട്ടത്. 2013 ജൂലൈയിൽ പെരുമ്പാവൂർ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ താൻ എഴുതിയ കുറിപ്പാണിതെന്നു ചാനൽ അഭിമുഖത്തിൽ സരിതയും അറിയിച്ചു. മന്ത്രിമാരായ എ. പി. അനിൽകുമാർ, അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദ്, എംപിമാരായ കെ. സി. വേണുഗോപാൽ, ജോസ് കെ. മാണി, ഹൈബി ഈഡൻ എംഎൽഎ, എ. പി. അബ്ദുല്ലക്കുട്ടി എംഎൽഎ, ബഷീറലി തങ്ങൾ, കെപിസിസി സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, എഡിജിപി കെ. പത്മകുമാർ എന്നിവരുടെ പേരുകളും കത്തിലുണ്ടെന്നാണു വെളിപ്പെടുത്തൽ.

ഇപ്പോൾ ഇത്തരത്തിൽ ഒരു കത്ത് വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സാധ്യതകൾ ഇല്ലാതാക്കാനുള്ള നീക്കമാണിത്. രാഷ്ട്രീയമായി യു.ഡി.എഫിനെ തോൽപിക്കണമെന്ന് ആഗ്രഹിക്കുന്ന വൻ സാമ്പത്തിക ശക്തിക്ക് ഇതുമായി ബന്ധമുണ്ട്. യു.ഡി.എഫ് സർക്കാറിന്റെ നടപടി കൊണ്ട് നഷ്ടം വന്ന മദ്യലോബികളും അധികാരത്തിലേറാൻ കഴിയുമെന്ന് കരുതുന്ന പ്രതിപക്ഷവും ഗൂഢാലോചനക്ക് പിന്നിലുണ്ടെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചിരുന്നു.