ചെന്നൈ: രണ്ടില ചിഹ്നം സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശശികല പക്ഷം നേതാവ് ടി.ടി.വി ദിനകരൻ. തിരഞ്ഞെടുപ്പ് കമ്മിഷൻ പക്ഷപാതമായി പെരുമാറുകയാണെന്നും കേന്ദ്രത്തിന്റെ താൽപര്യം സംരക്ഷിക്കാനാണ് ശ്രമമെന്നും ടി.ടി.വി ദിനകർ ആരോപിച്ചു. എഐഎഡിഎംകെയുടെ പേരും ചിഹ്നവും ഉപയോഗിക്കാൻ ഒ.പി.എസ്-ഇ.പി.എസ് പക്ഷത്തിനാണ് കമ്മിഷൻ അനുവാദം നല്കിയത്. കമ്മിഷൻ രാഷ്ട്രീയം കളിച്ചെന്നും ദിനകരൻ പറഞ്ഞു.

111 എംഎ‍ൽഎമാരുടെയും 42 എംപിമാരുടെയും പിന്തുണയുള്ളതുകൊണ്ടാണ് ഇ.പി.എസ്-ഒ.പി.എസ് വിഭാഗത്തിന് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ രണ്ടില ചിഹ്നം അനുവദിച്ചിരിക്കുന്നത്. ഇതേ സാഹചര്യം മുമ്പ് ശശികലയ്ക്കുണ്ടായിരുന്നു. അന്ന് 122 എംഎ‍ൽഎമാരുടെയും 32 എംപിമാരുടേയുമായിരുന്നു പിന്തുണ, പക്ഷെ അന്നവർക്ക് രണ്ടില ചിഹ്നം അനുവദിച്ചിരുന്നില്ല. അത് എന്തുകൊണ്ടായിരുന്നുവെന്നും ദിനകരൻ ചോദിച്ചു. കേന്ദ്രത്തിന്റെ പിന്തുണയോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ രാഷ്ട്രീയ കളിക്കുന്നുവെന്നതിന്റെ യഥാർഥ ഉദാഹരണം ഈ സാഹചര്യം പരിശോധിച്ചാൽ മനസ്സിലാവുമെന്നും ദിനകരൻ പറഞ്ഞു.

എ.ഐ.എ.എഡി.എം.കെയിലെ പല പ്രവർത്തകരും തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ പ്രത്യേകം ഹർജി നൽകാൻ ഒരുങ്ങുന്നുണ്ട്. പാർട്ടിയും ജനങ്ങളും ഞങ്ങളുടെയൊപ്പമാണെന്നും ദിനകരൻ പറഞ്ഞു. ജയലളിതയുടെ മരണ ശേഷം യഥാർഥ പാർട്ടി തങ്ങളുടേതാണെന്ന് പറഞ്ഞ് ശശികല പക്ഷമാണ് രണ്ടില ചിഹ്നത്തിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. പക്ഷെ അവർക്ക് കനത്ത തിരിച്ചടി നൽകികൊണ്ടാണ് കമ്മിഷൻ പാർട്ടിയുടെ പേരും ചിഹ്നവും ഒ.പി.എസ്-ഇ.പി.എസ് വിഭാഗത്തിന് ഉപയോഗിക്കാമെന്ന ഉത്തരവിട്ടത്. ശശികല പക്ഷത്തിന് ജനപിന്തുണ ഇല്ല എന്ന കാരണം പറഞ്ഞാണ് രണ്ടില ശശികല വിഭാഗത്തിന് നൽകാതിരുന്നത്. ജയലളിതയുടെ മരണത്തെ തുടർന്നുണ്ടായ അധികാരത്തർക്കങ്ങളാണ് എ.ഐ.എ.എഡി.എം.കെയുടെ പിളർപ്പിലേക്ക് നയിച്ചത്.