തിരുവനന്തപുരം: പൊലീസ് സേനയിൽ വനിത ഉദ്യോഗസ്ഥർ നേരിടുന്ന മാനസിക ശാരീരിക അതിക്രമങ്ങൾ വെളിപ്പെടുത്തിയ മുൻ ഡിജിപി ആർ ശ്രീലേഖയുടെ ആരോപണത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്ന് ശശി തരൂർ എം പി. ശ്രീലേഖയുടേത് ഗുരുതര ആരോപണമാണ്. ഇതിൽ രാഷ്ട്രീയമില്ലെന്നും നിഷ്പക്ഷമായ അന്വേഷണത്തിനാണ് താൻ നിർദേശിക്കുന്നതെന്നും ശശി തരൂർ എംപി ഫേസ്‌ബുക്കിൽ കുറിച്ചു.

പൊലീസ് സേനയുടെ വിശ്വാസ്യതയുടെയും ധാർമികതയുടെയും പ്രശ്‌നമാണിത്. സ്ത്രീകൾക്ക് സുരക്ഷിതമായി പ്രവർത്തിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനും പൊലീസിൽ നിന്ന് സഹായം വേണ്ട സാഹചര്യത്തിൽ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും ഇത് അത്യാവശ്യമാണെന്നും തരൂർ പറഞ്ഞു.


ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഇത് ഗുരുതരമായ ഒരു ആരോപണമാണ്. ഒരു നിഷ്പക്ഷമായ അന്വേഷണം ഈ വിഷയത്തിൽ വേണമെന്നാണ് ഞാൻ നിർദേശിക്കുന്നത്. ഇതിൽ രാഷ്ട്രീയമില്ല; ഇത് നമ്മുടെ പൊലീസ് സേനയുടെ വിശ്വാസ്യതയുടെയും ധാർമികതയുടെയും പ്രശ്‌നമാണ്. മാത്രവുമല്ല, സ്ത്രീകൾക്ക് സുരക്ഷിതമായ പ്രവർത്തിക്കാനുള്ള അന്തരീക്ഷവും, പൊലീസിൽ നിന്ന് സഹായം വേണ്ട സാഹചര്യത്തിൽ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താനും ഇത് അത്യാവശ്യമാണ്.

സ്ത്രീയെന്ന നിലയിൽ കടുത്ത ആക്ഷേപങ്ങളാണ് ഒരു വിഭാഗം പൊലീസുകാരിൽ നിന്നും നേരിടേണ്ടതായി വന്നതെന്ന് മുൻ ഡിജിപി ആർ ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു കേരള കേഡറിലെ ആദ്യ വനിത ഐപിഎസ് ഓഫീസറായ ശ്രീലേഖയുടെ വെളിപ്പെടുത്തൽ.

സ്ത്രീകൾക്ക് പൊലീസിൽ രക്ഷയില്ലെന്നും കേരള പൊലീസിൽ വനിത ഉദ്യോഗസ്ഥർക്ക് കടുത്ത മാനസികപീഡനം അനുഭവിക്കേണ്ടി വരുന്നുവെന്നും ശ്രീലേഖ പറഞ്ഞു. സ്ത്രീയെന്ന നിലയിൽ നിരന്തരം ആക്ഷേപങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്. രാഷ്ട്രീയ പിൻബലമുള്ള പൊലീസുകാർക്ക് എന്തും ചെയ്യാം. ഡിജിപി ഉൾപ്പെടെയുള്ള മേലധികാരികളെ തെറി വിളിക്കാം. വനിതാ ഓഫീസർമാർ ലൈംഗിക ചൂഷണത്തിനു വരെ ഇരയാവുന്നുണ്ടെന്നും വനിതാ എസ്ഐയ്ക്കെതിരെ ഒരു ഡിഐജിയുടെ അതിക്രമം നേരിട്ടറിയാമെന്നും ആർ ശ്രീലേഖ വെളിപ്പെടുത്തിയിരുന്നു.