- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ വിരുദ്ധവാർത്തകൾ വന്നാൽ അനുമതി നിഷേധിക്കുമെന്ന് ഭയം; യുഡിഎഫ് സർക്കാരിനെ വെല്ലുവിളിക്കാൻ തുടങ്ങിയ പത്രം പൂട്ടിക്കെട്ടി കരിമണൽ കർത്ത; ഓഫീസ് സാധനങ്ങൾ കടത്തുന്നത് തടയാൻ വീട്ടിൽ പോലും പോവാതെ ഓഫീസിൽ താമസമാക്കി ജീവനക്കാർ
തിരുവനന്തപുരം : ആലുവയിലെ കരിമണൽ വ്യവസായി ശശിധരൻ കർത്ത ആരംഭിച്ച മാതൃമലയാളം പത്രം അപ്രതീക്ഷിതമായി നിർത്തിയതിനെ തുടർന്ന് ഡസൻ കണക്കിനു തൊഴിലാളികൾ ശമ്പളത്തിനും നഷ്ടപരിഹാരത്തിനുമായി വീട്ടിൽ പോലും പോകാതെ പത്രം ഓഫീസിൽ രാപകലില്ലാതെ കാവൽ കിടക്കുന്നു. ശമ്പളം കിട്ടാതെ പ്രാദേശിക ജീവനക്കാർ ഉൾപ്പെടെ പട്ടിണിയിലാണ്. മാതൃമലയാളത്തിൽ മികച്ച ജേർണലിസ്റ്റുകളുടെ ഒരു നിര തന്നെയുണ്ട് . സർക്കാരുകളുടെ തെറ്റുകളെ എതിർത്ത് ലേഖനങ്ങൾ പലതും വന്നതിൽ മാനേജുമെന്റിന് അതൃപ്തിയുണ്ടായിരുന്നു. ഈ നിലയിൽ പത്രം തുടർന്നാൽ ഇപ്പോഴത്തെ സർക്കാരിന്റെ എതിർപ്പുണ്ടാകുമെന്നും അതുവഴി ഖനനം തടസ്സപ്പെടുമെന്നും ഭയന്നകൂടിയാണ് പത്രം പൂട്ടുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. കേരള തീരത്ത് കരിമണൽ ഖനനത്തിന് സുപ്രീം കോടതിയിൽ നിന്ന് അടുത്തിടെ കർത്ത അനുമതി സമ്പാദിച്ചിരുന്നു. ഇനി ഇതിന് സംസ്ഥാന സർക്കാരിന്റെ നയപരമായ അനുമതി കൂടി ലഭിച്ചാൽ മതിയാകും. തുടർച്ചയായി സർക്കാർ വിരുദ്ധ വാർത്തകൾ വന്നാൽ ഈ അനുമതി ലഭിക്കാതിരിക്കുമെന്ന ഭയമാണ് പത്രം പൂട്ടലിന് പിന്നിലെന്നാണ് ജീവന
തിരുവനന്തപുരം : ആലുവയിലെ കരിമണൽ വ്യവസായി ശശിധരൻ കർത്ത ആരംഭിച്ച മാതൃമലയാളം പത്രം അപ്രതീക്ഷിതമായി നിർത്തിയതിനെ തുടർന്ന് ഡസൻ കണക്കിനു തൊഴിലാളികൾ ശമ്പളത്തിനും നഷ്ടപരിഹാരത്തിനുമായി വീട്ടിൽ പോലും പോകാതെ പത്രം ഓഫീസിൽ രാപകലില്ലാതെ കാവൽ കിടക്കുന്നു. ശമ്പളം കിട്ടാതെ പ്രാദേശിക ജീവനക്കാർ ഉൾപ്പെടെ പട്ടിണിയിലാണ്.
മാതൃമലയാളത്തിൽ മികച്ച ജേർണലിസ്റ്റുകളുടെ ഒരു നിര തന്നെയുണ്ട് . സർക്കാരുകളുടെ തെറ്റുകളെ എതിർത്ത് ലേഖനങ്ങൾ പലതും വന്നതിൽ മാനേജുമെന്റിന് അതൃപ്തിയുണ്ടായിരുന്നു. ഈ നിലയിൽ പത്രം തുടർന്നാൽ ഇപ്പോഴത്തെ സർക്കാരിന്റെ എതിർപ്പുണ്ടാകുമെന്നും അതുവഴി ഖനനം തടസ്സപ്പെടുമെന്നും ഭയന്നകൂടിയാണ് പത്രം പൂട്ടുന്നതെന്നാണ് ജീവനക്കാർ പറയുന്നത്. കേരള തീരത്ത് കരിമണൽ ഖനനത്തിന് സുപ്രീം കോടതിയിൽ നിന്ന് അടുത്തിടെ കർത്ത അനുമതി സമ്പാദിച്ചിരുന്നു. ഇനി ഇതിന് സംസ്ഥാന സർക്കാരിന്റെ നയപരമായ അനുമതി കൂടി ലഭിച്ചാൽ മതിയാകും. തുടർച്ചയായി സർക്കാർ വിരുദ്ധ വാർത്തകൾ വന്നാൽ ഈ അനുമതി ലഭിക്കാതിരിക്കുമെന്ന ഭയമാണ് പത്രം പൂട്ടലിന് പിന്നിലെന്നാണ് ജീവനക്കാരുടെ ആരോപണം.
പത്രം പൂട്ടുന്നതിന്റെ ആദ്യ പടിയായി കൊച്ചിയിലെയും കോട്ടയത്തെയും എഡിഷനുകൾ കഴിഞ്ഞ മാസം തന്നെ പൂട്ടിയിരുന്നു. ശശിധരൻ കർത്തയുടെ ഉടമസ്ഥതയിലുള്ള സിഎംആർഎൽ എന്ന കരിമണൽ കമ്പനിയിൽ നിന്ന് ജീവനക്കാർ എത്തി ഓഫീസിൽ നിന്ന് കംപ്യൂട്ടറും ഫർണിച്ചറും ഉൾപ്പെടെ എല്ലാം എടുത്തുമാറ്റിക്കൊണ്ടാണ് കൊച്ചി, കോട്ടയം ഓഫീസുകൾ പൂട്ടിയത്. അവിടെ ജീവനക്കാർ ഇല്ലാത്ത സമയത്തായിരുന്നു ഓഫീസുകൾ പൂട്ടിയത്. ഇത് ഒരു ടെസ്റ്റ് ഡോസായിരുന്നു. കാര്യമായ എതിർപ്പ് അവിടത്തെ ജീവനക്കാരിൽ നിന്നുണ്ടായില്ല. ഇതു വിജയിച്ചതോടെയാണ് ആലപ്പുഴ, തിരുവനന്തപുരം ഓഫീസുകളും പൂട്ടാൻ തീരുമാനിച്ചത്.
തങ്ങൾ തെരുവാധാരമാകുമെന്നു കണ്ടതോടെ, ആലപ്പുഴയിലും തിരുവനന്തപുരത്തും ജീവനക്കാർ വീട്ടിൽ പോകാതെ 24 മണിക്കൂറും എന്ന നിലയിൽ ഓഫീസിൽ കാവൽ കിടക്കുകയാണ്. ശമ്പള ബാക്കിയും നഷ്ടപരിഹാരവും തരാതെ പിരിഞ്ഞുപോകില്ലെന്നും ഓഫീസ് പൂട്ടാൻ അനുവദിക്കില്ലെന്നുമുള്ള നിലപാടിലാണ് ജീവനക്കാർ. കരിമണൽ ഖനനത്തിന് തീരദേശത്ത് ജനങ്ങൾക്കിടയിൽ അനുകൂല നിലപാടുണ്ടാക്കുന്നതിനും രാഷ്ട്രീയ നേതൃത്വവുമായി ബന്ധമുണ്ടാക്കുന്നതിനും ലക്ഷ്യമിട്ടാണ് മാതൃമലയാളം ആരംഭിച്ചത്. എഴുത്തുകാരനും ശശിധരൻ കർത്തയുടെ വേണ്ടപ്പെട്ടയാളുമായ രാധാകൃഷ്ണൻ കർത്ത എന്ന പായിപ്ര രാധാകൃഷ്ണൻ പ്രിന്ററും പബൽഷറുമായാണ് മാതൃമലയാളം ആരംഭിച്ചത്. കേരള കൗമുദിയിൽ നിന്നു തെറ്റിപ്പിരിഞ്ഞ വടയാർ സുനിലായിരുന്നു അന്ന് എഡിറ്റോറിയൽ വിഭാഗത്തിന്റെ ചുമതല വഹിച്ചത്. സിപിഐ(എം) എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.കെ മോഹനനായിരുന്നു ഉപദേഷ്ടാവ്.
ആറുമാസത്തിനുള്ളിൽ സീനിയർ ജേർണലിസ്റ്റ് എസ് ജഗദീഷ് ബാബുവിനെ മാതൃമലയാളത്തിന്റെ ചുമതലയിലേക്കു കൊണ്ടുവന്നു. ഇതേസമയം, രാധാകൃഷ്ണൻ കർത്തയെന്ന പായിപ്രയെ പ്രിന്റർ ആൻഡ് പബൽഷർ സ്ഥാനത്തുനിന്നു നീക്കുകയും ചെയ്തു. ജഗദീഷ് ബാബുവിന്റെ നേതൃത്വത്തിൽ മാതൃമലയാളം മികച്ച പത്രമെന്ന പേരുണ്ടാക്കി. ശക്തമായ എഡിറ്റോറിയലുകളും ലേഖനങ്ങളും പത്രത്തിന്റെ മുഖമുദ്രയായി. ഇതിനെ തന്നെയാണ് മാനേജുമെന്റ് ഭയന്നതും. ഇതിനകം പത്രം വൻ സാമ്പത്തിക നഷ്ടത്തിൽ നിന്ന് ഭേദപ്പെട്ട നിലയിലേക്കു വരാനും തുടങ്ങിയിരുന്നു. ഇതിനിടെയാണ് ജീവനക്കാരെയെല്ലാവരെയും നടുക്കടലിലാക്കിക്കൊണ്ട് പത്രം നിർത്താൻ തീരുമാനിച്ചിരിക്കുന്നത്.
പുതിയ സർക്കാരിലെ വിദ്യാഭ്യാസ മന്ത്രിയും പുതുക്കാട് എംഎൽഎയുമായ സി. രവീന്ദ്രനാഥ്, ശശിധരൻ കർത്തയുടെ ഭാര്യാസഹോദരനാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി കർത്തയ്ക്ക് ഉറ്റബന്ധവുമുണ്ട്. ശക്തമായ എഡിറ്റോറിയൽ നിലപാടെടുക്കുന്ന മാതൃമലയാളം ഈ ബന്ധങ്ങൾക്കിടയിൽ കല്ലുകടിയാവുമെന്ന ഭയവും മാനേജുമെന്റിനുണ്ടായിരുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്. അതിനിടെ ഒരു പ്രഭാത ദിനപത്രം ആരംഭിക്കാമെന്ന നിർദ്ദേശവുമായി ശശിധരൻ കർത്ത കുറച്ചുനാൾ മുൻപ് കലാകൗമുദി ഗ്രൂപ്പിനെ സമീപിച്ചിരുന്നു. എന്നാൽ ഇടത് സർക്കാർ അധികാരത്തിൽ എത്തിയതിനാൽ തൽക്കാലം ഇത്തരം ഇടപെടൽ വേണ്ടെന്ന് തിരിച്ചറിയുകയാണ് കർത്ത.
കരിമണൽ വ്യവസായത്തിലെ വിവാദങ്ങളിലൂടെയാണ് കർത്തയുടെ പേര് കേട്ടുപരിചയമായത്. പി കെ കുഞ്ഞാലിക്കുട്ടി താൽപ്പര്യമെടുത്ത് ആലപ്പുഴ തീരത്ത് ഖനനം കരിമണൽ ഖനനം നടത്തണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചപ്പോൾ വി എം സുധീരൻ എതിർപ്പുമായി രംഗത്തെത്തിയത് ചരിത്രം. പിൽക്കാലത്ത് ഇടതെന്നോ വലതെന്നോ ബിജെപിയെന്നോ വ്യത്യാസമില്ലാതെ എല്ലാ രാഷ്ട്രീയ നേതാക്കളെയും പോക്കറ്റിലാക്കി ശശിധരൻ കർത്തയെന്ന വ്യവസായി കരിമണൽ വ്യവസായത്തിലെ അതികായനായി. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ). പൊതുമേഖലാ സ്ഥാപനമായ ചവറയിലെ കെഎംആർഎല്ലിനെ പോലും വെല്ലുന്ന വിധത്തിൽ സിഎംആർഎൽ കോടികൾ കൊയ്തുകൂട്ടിയപ്പോൾ മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരുമെല്ലാം കർത്തയുടെ വഴിയേയായി. എതിർശബ്ദങ്ങളെ നിശബ്ദമാക്കാൻ പത്രങ്ങൾക്കും ചാനലുകൾക്കും കോടികൾ വാരിക്കോരി നൽകി. പരിസ്ഥിതി പ്രേമിയായ വി എസ് അച്യുതാനന്ദനും കർത്തയും തമ്മിലുള്ള സുഹൃത് ബന്ധവും ഇതിനിടെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. എന്നാൽ കോടികൾ വ്യവസായത്തിനായി മുടക്കിയിട്ടും മാദ്ധ്യമ സുഹൃത്തുക്കൾ ധാരാളം ഉണ്ടായിട്ടും ഒരു 'പേരില്ല' എന്ന തോന്നലിൽ നിന്നാണ് കർത്ത പത്രം തുടങ്ങിയത്.
തന്റെ കരിമണൽ വ്യവസായത്തിന് അനുകൂല സാഹചര്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കർത്ത പത്രം ആരംഭിച്ചത്്. കരിമണൽ ഖനനത്തിനെതിരെ പ്രാദേശിക തലത്തിൽ എതിർപ്പുകൾ ഇപ്പോഴും നിലനില നിന്നിരുന്നു്. ഇത്തരം എതിർപ്പുകളെ പത്രത്തന്റെ സ്വാധീനം ഉപയോഗിച്ച് മറികടക്കാനായിരുന്നു ശ്രമം. കുട്ടനാട് പാക്കേജ് അടക്കമുള്ള വിഷയങ്ങൾ ഉയർത്തി കർഷകരുടെ മനസിൽ ഇടംപിടിക്കാനുള്ള ശ്രമവും നടത്തി. കർത്തയുടെ സിഎംആർഎല്ലിന് കരിമണൽ കിട്ടാത്ത ഘട്ടം വന്നപ്പോൾ മാദ്ധ്യമങ്ങളെയും തൊഴിലാളി സംഘടനകളെയും വിലയ്ക്കെടുത്ത സംഭവത്തിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. സെക്രട്ടറിയേറ്റ് പടിക്കൽ കർത്ത സ്‌പോൺസർ ചെയ്ത തൊഴിലാളി സമരത്തിൽ എളമരം കരീമും ചന്ദ്രശേഖരനമൊക്കെ പങ്കാളികളായിരുന്നു. ഇതാകട്ടെ സ്‌പോൺസേഡ് പരിപാടിയായി ചാനലുകൾ സംപ്രേഷണം ചെയ്യുകയുമുണ്ടായി.
രാഷ്ട്രപതി പ്രണബ് മുഖർജി കേരളം സന്ദർശിക്കാൻ എത്തിയ വേളയിലും സ്വയം പ്രശസ്തനാകാനുള്ള പബ്ലിക് റിലേഷൻസ് തന്ത്രങ്ങളുമായി കർത്ത രംഗത്തെത്തിയിരുന്നു. പ്രണബ് മുഖർജിയിൽ നിന്നും കർത്ത അവാർഡ് ഏറ്റുവാങ്ങുമെന്ന് മാദ്ധ്യമങ്ങളിൽ വൻ പരസ്യം നൽകിയെങ്കിലും അവാർഡ് ഏറ്റുവാങ്ങിയ വാർത്ത എങ്ങുമുണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പത്രം തുടങ്ങിയത്. എന്നാൽ യുഡിഎഫ് സർക്കാർ അധികാരത്തിൽ നിന്ന് പുറത്തായതോടെ പത്രം തിരിച്ചടിയാകുമെന്ന് ചിലർ ഉപദേശിച്ചു. പത്രത്തിലെ വാർത്തകൾ മുഖ്യമന്ത്രി പിണറായി വിജയനെ പിണക്കിയാൽ എല്ലാം കൈവിട്ടുപോകുമെന്ന് കർത്തയും തിരിച്ചറിഞ്ഞു. ഇതാണ് പത്രത്തിന് പൂട്ടിടാൻ കാരണമെന്നാണ് സൂചന.