ബെംഗളൂരു: എഐഎഡിഎംകെ ജനറൽ സെക്രട്ടറി വികെ ശശികലയ്ക്ക് അഗ്രഹാര ജയിലിൽ വിഐപി ട്രീറ്റ്മെന്റ് ലഭിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടെന്ന് ജയിൽ ഡിഐജി ഡി രൂപയുടെ റിപ്പോർട്ട്. ജയിൽ ഡിജിപി എച്ച്എൻ സത്യനാരായണറാവുവിന് നല്കിയ രണ്ടാമത്തെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

സന്ദർശക ഗാലറിയിലുള്ള രണ്ട് ക്യാമറകളിലെ ദൃശ്യങ്ങളാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ശശികലയ്ക്കായി പ്രത്യേക മുറി നല്കിയിരിക്കുന്നതും അവർ നിയന്ത്രണങ്ങളൊന്നുമില്ലാതെ സന്ദർശകരോട് സംസാരിക്കുന്നതിന്റെയും തെളിവായിരുന്നു ആ ദൃശ്യങ്ങൾ. അവ കൃത്യമായി റെക്കോഡ് ചെയ്തിരുന്നതുമാണ്. എന്നാൽ ഇപ്പോൾ ദൃശ്യങ്ങൾ കാണാനില്ലെന്നും ആരോ അത് മനപ്പൂർവ്വം മായ്ച്ചുകളഞ്ഞതാണെന്നുമാണ് രൂപയുടെ റിപ്പോർട്ടിൽ പറയുന്നത്.

രണ്ട് കോടി രൂപ കോഴ വാങ്ങി ജയിൽ ഡിജിപി ശശികലയ്ക്ക് പ്രത്യേക സൗകര്യങ്ങൾ ചെയ്തുകൊടുക്കുകയാണെന്ന രൂപയുടെ റിപ്പോർട്ട് കഴിഞ്ഞദിവസം ഏറെ വിവാദമായിരുന്നു. ഇതിന്റെ പേരിൽ മുഖ്യമന്ത്രി രൂപയെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു

സംഭവത്തിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഒപ്പം മാധ്യമങ്ങൾക്കു മുന്നിൽ ഇത്തരം വെളിപ്പെടുത്തൽ നടത്തുന്നത് സർവീസ് നിയമങ്ങൾക്കെതിരാണെന്നും അതിനാൽ രൂപയ്‌ക്കെതിരേ നടപടിയെടുക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

രഹസ്യ സ്വഭാവമുള്ള ഒന്നും താൻ മാധ്യമങ്ങളോട് പറഞ്ഞിട്ടില്ലെന്നും തന്റെ മേലധികാരിയായ ജയിൽ ഡിജിപിയോടാണ് ഇക്കാര്യം പറഞ്ഞതെന്നും മാധ്യമങ്ങളോട് ഇത് പറഞ്ഞത് മറ്റൊരു ഉദ്യോഗസ്ഥനാണെന്നും രൂപ പ്രതികരിച്ചു. എന്നാൽ, മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്നും ശശികലയ്ക്ക് പ്രത്യേക പരിഗണന ഒന്നും ലഭിക്കുന്നില്ലെന്നും അവരെ സ്ത്രീകളെ പാർപ്പിച്ചിരിക്കുന്ന സാധാരണ ജയിലിലാണ് താമസിപ്പിച്ചിരിക്കുന്നതെന്നും ജയിൽ ഡിജിപി സത്യനാരായണ റാവുവും വ്യക്തമാക്കിയിരുന്നു.