തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ പൊലീസ് അറസ്റ്റു ചെയ്തതിന് പിന്നാലെ വയോധികയുടെ മരണത്തിനും തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിൽ പൊലീസ്. മൂന്ന് വർഷം മുമ്പ് നെയ്യാറ്റിൻകര വെൺപകലിൽ നാടിനെ നടുക്കിയ കുന്നത്തേരിൽ സരോജിനി വധക്കേസിലാണ് പുതുയ തുമ്പുണ്ടായിരിക്കുന്നത്. മരുമകനെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായതോടെയാണ് ഈ കേസിൽ വഴിത്തിരിവുണ്ടാകുന്നഘട്ടമെത്തിയത്. സൗമ്യ എന്ന യുവതിയെ കാലിൽ തൂക്കി കിണറ്റിലെറിഞ്ഞ് കൊന്ന ഭർത്താവ് മൂന്നാംതേരി സ്വദേശി ബിനു (35) പിടിക്കപ്പെട്ടതോടെയാണ് സരോജിനിയുടെ ഘാതകനെ കുറിച്ച് വീണ്ടും അന്വേഷണം വരുന്നത്.

സരോജിനി വധക്കേസിൽ മരുമകൻ ബിനു തുടക്കം മുതൽ സംശയ നിഴലിലായിരുന്നെങ്കിലും കുറ്റം സ്ഥാപിക്കാൻ തക്ക തെളിവുകളോ സാക്ഷിമൊഴികളോ ഇല്ലാതിരിക്കെയാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഇപ്പോൾ അറസ്റ്റിലായത്. സൗമ്യ വധത്തിൽ ആദ്യം നിരപരാധി ചമയുകയും അവൾ കിണറ്റിൽ ചാടി ജീവനൊടുക്കിയതാണെന്ന് വരുത്തിതീർക്കുകയും ചെയ്ത ബിനുവിന്റെ പെരുമാറ്റത്തിലുള്ള സംശയങ്ങളാണ് പൊലീസ് അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിയാൻ ഇടയാക്കിയത്. ക്രിമിനൽ വാസന കൂടെപ്പിറപ്പായ ബിനുവിന് സരോജിനി വധത്തിൽ പങ്കുണ്ടോ എന്നറിയാൻ ഇയാളെ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. സൗമ്യ വധക്കേസിൽ ബിനുവിന്റെ കസ്റ്റഡി അപേക്ഷ ജനുവരി ഒന്നിന് കോടതി പരിഗണിക്കാനിരിക്കെ സരോജിനി വധക്കേസിലും ബിനുവിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി കോടതിയെ സമീപിക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം.

മൂന്നുവർഷങ്ങൾക്ക് മുമ്പായിരുന്നു നാട് നടുങ്ങിയ ആ സംഭവം. 2014 നവം. 22ന് വൈകുന്നേരം. കുന്നത്തേരിൽ വീടിന്റെ ഹാൾ മുറിയിലെ തറയിൽ തലയ്ക്കടിയേറ്റ് തലച്ചോർചിന്നിച്ചിതറി രക്തത്തിൽ കുളിച്ചനിലയിലായിരുന്നു സരോജിനിയുടെ മൃതദേഹം കാണപ്പെട്ടത്. ഭർത്താവ് രാജശേഖരന്റെ മരണശേഷം ഇളയമകൾ സൗമ്യയ്ക്കും അവരുടെ ഭർത്താവായ ഓട്ടോഡ്രൈവർ ബിനുവിനുമൊപ്പമായിരുന്നു സരോജിനിയുടെ താമസം. സരോജിനിയെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ ഒപ്പം താമസിച്ചിരുന്ന സൗമ്യയും ബിനുവും വീട്ടിലുണ്ടായിരുന്നില്ല. ബിനുവിന്റെ ബന്ധു വീട്ടിൽ ഒരുമരണത്തിന് പങ്കെടുക്കാൻ പോയതായാണ് അന്ന് അവർ പറഞ്ഞിരുന്നത്. സരോജിനി മരിച്ച വിവരം അറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും പൊലീസും വീട്ടിലെത്തിയശേഷം രാത്രിയോടെയാണ് ഇരുവരും തിരിച്ചെത്തിയത്. ഭാര്യാമാതാവ് രക്തത്തിൽ കുളിച്ച് ചേതനയറ്റ് കിടക്കുമ്പോൾ കാരണമറിയാതെ വിഷമിച്ചിരുന്ന ബന്ധുക്കളോട് ചുഴലിരോഗത്താൽ നിലത്തുവീണ് മരിച്ചതാകാമെന്ന് പറഞ്ഞ് ബിനു സംഭവം ലഘൂകരിക്കാൻ നടത്തിയ ശ്രമവും പെരുമാറ്റത്തിലെ ചില പന്തികേടുകളും സംശയങ്ങൾക്ക് ഇടയാക്കിയിരുന്നു. ബന്ധുക്കളിൽ ചിലർ ഇക്കാര്യം പൊലീസിനെ ധരിപ്പിച്ചതോടെ ബിനുവിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ഏതാനും ദിവസം ചോദ്യം ചെയ്തിട്ടും സത്യം തെളിയിക്കപ്പെടാതായതോടെ വിട്ടയക്കുകയായിരുന്നു.

ബന്ധുക്കളുടെ എതിർപ്പ് മറികടന്നുള്ള പ്രണയവിവാഹമായിരുന്നു സൗമ്യയുടേതും ബിനുവിന്റേതും. വിവാഹശേഷം ഒരു വർഷത്തോളം ബിനുവിന്റെ വീട്ടിലായിരുന്നു ഇരുവരും താമസം. വീട്ടുവഴക്കിനെ തുടർന്ന് സ്വന്തം മാതാവിനെ സ്വിച്ച് ബോർഡിന് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചതോടെ ഇരുവർക്കും അവിടെ നിന്ന് ഇറങ്ങേണ്ടിവന്നു. സൗമ്യയുടെ വീടിന് സമീപം വെൺപകലിൽ വാടകയ്ക്ക് ഏതാനും മാസം താമസിച്ച ഇവരെ സൗമ്യയുടെ ആദ്യപ്രസവത്തോടെയാണ് ദയ തോന്നി മാതാവ് സരോജിനി കൂടെ താമസിക്കാൻ അനുവദിച്ചത്. അവിടെ സ്വന്തം വീട്ടിലേപ്പോലെയായിരുന്നു ഓട്ടോ ഡ്രൈവറായ ബിനുവിന്റെ ഇടപെടൽ.

മൂക്കുമുട്ടെ കുടിച്ച് ഭാര്യയെ ഉപദ്രവിക്കലും വഴക്കും പതിവാക്കിയ ബിനു ഇത് ചോദ്യം ചെയ്ത സരോജിനിയേയും പലപ്പോഴും ഉപദ്രവിച്ചിട്ടുണ്ട്. സരോജിനിയുടെ പേരിലുള്ള വീടും വസ്തുവും സൗമ്യയുടെ പേരിലാക്കി തനിക്ക് വിൽപ്പന നടത്താനുള്ള ശ്രമങ്ങൾ പല തവണ ഇയാൾ നടത്തിയെങ്കിലും സരോജിനി വഴങ്ങാത്തതിനാൽ അത് നടന്നില്ല. വീട്ടുവഴക്കും ഉപദ്രവവും പതിവായതോടെ അയൽക്കാർ പലതവണ ഇടപെട്ടു. ഇത് ഇഷ്ടപ്പെടാതിരുന്ന ബിനു അയൽക്കാരെ തെറിവിളിക്കുകയും ഭീഷണിപ്പെടുപത്തുകയും ചെയ്തതോടെ പിന്നീട് ആരും കുന്നത്തേരിൽ വീട്ടിൽ എന്തുനടന്നാലും തിരിഞ്ഞുനോക്കാതായി.

സരോജിനിയെ കൊല്ലപ്പെട്ടനിലയിൽ കാണപ്പെട്ടദിവസം അവരുടെ വീടിന് സമീപത്തെ റോഡിൽ ഓട്ടോയിൽ ഏതാനും പേരെ കണ്ടതായി അയൽക്കാർ പൊലീസിനോട് അന്ന് വെളിപ്പെടുത്തിയിരുന്നു. സംശയാസ്പദമായ നിലയിൽകാണപ്പെട്ട ഇവർ ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല. സംഭവ ദിവസം വീട്ടിൽ നിന്ന് മണിക്കൂറുകളോളം പട്ടി നിർത്താതെ കുരയ്ക്കുകയും ചെയ്തിരുന്നു. ആട് വളർത്തലുണ്ടായിരുന്ന സരോജിനിയുടെ ആട്ടിൻ കൂട് വൃത്തിയാക്കി തീറ്റ നൽകുകയും അടുക്കള തൂത്തുവാരിയശേഷം ചൂൽ അടുപ്പിൽ പകുതി കത്തിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.

മൃതദേഹം കാണപ്പെട്ട ഹാളിലെ ചുവരിൽ രക്തം ചീറ്റി ഒഴുകിയതിന്റെ അടയാളങ്ങളും മുറിക്കുള്ളിൽ രക്തം പതിഞ്ഞ കാൽപ്പാദങ്ങളും കാണപ്പെട്ടതിനെ തുടർന്ന് ഫോറൻസികം വിഭാഗം സ്ഥലത്തെത്തി തെളിവെടുപ്പും മൃതദേഹം പോസ്റ്റുമോർട്ടം നടത്തുകയും ചെയ്തതോടെയാണ് സരോജിനിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. സരോജിനിക്ക് നാട്ടിൽ ആരുമായും പ്രത്യേക വൈരാഗ്യമോ ശത്രുതയോ ഉള്ളതായി ബന്ധുക്കൾക്കാർക്കും അറിവില്ല. ഏറെനാൾ ലോക്കൽ പൊലീസും ആറുമാസം മുമ്പ് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിവന്ന കേസിൽ സൗമ്യയുടെയും ബിനുവിന്റെയും മറ്റ് ബന്ധുക്കളുടെയും മൊഴിയെടുത്തെങ്കിലും ഒരിഞ്ചുമുന്നേറാൻ കഴിയാതെ കുഴങ്ങി നിന്നപ്പോഴാണ് അപ്രതീക്ഷിതമായി സൗമ്യയെ കൊലപ്പെടുത്തിയ കേസിൽ ബിനു പിടിയിലായത്.

പരപുരുഷബന്ധമാണ് സൗമ്യയെ കൊലപ്പെടുത്താൻ കാരണമെന്ന് ബിനുവെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും പൊലീസ് അത് വിശ്വസിക്കുന്നില്ല. സരോജിനി വധക്കേസിൽ സംശയനിഴലിൽ കഴിയുന്ന ബിനുവിന് എന്തെങ്കിലും പങ്കുണ്ടാകുകയോ അത് സൗമ്യ മനസിലാക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ അത് വെളിപ്പെടാൻ ഇടയായാൽ താൻ അകത്താകുമെന്ന് ഭയന്നാകാം സൗമ്യയെ കിണറ്റിൽ തള്ളി കൊന്നശേഷം കിണറ്റിൽ വീണ് മരിച്ചതാണെന്ന് വരുത്താൻ ശ്രമിച്ചതെന്നാണ് പൊലീസിന്റെ സംശയം.