- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൂടുതൽ വനിതകളെ ജയിപ്പിച്ചാൽ മന്ത്രിസഭയിൽ അമ്പത് ശതമാനം വരെ പ്രാതിനിധ്യം പരിഗണിക്കാമെന്ന് ശശി തരൂർ; കൂടുതൽ സ്ത്രീകളെ മത്സരിപ്പിക്കുകയാണ് ആദ്യം വേണ്ടതെന്ന് യുവതി
തിരുവനന്തപുരം: യുഡിഎഫ് പ്രകടന പത്രിക തയ്യാറാക്കാൻ കോൺഗ്രസ് നേതാവ് ശശി തരൂർ നടത്തുന്ന സംവാദ പരിപാടിയിൽ താരമായത് ചോദ്യം ചോദിച്ച യുവതി. യു.ഡി.എഫ് അധികാരത്തിലെത്തിയാൽ എത്ര വനിതകളെ മന്ത്രിയാക്കും എന്ന ചോദ്യത്തിന് കൂടുതൽ വനിതകളെ ജയിപ്പിച്ചാൽ അമ്പത് ശതമാനം വരെ പരിഗണിക്കാമെന്നാണ് തരൂർ മറുപടിയായി പറഞ്ഞത്. എന്നാൽ ചോദ്യം ചോദിച്ച യുവതി തരൂരിനെ അങ്ങനെയങ്ങ് വിടാൻ ഭാവമില്ലായിരുന്നു. കൂടുതൽ സ്ത്രീകളെ മത്സരിപ്പിക്കുകയാണ് വേണ്ടതെന്ന് അവർ തരൂരിനോട് പറഞ്ഞു.
മന്ത്രിസഭയിൽ സ്ത്രീകൾക്ക് 50% പങ്കാളിത്തം വേണമെന്ന നിർദ്ദേശമുയർന്നപ്പോൾ യുഡിഎഫിന്റെ വനിതാ സ്ഥാനാർത്ഥികളെ എംഎൽഎമാരാക്കുന്ന ചുമതല നിങ്ങളേൽക്കണമെന്നു തരൂർ ആവശ്യപ്പെട്ടു. ഉന്നതവിദ്യാഭ്യാസരംഗത്ത് ലോകോത്തര നിലവാരത്തിലെത്താൻ സമഗ്രമായ മാറ്റം വേണമെന്നും എല്ലാ സ്ഥാപനങ്ങൾക്കും ഏകീകരിച്ച അക്കാദമിക് കലണ്ടർ വേണമെന്നും നിർദ്ദേശമുയർന്നു.
പ്രകൃതിസൗഹൃദ നിർമ്മാണത്തിനു പ്രത്യേക നിയമം, പ്രകൃതിസൗഹൃദ സംരംഭകർക്ക് നികുതിയിളവ്, കാർബൺ ബജറ്റ്, കാലാവസ്ഥാ വ്യതിയാന ഗവേഷണ സ്ഥാപനം, എജ്യുക്കേഷൻ ടൂറിസം തുടങ്ങി ഒട്ടേറെ നിർദ്ദേശങ്ങൾ സംവാദത്തിൽ ഉയർന്നു. പ്രൈമറി ക്ലാസുകൾ മുതൽ കുട്ടികൾക്കു ജീവിതമൂല്യങ്ങളെക്കുറിച്ചും സഹവർത്തിത്വത്തെക്കുറിച്ചുമുള്ള ബോധവൽക്കരണം വേണമെന്ന നിർദ്ദേശവും കാൻസർ രോഗികൾക്ക് എല്ലാ ജില്ലകളിലും മൊബൈൽ കീമോതെറപ്പി യൂണിറ്റുകൾ തുടങ്ങണമെന്ന നിർദ്ദേശങ്ങളും സദസ്സ് കയ്യടികളോടെയാണ് അംഗീകരിച്ചത്.
എറണാകുളം, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലും അടുത്ത ദിവസങ്ങളിൽ സംവാദങ്ങൾ നടക്കും. 25ന് അകം കരട് പ്രകടനപത്രിക തയാറാക്കി യുഡിഎഫ് മണ്ഡലം കമ്മിറ്റികൾക്കു ചർച്ച ചെയ്യാനായി കൈമാറും. 30ന് അകം കെപിസിസിക്കു കൈമാറും. യുവാക്കളിലും സ്ത്രീകളിലും ശശി തരൂരിനുള്ള സ്വാധീനം മനസ്സിലാക്കിയാണ് പ്രകടന പത്രിക തയ്യാറാക്കാൻ കോൺഗ്രസ് നേതൃത്വം തരൂരിനെ ചുമതല ഏൽപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ