പത്തനംതിട്ട: സോളാർ കേസിൽ പരാതിക്കാർക്കു പണം മടക്കി നൽകി സരിത എസ്. നായർ കോടതിക്കു പുറത്ത് കേസുകൾ ഒത്തു തീർപ്പാക്കുന്നത് രാഷ്ട്രീയ മോഹങ്ങളുമായെന്ന് സൂചന. കേസുകൾ ഒതുക്കി ഇമേജ് കൂട്ടിയാൽ സരിതയ്ക്ക് വോട്ട് കിട്ടുമെന്നാണ്രേത വിലയിരുത്തൽ. ഏതെങ്കിലും ചെറു രാഷ്ട്രീയ പാർട്ടിയുടെ ഭാഗമായി മുന്നണി സംവിധാനത്തിൽ കടക്കാനാണ് നീക്കം. സരിതാ എസ് നായരുടെ കുതതന്ത്രങ്ങളിലും ശ്രംഗാരത്തിലും ചില മാദ്ധ്യമ പ്രവർത്തകരും വീണിട്ടുണ്ട്. ഇവരെ ഉപയോഗിച്ച് ഇമേജ് കൂട്ടാനാണ് നീക്കം. അതിന് ശേഷമാകും സരിതയുടെ രാഷ്ട്രീയ പ്രവേശം. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് എല്ലാം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് സോളാർ കേസിലെ പ്രതി.

ഇതിന്റെ ഭാഗമായാണ് കേസുകൾ എല്ലാം ഒത്തു തീർപ്പാക്കുന്നത്. ഇനി കോന്നിയിലെ മല്ലേലിൽ ക്രഷർ യൂണിറ്റ് ഉടമ ശ്രീധരൻ നായർ നൽകിയ കേസും ആറന്മുള സ്‌റ്റേഷനിൽ ബാബുരാജ് നൽകിയ കേസും മാത്രമാണ് ഒത്തുതീർപ്പാക്കാനുള്ളത്. സോളാർ തട്ടിപ്പ് കേസായി മാറിയതാണ് ഇതിന് അവസരമൊരുക്കിയത്. ലക്ഷങ്ങൾ നൽകുന്നതും സരിത പേര് വിളിച്ചു പറയുമെന്ന ഭയക്കുന്ന രാഷ്ട്രീയക്കാർ തന്നെയാണ്. രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് പണം കിട്ടാനുള്ളവരെ സരിതയ്ക്ക് അനുകൂലമാക്കുന്നതും നേതാക്കൾ തന്നെ. തദ്ദേശ തെരഞ്ഞെടുപ്പിൽ സരിത മത്സരിക്കുമോ എന്നതാണ് ഇനി പ്രധാനം. ഇമേജുയർത്താൻ സീരിയൽ അഭിനയം ഉൾപ്പെടെയുള്ളവ പദ്ധതിയിലുണ്ട്.

ചില ചാനലുകുളിൽ പതിവായി സരിത പ്രത്യക്ഷപ്പെടുന്നതും ഇതിന്റെ ഭാഗമാണ്. ചില മാദ്ധ്യമ പ്രവർത്തകരുടെ ഒത്താശയുമുണ്ട്. തനിക്ക് വരുന്ന ഫോൺ കോളുകൾ മുഴുവൻ റിക്കോർഡ് ചെയ്യുന്ന സ്വഭാവവും സരിതയ്ക്കുണ്ട്. കൊച്ചു വർത്തമാനങ്ങളിൽ കുടുങ്ങിയ ചില മാദ്ധ്യമ പ്രവർത്തകർക്ക് സരിതയെ കൈവിടാൻ കഴിയാത്ത സാഹചര്യമുണ്ട്. അതുകൊണ്ട് തന്നെ രാഷ്ട്രീയ പ്രവേശനത്തിന് എല്ലാ സഹായവും അവർ വാഗ്ദാനം ചെയ്യുന്നു. കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങൾ സരിതയെ ഏറ്റെടുക്കുമോ എന്നതാണ് നിർണ്ണായകം. കേസില്ലെങ്കിൽ തന്നെ രണ്ടു കൈയും നീട്ടി പാർട്ടികൾ സ്വീകരിക്കുമെന്നാണ് സരിതയുടെ പക്ഷം. ഉറപ്പായും താൻ മന്ത്രിയാകുമെന്നാണ് സരിത അടുപ്പക്കാരോട് ഇപ്പോൾ പറയുന്നത്.

ആറ്റുകാൽ പൊങ്കാലയ്ക്ക് സരിതാ എസ് നായർ എത്തിയത് പോലും മാദ്ധ്യമങ്ങൾ വാർത്തയായി. ആന്റണിയുടെ ഭാര്യ എലിസബത്തിനും മറ്റ് വിവിഐപികൾക്കും കിട്ടാത്ത വാർത്താ പ്രാധാന്യമാണ് സരിതയ്ക്ക് പത്രക്കാർ നൽകിയത്. ഫോട്ടോകളും സോഷ്യൽ മീഡിയയിൽ സജീവമായി. സരതിയുടെ ഓട്ടോഗ്രാഫിന് പൊങ്കാലയ്ക്ക് എത്തിയവർ ചുറ്റും കൂടിയെന്നും വാർത്തയെത്തി. ഇതിനെല്ലാം പുറമേ എവിടെ പോയാലും സരിതയ്ക്ക് ആരാധക ശല്യമാണെന്നാണ് മറ്റൊരു പക്ഷം. കുട്ടികൾ മുതൽ മുതിർന്നവർവരെ സരിതയുടെ ഓട്ടോഗ്രാഫിനായി ചുറ്റുകൂടുന്നു. സരിതയ്ക്ക് സമൂഹത്തിൽ വലിയ സ്വീകാര്യത ഉണ്ടെന്ന് വരുത്താനാണ് ഇതൊക്കെ.

ചാനലുകളിൽ സരിത പങ്കെടുക്കുന്ന പരിപാടികൾക്ക് ഉയർന്ന റേറ്റിംഗാണ്. ഇതിന് കാരണവും സോളാർ കേസ് പ്രതിയുടെ ജനസ്വാധീനമാണെന്നാണ് വരുത്തി തീർക്കാൻ ശ്രമം. സന്തോഷ് പണ്ഡിറ്റിന്റെ പരിപാടികൾക്ക് ലഭിക്കുന്ന പ്രേക്ഷക ശ്രദ്ധയെ കളിയാക്കുന്ന മാദ്ധ്യമങ്ങളാണ് സരിതയെ ചാനൽ പരിപാടികുളുടെ റേറ്റിങ് കാട്ടി പുകഴ്‌ത്തുന്നത്. ഏഷ്യാനെറ്റിലും സൂര്യയിലുമെല്ലാം സരിത പങ്കെടുത്ത പരിപാടികൾ സൂപ്പർ ഹിറ്റായിരുന്നുവെന്നും വാദമുണ്ട്. ഒരു പുതിയ ചാനലിൽ സ്ഥിരമായി സരിത പരിപാടി ചെയ്യുന്നുണ്ട്. ഇതെല്ലാം പബ്ലിക്ക് ഇമേജ് ഉയർത്താനുള്ള സരിതയുടെ നീക്കത്തിന്റം ഭാഗമാണ്.

സോളാർ കമ്പനി സമ്പാദിച്ച പണം മുഴുവൻ ബിജു രാധാകൃഷ്ണന്റെ കൈവശമാണെന്നും അതു ശാലുമേനോനു നൽകിയെന്നും പറയുന്ന സരിതയ്ക്ക് കേസ് ഒത്തു തീർക്കാനുള്ള പണം എവിടെനിന്നു ലഭിക്കുന്നു എന്നത് ആർക്കുമറിയില്ല. ജയിലിൽ കിടക്കുമ്പോൾ തന്നെ കേസ് ഒത്തുതീർപ്പാക്കൽ തുടങ്ങി. പുറത്ത് വന്ന ശേഷം അത് വേഗത്തിലുമായി. സരിതയ്ക്ക് കേസ് ഒത്തുതീർക്കാനുള്ള പണം കോൺഗ്രസ് എ ഗ്രൂപ്പിലെ എറണാകുളത്തുകാരനായ എംഎ!ൽഎയുടെ മധ്യസ്ഥതയിലാണു ലഭിച്ചതെന്നു പറയപ്പെടുന്നു. സോളാർ കമ്പനിയുടെ പേരിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി സരിതയും ബിജു രാധാകൃഷ്ണനും തട്ടിയെടുത്തത് 18 കോടിയായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച കോയിപ്രം സ്വദേശിയുടെ 65,000 രൂപ തിരിച്ചു നൽകാൻ കോടതിക്കു പുറത്ത് സരിത ധാരണയുണ്ടാക്കി. ഇതിനായി സരിത പത്തനംതിട്ടയിലുള്ള അഭിഭാഷകൻ പ്രിൻസ് പി. തോമസിന്റെ ഓഫീസിലെത്തി പരാതിക്കാരനുമായി ചർച്ച നടത്തിയിരുന്നു. അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിയിൽ നിലവിലുള്ള 74 ലക്ഷം രൂപയുടെ കേസ് നിയമസേവന സമിതി അഥോറിട്ടി സംഘടിപ്പിച്ച അദാലത്തിലാണ് ഒത്തുതീർക്കാൻ തീരുമാനിച്ചത്. പുറത്ത് കാര്യങ്ങൾ പറഞ്ഞു ധാരണയിലെത്തിയ ശേഷമാണ് അവർ അദാലത്തിൽ പങ്കെടുത്തത്.

15 ലക്ഷം രൂപ വീതം അഞ്ചുതവണയായി നൽകാമെന്നാണു ധാരണ. റാന്നി, അടൂർ, തിരുവല്ല കോടതികളിലുള്ള കേസുകളും പണം മടക്കി നൽകി പിൻവലിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.സരിതയുടെ അഭിഭാഷകൻ പ്രിൻസ് കക്ഷികളുമായി സംസാരിച്ച് ധാരണയിലെത്തിയാൽ ഉടൻ കക്ഷികളുടെ അക്കൗണ്ടിലേക്കു പണമെത്തിക്കുന്നതാണ് ഒത്തുതീർപ്പിന്റെ രീതി. റാന്നിയിൽ പാസ്റ്ററെ കബളിപ്പിച്ച് ഒന്നരലക്ഷം തട്ടിയതും തിരുവല്ലയിൽ ഡോക്ടറെ പറ്റിച്ച് നാലുലക്ഷം തട്ടിയതും ഒത്തു തീർക്കാനാണു ശ്രമം. ശ്രീധരൻ നായരുടെയും ബാബുരാജിന്റെയും ഒഴികെയുള്ള എല്ലാ കേസുകളും കോടതിക്കു പുറത്ത് ഒത്തുതീർക്കാനാണു സാധ്യത.

ശ്രീധരൻ നായരും ബാബുരാജും കേസിൽ ഉറച്ചു നിൽക്കുകയാണ്. ശ്രീധരൻ നായരിൽനിന്നു നാലുലക്ഷവും ബാബുരാജിൽനിന്ന് 1.19 ലക്ഷവും തട്ടിയെന്ന കേസാണു പത്തനംതിട്ട കോടതിയിൽ ഉള്ളത്.