- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃശ്ശൂരിലെ ഒരു നാണയ സമിതിയിലെ അംഗത്തിന് തിരുവനന്തപുരത്തുള്ള ഒരു അഭിഭാഷകന്റെ കൈയിൽ നിന്നാണ് ആ വ്യാജ ചെമ്പോല കിട്ടിയത്; പന്തളം രാജകുടുംബത്തിന്റേതെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത് അറുപതുകളിലുണ്ടാക്കിയ വ്യാജൻ;ട്വിന്റി ഫോറിൽ കണ്ടത് ഒർജിനൽ അല്ല; തെളിവുണ്ടെന്ന് ചരിത്രകാരൻ എംജി ശശിഭൂഷൺ
തിരുവനന്തപുരം : പുരാവസ്തു തട്ടിപ്പ് കേസിൽ പിടിയിലായ മോൻസൻ മാവുങ്കലിന്റെ പക്കലുണ്ടായിരുന്ന ചെമ്പോല വ്യാജമാണെന്ന് ആധികാരികതയോടെ ആവർത്തിച്ച് ചരിത്രകാരൻ എം.ജി. ശശിഭൂഷൺ. ശബരിമലയിൽ അവകാശവാദം ഉന്നയിക്കുന്നതിനായി കോടതി നടപടികളുടെ ഭാഗമായാണ് ചെമ്പോല നിർമ്മിച്ചിട്ടുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതോടെ സ്ത്രീ പ്രവേശന വിവാദ കാലത്തെ ട്വന്റി ഫോർ ന്യൂസിലെ വാർത്തയും വ്യാജമാണെന്നാണ് ശിശുഭൂഷൺ പറയാതെ പറയുന്നത്.
മോൻസന്റെ ചെമ്പോല വ്യജമെന്ന് തെളിയിക്കുന്നതിന്റെ ആധാകാരികമായ തെളിവ് തന്റെ പക്കലുണ്ട്. ഇത് നിർമ്മിച്ചത് ആരാണെന്ന അടക്കമുള്ള വിവരങ്ങൾ ക്രൈംബ്രാഞ്ചിന് നൽകാൻ തയ്യാറാണെന്നും മാതൃഭൂമി ന്യൂസിനോട് ശശിഭൂഷൺ വെളിപ്പെടുത്തി. നേരത്തെ ഇക്കാര്യത്തിൽ ചില സംശയങ്ങൾ ശശിഭൂഷൺ ഉന്നയിച്ചിരുന്നു. ഇതാണ് വീണ്ടും തന്റെ പക്കൽ തെളിവുകളുണ്ടെന്ന് തരത്തിൽ ശശിഭൂഷൺ വിശദീകരിക്കുന്നത്. ശബരിമലയിൽ അവകാശവാദം ഉന്നയിക്കുന്നതിനായുള്ള കോടതി വ്യവഹാരത്തിനായാണ് ഈ ചെമ്പോല നിർമ്മിച്ചതെന്നും അത് നിർമ്മിച്ചത് ആരാണ് എന്നത് അടക്കമുള്ള വിവരങ്ങൾ ക്രൈംബ്രാഞ്ചിന് കൈമാറാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ചെമ്പോല വ്യാജമാണെന്ന കാര്യത്തിൽ സംശയമില്ല. 1965-66 കാലത്ത് ഉണ്ടായിരുന്ന കോടതി വ്യവഹാരവുമായി ബന്ധപ്പെട്ട് തെളിവായി സമർപ്പിച്ചതാണ് ഈ ചെമ്പോല. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന ഏജൻസികൾക്ക് വിവരങ്ങൾ നൽകാൻ തയ്യാറാണ്. ചെമ്പോലയിൽ കൊല്ലവർഷം, മാസം എന്നിവ പറയുന്നുണ്ട്. എന്നാൽ തീയതി പറയുന്നില്ല. ധനുമാസത്തിലെ ഒരു ഞായറാഴ്ചയാണ് ചെമ്പോല കൊടുക്കുന്നത് എന്നാണ് പറയുന്നത്. ധനുമാസത്തിൽ ഒരു ഞായർ അല്ലല്ലോ ഉള്ളത്. ചെമ്പോലയിൽ അനന്തരായൻ പണം എന്ന ഒരു നാണയത്തെക്കുറിച്ച് പറയുന്നുണ്ട്. 17-ാം നൂറ്റാണ്ടാണ് ചെമ്പോലയുടെ കാലമായി പറയുന്നത്.
എന്നാൽ 17-ാം നൂറ്റാണ്ടിൽ അനന്തരായൻ പണമില്ല. പന്തളം രാജാവാണ് ചെമ്പോല നൽകുന്നത് എന്നാണ് പറയുന്നത്. എന്നാൽ പന്തളം രാജവംശം അക്കാലത്ത് അറിഞ്ഞിരുന്നത് പന്തളം രാജവംശം എന്ന പേരിലല്ല. 1965-66 കാലത്താണ് ചെമ്പോലയുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങൾ ഉണ്ടാകുന്നത്. 1964-ൽ അല്ലെങ്കിൽ 65ൽ ആണ് ചെമ്പോല നിർമ്മിക്കുന്നത്. അതിവിദഗ്ധനായ ഒരാളാണ് ഇത് തയ്യാറാക്കിയത്. അതുകൊണ്ട് ഇത്തരം കാര്യങ്ങളെക്കുറിച്ച് സാമാന്യ പരിചയം മാത്രമുള്ള ഒരാൾ ചെമ്പോലയെ യഥാർഥമായ ഒന്നായി തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. എവിടെവച്ചാണ് തയ്യാറാക്കിയത്, ഇതുണ്ടാക്കാൻ എത്ര രൂപ കൈപ്പറ്റി തുടങ്ങിയ കാര്യങ്ങളും തനിക്കറിയാമെന്നും ശശിഭൂഷൺ പറഞ്ഞു.
ചെമ്പോല വായിച്ചു എന്ന് വെളിപ്പെടുത്തിയ ചരിത്രകാരൻ എം.ആർ. രാഘവവാര്യർക്ക് ചരിത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാവുന്നതാണ്. എന്നാൽ അദ്ദേഹം ചെമ്പോലയുമായി ബന്ധപ്പെട്ട യാഥാർഥ്യങ്ങൾ വെളിപ്പെടുത്തിയില്ല. അദ്ദേഹം ആരെയോ സന്തോഷിപ്പിക്കാൻ വേണ്ടി ചെയ്തതാണ് എന്നതിൽ ഒരു സംശയവുമില്ല. തൃശ്ശൂരിലെ ഒരു നാണയ സമിതിയിലെ അംഗത്തിന് തിരുവനന്തപുരത്തുനിന്നാണ് ഈ രേഖ കിട്ടിയത്. തിരുവനന്തപുരത്തുള്ള ഒരു അഭിഭാഷകന്റെ കൈയിൽനിന്നാണ് ഇത് പുറത്തുപോയത്.
ഇത്രയും കാര്യങ്ങൾ വ്യക്തമാണ്. വ്യാജ പുരാരേഖയാണെന്ന് മനസ്സിലാക്കാതെയാകാം ഇത് വാങ്ങിയത്. എന്നാൽ എംആർ രാഘവവാര്യരും അദ്ദേഹത്തെ പിന്തുണച്ച് നിരവധി പേരും രംഗത്തെത്തിയതാണ് തനിക്ക് അത്ഭുതമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ