ചെന്നൈ: ഓരോ രാത്രിയും ആളുകൾ പുറത്തിരുന്ന് നക്ഷത്രങ്ങളെ നോക്കി കുറച്ചുനേരം ഇരുന്നാൽ അവരുടെ ജീവിതം വേറിട്ടതാകുമെന്ന് ഞാൻ ഉറപ്പു പറയാം. അമ്പാട്ടൂർ ഡപ്യൂട്ടി കമ്മീഷണർവിന്റെ ഫേസ്‌ബുക്ക് പേജ് തുറന്നാൽ ആദ്യം കാണുന്ന വാചകം.ജോലിയിൽ തന്റെ വ്യത്യസ്തമായ പ്രവർത്തനശൈലിയാൽ വ്യക്തിമുദ്ര പതിപ്പിച്ചയാൾ.നല്ല ചുറുചുറുക്കുള്ള ഈ യുവതുർക്കിയാണ് ഇപ്പോൾ തമിഴ്‌നാട്ടിലെ താരം.

മലയാളിയായ ഗുണ്ടാ നേതാവ് ബിനുവിന്റെ പിറന്നാൾ ആഘോഷത്തിനെത്തിയ ക്രിമിനലുകളെ വിദഗ്ധമായി കുടുക്കിയതോടെ സർവേശിനെ അഭിനന്ദിച്ച് സിനിമാ താരങ്ങൾ അടക്കം രംഗത്തുവന്നിട്ടുണ്ട്. മെക്കാനിക്കൽ എൻജിനീയറായ സർവേശ് ആഗ്രഹം കൊണ്ടാണ് പൊലീസിൽ ചേർന്നത്.അതിന്റെ ഫലം കുറ്റാന്വേഷണത്തിലും കാണാം.

നാലുവർഷമായി തെളിയിക്കാൻ കഴിയാതെ കിടന്ന കൊലപാതക കേസ് തെളിയിച്ചതാണ് സർവേശിനെ ജനങ്ങൾക്കിടയിൽ താരമാക്കിയത്. 2013 ൽ ആയിരുന്നു മങ്കാടിലെ ഒരു വീട്ടിൽ സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വർഷങ്ങൾ കഴിഞ്ഞിട്ടും കേസ് തെളിയിക്കാൻ പൊലീസിന് സാധിച്ചില്ല. ഒടുവിൽ സർവേശ് മങ്കാട് കൊലപാതക കേസിന്റെ ചുമതല ഏറ്റെടുക്കുകയും തെളിയിക്കുകയും ചെയ്തു. എല്ലാവരും സുരക്ഷിതമായും സന്തോഷമായും ജീവിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയാണ് തന്റെ ആഗ്രഹമെന്നാണ് സർവേശ് പറയുന്നത്.

ഗുണ്ടാ നേതാവ് ബിനുവിന്റെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ ക്രിമിനലുകൾ എത്തുന്ന വിവരം ലഭിച്ച ഉടൻ കമ്മിഷണർ എ.കെ.വിശ്വനാഥനെ സർവേശ് അറിയിച്ചതാണ് വലിയൊരു ക്രിമിനൽ സംഘത്തെ ഒറ്റ രാത്രി കൊണ്ട് കുടുക്കാൻ സഹായിച്ചത്. സർവേശിന്റെ സമയോചിതമായ പ്രവർത്തിയെ സിനിമാ താരങ്ങളായ വിശാൽ, സിദ്ധാർത്ഥ്, കരുണാകരൻ എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് അഭിനന്ദിച്ചത്.

ആയുധങ്ങൾ ഉൾപ്പെടെ ഗുണ്ടകളെ പിടികൂടിയ ചെന്നൈ പൊലീസിന്റെ ഓപ്പറേഷൻ പ്രചോദനം നൽകുന്നതാണ്. ഈ ഓപ്പറേഷന് നേതൃത്വം നൽകിയ കമ്മിഷണർ ഓഫ് പൊലീസ് എ.കെ.വിശ്വനാഥനെയും തന്റെ ജോലി വളരെ ഭംഗിയായി നിർവ്വഹിച്ച ഡിസിപി സർവേശിനെയും അഭിനന്ദിക്കുന്നു വിശാൽ കുറിച്ചു.

നല്ലൊരു പൊലീസ് സിനിമയെപ്പോലെയായിരുന്നു ചെന്നൈ പൊലീസിന്റെ ഓപ്പറേഷൻ എന്നും ഈ ഓപ്പറേഷന് പിന്നിൽ പ്രവർത്തിച്ച ഡിസിപി അമ്പത്തൂർ സർവേഷിന്റെ ടീമിനെ അഭിനന്ദിക്കുന്നുവെന്നായിരുന്നു സിദ്ധാർത്ഥ് ട്വിറ്ററിൽ കുറിച്ചത്.

ശരിയായ സമയത്ത് നടത്തിയ ഓപ്പറേഷനിലൂടെ ഗുണ്ടകളെ പിടികൂടിയ ഇവരാണ് യഥാർത്ഥ ഹീറോകൾ എന്നായിരുന്നു നടൻ കരുണാകരൻ പറഞ്ഞത്. ഓപ്പറേഷന് പിന്നിൽ പ്രവർത്തിച്ച ടീമിന് സല്യൂട്ട് ചെയ്യുന്നതായും കരുണാകരന്റെ ട്വീറ്റ്.