കൊച്ചി: ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയെ തള്ളാതെ ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചറുടെ പ്രതികരണം. കോടതി വിധിയെ അംഗീകരിക്കുന്നുവെന്ന് പറഞ്ഞ ശശികല ടീച്ചർ മറ്റ് മതാചാരണങ്ങളുടെ കാര്യത്തിലും ഈ ഇടപെടൽ നടത്തുമോയെന്നും ചോദിച്ചു. ഹൈന്ദവ ആചാരങ്ങളിൽ കോടതിക്ക് ഇടപെടാൻ സാധിക്കുമെങ്കിൽ മറ്റു പല ആരാധനാലയങ്ങളിലും ഇത് ബാധകമാകുമോ? എന്ന ചോദ്യമാണ് കെ പി ശശികല ടീച്ചർ ഉന്നയിച്ചത്. തൃപ്തി ദേശായി മാത്രമല്ല ഹൈന്ദവ സമൂഹത്തിനും രാഷ്ട്രത്തിനും എതിരായി സംസാരിക്കുന്ന നാവുകളൊക്കെ മറ്റാരോ വിലയ്ക്കെടുക്കുന്നുവെന്നും അവർ പ്രതികരിച്ചു.

ശശികല ടീച്ചറുടെ പ്രതികരണം ഇങ്ങനെ:

ഇന്ത്യൻപൗര എന്ന നിലയിൽ സുപ്രീംകോടതി വിധിയെ അനാദരിക്കാൻ എനിക്ക് കഴിയില്ല. അതുകൊണ്ട് കോടതി വിധി മാനിക്കുന്നു. പക്ഷെ ഉള്ളിലുള്ള കാര്യം, ഇത് കോടതിവരെ എത്തണമായിരുന്നോ കോടതിക്ക് തീരുമാനമെടുക്കാൻ വിടണമായിരുന്നോ എന്ന ചോദ്യം ഉയരുന്നുണ്ട്. സർക്കാരും ദേവസ്വവും ഹൈന്ദവസംഘടനകളെയും ഹൈന്ദവ വിശ്വാസികളെയും വിശ്വാസത്തിലെടുത്തുകൊണ്ട് ഈ വിഷയത്തിൽ ഒരു ചർച്ചയിലൂടെ സമവായത്തിൽ എത്തണമായിരുന്നു.

അതിനുള്ള അവസരം സർക്കാർ ഉപയോഗിച്ചില്ല എന്ന പരാതി നിലനിൽക്കുന്നു. ശബരിമലയ്ക്ക് പോകണോ വേണ്ടയോ എന്ന് തീരുമാനമെടുക്കേണ്ടത് ഭക്തരാണ്. പന്ത് ഇപ്പോൾ ഭക്തരുടെ പോസ്റ്റിലാണ്. ഇന്ത്യൻ ഭരണഘടനയനുസരിച്ച് ഇത്തരം ആചാരങ്ങളിൽ കോടതിക്ക് ഇടപെടാൻ സാധിക്കുമെന്ന് ചിന്തിക്കുകയാണെങ്കിൽ മറ്റുപല ആരാധനാലയങ്ങളിലും ഇത് ബാധകമാകുമോ? എല്ലാ ആരാധനാലയങ്ങളിലും ഇത് നടപ്പാക്കാൻ സുപ്രീംകോടതി തയ്യാറാകുമോ? എല്ലാ സമൂഹങ്ങളിലും നിലനിൽക്കുന്ന ഇത്തരം ആചാരങ്ങളിൽ സുപ്രീംകോടതി ഇടപെടുമോ?

അധികാരം പ്രയോഗിക്കുമോ എന്നുള്ളവ വരുംനാളുകളിൽ ഉറ്റുനോക്കുകയാണ്. തൃപ്തിദേശായി മാത്രമല്ല ഹൈന്ദവസമൂഹത്തിനും രാഷ്ട്രത്തിനുമെതിരായി സംസാരിക്കുന്ന നാവുകളൊക്കെ മറ്റാരോ വിലയ്ക്കെടുക്കുന്നതാണ്. അവർ ഫണ്ട് ചെയ്യുന്നതു തന്നെയാണ്. അതവരുടെ അത്യുത്സാഹം കണ്ടാലറിയാം. ഇപ്പറയുന്ന തൃപ്തി ദേശായി കേരളത്തിലെ മറ്റൊരു അമ്പലത്തിലും വന്നിട്ടില്ല. ഗുരുവായൂർ വന്നിട്ടുണ്ടോ എന്നറിയില്ല. ശബരിമല തന്നെ തെരഞ്ഞെടുത്തതിന് പിന്നിൽ അജണ്ടയുണ്ട്. വിധിയെ ആദരിച്ചുകൊണ്ട് തന്നെ ഭക്തർക്ക് നിലപാടെടുക്കാം.