പാലക്കാട്: ലൈംഗികാരോപണത്തെക്കുറിച്ച് പി.കെ. ശശിയും മുതിർന്ന നേതാക്കളും പറഞ്ഞതെല്ലാം സിപിഎം ഔദ്യോഗികമായി തള്ളിക്കളയുകയാണ്. പരാതിക്കാര്യം സ്ഥിരീകരിച്ച നേതൃത്വം ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയാണ് നൽകുന്നത്. നേരത്തെ കണ്ണൂർ ജില്ലാ സെക്രട്ടറിയായിരിക്കെ പി ശശിക്കെതിരെ സമാന ആരോപണം ഉണ്ടായപ്പോൾ നടപടിയെടുത്തിരുന്നു. ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പിന്നീട് ആരോപണം മാറിയ ശേഷമാണ് ശശിയെ പാർട്ടിയിൽ തിരിച്ചെടുത്തത്.

പി.കെ. ശശിക്കെതിരെയുള്ള അന്വേഷണം ഉടൻ പൂർത്തിയാക്കി റിപ്പോർട്ട് നൽകാൻ എ.കെ ബാലനോടും പി.കെ.ശ്രീമതിയോടും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നിർദേശിച്ചു. ഈ മാസം 30, ഒക്ടോബർ ഒന്ന് തീയതികളിൽ ചേരുന്ന സംസ്ഥാന കമ്മിറ്റി റിപ്പോർട്ട് പരിഗണിച്ചേക്കും. അതിനിടെ പി.കെ ശശി എംഎൽഎക്കെതിരെയുള്ള പരാതിയിൽ പരാതിക്കാരിയുടെ മൊഴി ഉടനെടുക്കുമെന്ന് ശ്രീമതി അറിയിച്ചു. അന്വേഷണനടപടികൾ വേഗം പൂർത്തീകരിക്കുമെന്നും സൂചന നൽകി. ഇതോടെ ഈ മാസം അവസാനത്തോടെ പാലക്കാട്ടെ അതിശക്തനായ ശശിയെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നാണ് സൂചന. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ ശശിക്കെതിരെ നടപടി വരുമെന്ന വ്യക്തമായ സൂചനകളുണ്ട്.

14നു പരാതി കിട്ടിയെന്നും തുടർന്നു ശശിയോടു വിശദീകരണം തേടിയെന്നും അന്വേഷണത്തിനു പി.കെ. ശ്രീമതിയെയും മന്ത്രി എ.കെ. ബാലനെയും 31നു തന്നെ നിയോഗിച്ചുവെന്നുമാണ് ഇന്നലെ സെക്രട്ടേറിയറ്റ് വ്യക്തമാക്കിയത്. ശശിക്കു കാരണം കാണിക്കൽ നോട്ടിസ് നൽകണമെന്നും വനിത ഉൾപ്പെടെ രണ്ടു സെക്രട്ടേറിയറ്റ് അംഗങ്ങൾ അന്വേഷിക്കണമെന്നും കേന്ദ്ര നേതൃത്വം നിർദേശിച്ചതായി സെപ്റ്റംബർ നാലിന് വാർത്ത എത്തിയതോടെയാണ് വിവാദം തുടങ്ങിയത്. 31നു തന്നെ അന്വേഷണത്തിനു നിയോഗിക്കപ്പെട്ട എ.കെ. ബാലൻ 4നു തിരുവനന്തപുരത്ത് പറഞ്ഞത്: 'എനിക്കറിയില്ല, ഞാൻ അറിഞ്ഞിട്ടില്ല'. എന്നായിരുന്നു. 4നു രാവിലെ പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് ചേരും മുൻപ് ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രൻ പറഞ്ഞത്: 'പരാതിയൊന്നും നമ്മുടെ കയ്യിൽ വന്നിട്ടില്ല. കിട്ടാതെ എന്തു ചർച്ച ചെയ്യാൻ'. ഇതെല്ലാം കളവാണെന്നാണ് വ്യക്തമാകുന്നത്. യോഗത്തിൽ ആധ്യക്ഷ്യം വഹിച്ച പി.കെ. ശശി പറഞ്ഞത്: 'എനിക്ക് നിങ്ങളീ പറയുന്ന പരാതിയെക്കുറിച്ച് അറിയില്ല. സത്യസന്ധമായി പറയുന്നു, ഞാൻ അറിഞ്ഞിട്ടില്ല'. ഇതെല്ലാം കൂട്ടി വായിക്കുമ്പോൾ സിപിഎം സംസ്ഥാന നേതൃത്വം നിൽക്കക്കള്ളിയില്ലാതെ നടപടിക്ക് നിർബന്ധിതമായി എന്ന് വേണം വിലയിരുത്താൻ.

ഇന്നലെ രാവിലെ ചെർപ്പുളശ്ശേരിയിൽ എല്ലാവരും മാറ്റി പറഞ്ഞു. 'പാർട്ടിയുടെ നിലപാട് അറിയാത്ത കുറെ വിവരദോഷികൾ അകത്തെ കാര്യം പുറത്തു പറഞ്ഞെന്നു വരും. എന്നിൽനിന്നു കിട്ടില്ല. അച്ചടക്ക നടപടിയെപ്പറ്റി നിങ്ങളെന്തിനു ബേജാറാകണം. അതു പാർട്ടിയല്ലേ തീരുമാനിക്കുന്നത്. കുറെ ദിവസമായില്ലേ ചർച്ച തുടങ്ങിയിട്ട്. നിങ്ങളുടെ കയ്യിൽ പരാതിയുണ്ടോ? ഉണ്ടെങ്കിൽ അതുവച്ച് ചർച്ച ചെയ്യ്.'എന്നായിരുന്നു ഇന്നലെ രാവിലെ പറഞ്ഞത്. ഇത് ഉച്ചയ്ക്ക് ശേഷം മാറ്റി. 'പരാതി എന്റെ കയ്യിൽ ഇല്ലെന്നാണ് പറഞ്ഞത്. പാർട്ടി ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും പരാതി ഉണ്ടെന്നു പറഞ്ഞാൽ അതാണു ശരി'- എന്നായി ശശിയുടെ വെളിപ്പെടുത്തൽ. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ, പരാതിക്കാരിക്കു പാർട്ടിയുമായുള്ള ബന്ധം മറച്ചുവച്ചു വച്ചുവെന്നതും ശ്രദ്ധേയമാണ്. പി.കെ. ശശി എംഎൽഎക്കെതിരെ പരാതി നൽകിയ ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ നേതാവിനെ പത്രക്കുറിപ്പിൽ വിശേഷിപ്പിച്ചത് 'ഒരു യുവതി' എന്നു മാത്രം.

പി.കെ.ശശിക്കെതിരെ നടപടിയുണ്ടാകുമെന്നു തന്നെയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വാർത്താക്കുറിപ്പ് പറയാതെ പറയുന്നത്. അതുകൊണ്ടാണ് സമാനമായ വിവാദങ്ങളിലെ മുൻകാല നിലപാടുകൾ സി പി എം ഓർമിപ്പിക്കുന്നതും. ശശിയെ എകെജി സെന്ററിലേക്ക് അദ്ദേഹത്തെ വിളിച്ചു വരുത്തി എന്നു സിപിഎം വെളിപ്പെടുത്തുമ്പോൾ തന്നെ എല്ലാം ഉണ്ട്. കേന്ദ്ര നേതൃത്വത്തിന്റെ സമ്മർദ്ദം തന്നെയാണ് അതി ശക്തമായ നടപടികൾ എടുത്തുവെന്ന് പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്ന തരത്തിലെ ഇടപെടലിന് സിപിഎമ്മിനെ നിർബന്ധിതമാക്കിയത്. കാര്യങ്ങൾ കൈവിട്ടു എന്നു ബോധ്യപ്പെട്ടതോടെ നേതൃത്വം ശശിയെയും കൈവിടുകയായിരുന്നു. അടുത്ത ദിവസങ്ങളിൽ പരാതിക്കാരിയെ കണ്ട് അന്വേഷണ കമ്മിഷൻ മൊഴിയെടുക്കും. സംസ്ഥാന സമിതി ആരംഭിക്കുന്ന മുപ്പതിനു മുൻപ് പൂർത്തിയാകുന്ന റിപ്പോർട്ടിലായിരിക്കും ശശിക്കെതിരായ നടപടിയുടെ വ്യാപ്തി വ്യക്തമാവുക.

പാർട്ടിയിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാവാത്തതിനെ തുടർന്ന് വൃന്ദാ കാരാട്ടിനെ പെൺകുട്ടി സമീപിച്ചിരുന്നു. പിബി അംഗമായ വൃന്ദയും പരാതി ഒതുക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി വിഷയം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ അറിയിച്ചു. പരാതി പരിശോധിക്കാൻ യെച്ചൂരി പറഞ്ഞത് ചോർന്നതാണ് പി.കെ ശശിയെ രക്ഷിക്കാനുള്ള സിപിഎം നേതൃത്വത്തിന്റെ തീരുമാനത്തിന് തിരിച്ചടിയായത്. ആദ്യഘട്ടത്തിൽ ഏതു പരാതിയെന്ന് കൈമലർത്തിയ നേതൃത്വം സമൂഹമധ്യത്തിലും അണികൾക്കു മുന്നിലും നാണം കെട്ടതോടെയാണ് പരാതി കിട്ടിയ കാര്യം തുറന്നു സമ്മതിച്ചത്.