കൊച്ചി: ഓണവുമായി ബന്ധപ്പെട്ട് ആർഎസ്എസിന്റെ മുഖപത്രമായ കേസരി വാമനന്റെ ചിത്രം പ്രസിദ്ധീകരിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ സംഘപരിവാറിനെ കടത്തിവെട്ടുന്ന വിശദീകരണമൊരുക്കി വിശ്വഹിന്ദു പരിഷത്ത് നേതാവ് ശശികല. കേരളം ഭരിച്ച സാമ്രാജ്യത്വശക്തിയായ മഹാബലിയിൽ നിന്ന് ഒരു കുഞ്ഞിക്കാൽ വച്ച് കേരളത്തെ മോചിപ്പിച്ച സ്വാതന്ത്ര്യസമര സേനാനിയാണ് വാമനൻ. മഹാവിഷ്ണുവിന്റെ അവതാരമാണ് വാമനൻ. മഹാബലി പോലും ആരാധിക്കുന്നതാണ് മഹാവിഷ്ണുവിനെ. അതിനെ ഇകഴ്‌ത്താൻ ഓണം പ്രയോജനപ്പെടുത്തരുതെന്നും ശശികല ടീച്ചർ പറഞ്ഞു. റിപ്പോർട്ടർ ടിവിക്ക് നൽകിയ പ്രതികരണത്തിലാണ് ശശികലയുടെ പ്രതികരണം.

തിരുവോണം വാമനാവതാര ദിനമാണെന്നാണ് ആർഎസ്എസ് നിലപാട്. തിരുവോണം വാമനജയന്തിയാണെന്ന് മുഖപത്രം കേസരിയും വ്യക്തമാക്കുന്നു. വാമന മൂർത്തിയെയാണ് ഓണത്തപ്പനായി പൂജിക്കുന്നതെന്നും മഹാബലിയെ ഓണത്തപ്പനായി തെറ്റിദ്ധരിക്കുകയാണ് ജനങ്ങളെന്നും കേസരി പറഞ്ഞതിന് പിന്നാലെയാണ് സ്വാതന്ത്ര്യസമരവും സാമ്രാജ്യത്വ ശക്തികളുമെന്ന വിശദീകരണം ശശികല ടീച്ചർ നടത്തിയത്.

ശശികല ടീച്ചറുടെ നിലപാടിൽ കുടത്ത അസംതൃപ്തി രേഖപ്പെടുത്തി വി.ടി. ബലറാം ഉൾപെടെയുള്ള പ്രമുഖർ ഇതിനോടകം തന്നെ രംഗത്ത് വന്നു കഴിഞ്ഞു. ട്രോളുകൾ ഇറക്കിയും സൈബർ ലോകത്ത് ആഘോഷം തുടങ്ങി. നന്മയും ധർമ്മവും സ്ഥാപിക്കാനെന്ന പേരിൽ ജനപ്രിയനായ ഒരു ഭരണാധികാരിയെ അട്ടിമറിച്ചവർക്കൊപ്പമല്ല മലയാളികളുടെയെങ്കിലും മനസ്സ് എന്നതാണ് ഇന്ത്യയിൽ മറ്റെവിടെയുമില്ലാത്ത ഇങ്ങനെയൊരാഘോഷം കേരളത്തിൽ സാധ്യമാക്കിയത്. അതുകൊണ്ട് നമുക്ക് ഓണത്തെ ഇങ്ങനെത്തന്നെ നിലനിർത്താം, ഈ നാടിനെ വാമനന്മാർക്കായി വിട്ടുകൊടുക്കാതിരിക്കാം. എന്ന് വി.ടി. ബലറാം ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.

ബലറാമിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം...

എന്തുകൊണ്ടാണ് ഞങ്ങളൊക്കെ ഈ ടൈപ്പ് ആളുകളെ എതിർക്കേണ്ടി വരുന്നതെന്ന് ഇതൊക്കെ കാണുമ്പോഴെങ്കിലും നിഷ്‌ക്കളങ്കരായ ഹൈന്ദവ സഹോദരീ സഹോദരന്മാർക്ക് മനസ്സിലാകുമെന്ന് കരുതുന്നു. എത്രയോ വർഷങ്ങളായി ഏതാണ്ടെല്ലാ മലയാളികളും ജാതി, മത ഭേദമന്യേ കേരളത്തിന്റെ ഒരു പൊതു ആഘോഷമായി ഏറ്റെടുത്ത ഓണത്തെപ്പോലും വർഗീയമായും വിഭാഗീയമായും മാറ്റാനുള്ള ഇത്തരം സംഘ് പരിവാർ നീക്കങ്ങളെയാണ് നമുക്കൊക്കെ തുറന്ന് കാണിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടി വരുന്നത്.

ഇതിന്റെയൊക്കെ തുടർച്ചയായാണ് നിലവിളക്ക് പോലുള്ളവയും വിവാദമാവുന്നത്. അതായത് ഒരു നാട്ടാചാരം എന്ന നിലയിൽ സാധാരണഗതിയിൽ എല്ലാവർക്കും ഒരുപക്ഷേ യോജിക്കാവുന്ന നിലവിളക്ക് കൊളുത്തൽ പോലും പലർക്കും തങ്ങളുടെ വിശ്വാസങ്ങളെ ഹനിക്കുന്നതായി തോന്നാനിടവരുത്തുന്നത് മറുഭാഗത്തുനിന്ന് വിളക്ക് കൊളുത്തലിനെ ഒരു ഹൈന്ദവാചാരമാക്കി മാറ്റാനുള്ള സംഘ് പരിവാറിന്റെ നീക്കങ്ങളാണ്. വിളക്ക് കൊളുത്തുന്നതിനുപിന്നിൽ ഒരു 'ശാസ്ത്ര'മുണ്ട്, അതങ്ങനെയാണ് കൊളുത്തേണ്ടത്, ഇങ്ങനെയാണ് കൊളുത്തേണ്ടത് എന്നൊക്കെ ചിലർ ഏകപക്ഷീയമായി വിധി പ്രസ്താവിക്കുമ്പോൾ 'എന്നാപ്പിന്നെ നിങ്ങളായി നിങ്ങടെ പാടായി, ഇത്രയൊക്കെ ബുദ്ധിമുട്ടി വിളക്ക് കൊളുത്തേണ്ട കാര്യം ഞങ്ങൾക്കില്ല' എന്ന് താത്പര്യമില്ലാത്തവർക്ക് പറയേണ്ടി വരും. അപ്പോൾപ്പിന്നെ 'നിങ്ങൾക്കെന്താ കൊളുത്തിയാല്? വിളക്ക് വെളിച്ചമല്ലേ? വെളിച്ചത്തോടെന്തിനാ അലർജി?' എന്നൊന്നും പരിതപിച്ചിട്ട് കാര്യമില്ല.

അതുകൊണ്ട് ഓണത്തെ ഒരു മതേതര ആഘോഷമെന്നതിൽ നിന്ന് മാറ്റി സവർണ്ണവൽക്കരിക്കാനും ഹിന്ദുത്വവൽക്കരിക്കാനുമുള്ള ശ്രമങ്ങളെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കേണ്ടതുണ്ട്. ഓണത്തിന്റെ പിന്നിലെ ഐതിഹ്യങ്ങളൊക്കെ മിത്തുകൾ അഥവാ കെട്ടുകഥകൾ തന്നെയാണ്. അതിൽ മഹാബലിയുടെ കഥ തെറ്റ്, വാമനന്റെ കഥ മാത്രം ശരി എന്നൊക്കെ വാശിപിടിക്കുന്നതും വളച്ചൊടിക്കുന്നതും ശുദ്ധഭോഷ്‌ക്കാണ്. പഴയ കാർഷിക സമൂഹത്തിലെ വിളവെടുപ്പുത്സവത്തിൽ നിറം പിടിപ്പിക്കാനായി പിൽക്കാലത്ത് കൂട്ടിച്ചേർക്കപ്പെട്ടതോ തന്നത്താൻ വന്നുചേർന്നതോ ആയവ തന്നെയാണ് ഈ മിത്തുകളും വിശ്വാസങ്ങളുമൊക്കെ. അതിൽനിന്ന് ഭേദപ്പെട്ട മിത്തിനെ സ്വീകരിക്കുക എന്നതേ നമുക്ക് ചെയ്യാനാവൂ. ആ സ്വീകാര്യമായ മിത്ത് ദലിത് സ്വത്വത്തെ പ്രതിനിധീകരിക്കുന്ന മഹാബലിയുടേത് തന്നെയാണ്, ബ്രാഹ്മണ്യത്തെ പ്രതിനിധീകരിക്കുന്ന വാമനന്റേതല്ല. ആദ്യം കുറേക്കാലം മഹാബലിയെ പൂണൂലിടീപ്പിക്കാൻ നോക്കിയതും പിന്നീടിപ്പോൾ ശരിക്കുള്ള ബ്രാഹ്മണനേത്തന്നെ മഹാബലിയെന്ന കീഴാളനുമേൽ പ്രാധാന്യത്തോടെ അവരോധിക്കുന്നതും ഒരേ ആശയത്തിന്റെ തുടർച്ച തന്നെയാണ്.

മഹാബലി അഹങ്കാരിയായിരുന്നു എന്നതാണത്രേ ഏറ്റവും വലിയ കുറ്റം! സ്വന്തം ശരികളിൽ വിശ്വാസമുള്ള, ജനങ്ങൾ നൽകുന്ന പിന്തുണയിൽ നിന്ന് ഊർജ്ജമുൾക്കൊള്ളുന്ന ആളുകൾ മറ്റ് സ്ഥാപിത താത്പര്യക്കാരുടെ കണ്ണിൽ അൽപം അഹങ്കാരികൾ തന്നെയായിരിക്കും. പ്രത്യേകിച്ചും വ്യവസ്ഥാപിത അധികാര കേന്ദ്രങ്ങളെ ചോദ്യം ചെയ്യാൻ കൂടി തുടങ്ങുമ്പോൾ. അപ്പോൾ ഇല്ലാത്ത കാരണങ്ങൾ പറഞ്ഞ് ചതിപ്രയോഗത്തിലൂടെ വെട്ടിവീഴ്‌ത്തുക എന്നതല്ലാതെ അസൂയക്കാർക്ക് മറ്റ് മാർഗ്ഗമില്ല. ഏതായാലും നന്മയും ധർമ്മവും സ്ഥാപിക്കാനെന്ന പേരിൽ ജനപ്രിയനായ ഒരു ഭരണാധികാരിയെ അട്ടിമറിച്ചവർക്കൊപ്പമല്ല മലയാളികളുടെയെങ്കിലും മനസ്സ് എന്നതാണ് ഇന്ത്യയിൽ മറ്റെവിടെയുമില്ലാത്ത ഇങ്ങനെയൊരാഘോഷം കേരളത്തിൽ സാധ്യമാക്കിയത്. അതുകൊണ്ട് നമുക്ക് ഓണത്തെ ഇങ്ങനെത്തന്നെ നിലനിർത്താം, ഈ നാടിനെ വാമനന്മാർക്കായി വിട്ടുകൊടുക്കാതിരിക്കാം.