- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യദ്രോഹക്കേസുകൾ രാഷ്ട്രീയ ഫാഷനാകുന്നു'; ഭൂരിഭാഗം കേസുകളും അവസാനിക്കുന്നത് തെളിവുകളില്ലാതെ; മുതിർന്ന മാധ്യമ പ്രവർത്തകൻ സുപ്രീം കോടതിയിൽ; രാജ്യദ്രോഹക്കേസുകൾ ചുമത്തിയുള്ള നടപടികൾ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ശശികുമാർ
ന്യൂഡൽഹി: മാധ്യമ പ്രവർത്തകർ, ആക്റ്റിവിസ്റ്റുകൾ, സിനിമ പ്രവർത്തകർ തുടങ്ങിയ മേഖലയിലുള്ളവർക്കെതിരെ രാഷ്ട്രീയ പ്രേരിതമായി രാജ്യ ദ്രോഹക്കുറ്റം ചുമത്തുന്നതായി മുതിർന്ന മാധ്യമ പ്രവർത്തകൻ ശശി കുമാർ. ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് ശശി കുമാർ. ഇത്തരം നീക്കങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
രാജ്യദ്രോഹക്കേസുകൾ ചുമത്തിയുള്ള നടപടികൾ ഭരണ ഘടന അനുശാസിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ഹനിക്കുന്നതാണ്. 'അഭിപ്രായ സ്വാതന്ത്ര്യ ഇല്ലാതാക്കുന്ന രീതിയിൽ നിയമം ഉപയോഗിക്കരുതെന്നുള്ള 2010ലെ മുൻ കേസുകളിലെ വിധിയും ഹർജി ഉദ്ധരിക്കുന്നു. രാജ്യ ദ്രോഹക്കുറ്റം ഉൾപ്പെടുന്ന വകുപ്പുകൾ ചുമത്താതെ തന്നെ അക്രമം, പൊതുക്രമം, രാജ്യ സുരക്ഷയ്ക്ക് ഭീഷണി തുടങ്ങിയ വിഷയങ്ങൾ കാര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യാൻ ഇന്ത്യൻ ക്രിമിനൽ നിയമത്തിൽ വ്യവസ്ഥകളുണ്ടെന്നും ശശി കുമാർ ചൂണ്ടിക്കാട്ടുന്നു.
മാധ്യമ പ്രവർത്തകർ, ആക്റ്റിവിസ്റ്റുകൾ, സിനിമ പ്രവർത്തകർ, പൊതു പ്രവർത്തകർ എന്നിവർക്കെതിരായ ഇത്തരം നീക്കങ്ങൾ 'രാഷട്രീയ ഫാഷനായി' മാറിയിരിക്കുകയാണെന്നുമാണ് ഹർജിയിലെ ആരോപണം. കാലാവസ്ഥ ആക്റ്റിവിസ്റ്റ് ദിഷ രവി, മാധ്യമപ്രവർത്തകരായ വിനോദ് ദുവ, സിദ്ദീഖ് കാപ്പൻ, സംവിധായിക ഐഷ സുൽത്താന എന്നിവർക്ക് എതിരായ നടപടികളും ഹർജിയിൽ പരാമർശിക്കുന്നു.
രാജ്യദ്യോഹക്കുറ്റം ചുമത്തി നിയമ നടപടികൾ സ്വീകരിക്കുന്നതിൽ 2016 മുതൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ട്. 2016 ൽ 35 കേസുകളെടുത്തപ്പോൾ 2019 ൽ ഇത് 93 കേസുകളായി ഉയർന്നു. ഈ 93 കേസുകളിൽ 17 ശതമാനത്തിൽ മാത്രമാണ് കുറ്റപത്രം സമർപ്പിച്ചിട്ടുള്ളത്. ശിക്ഷാ നിരക്കും വളരെ കുറവാണ്. 3.3 ശതമാനമാണ് ശിക്ഷാ നിരക്ക്.
2019 ൽ 21 കേസുകൾ തെളിവുകളില്ലാതെ അവസാനിപ്പിച്ചിട്ടുണ്ട്. രണ്ട് കേസുകൾ വ്യാജമാണെന്നും ആറ് കേസുകൾ സിവിൽ തർക്കങ്ങളാണെന്നും കണ്ടെത്തിയതായും ശശി കുമാർ ഹർജിയിൽ വ്യക്തമാക്കുന്നു. രാജ്യദ്രോഹ കുറ്റം വ്യവസ്ഥ ചെയ്യുന്ന ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 124 എ യുടെ ഉപയോഗം പരിശോധിക്കണമെന്ന് സുപ്രീം കോടതി അടുത്തിടെ വ്യക്തമാക്കിയ കാര്യവും ഹർജി പരാമർശിക്കുന്നുണ്ട്.അഭിഭാഷകരായ കാളീശ്വരം രാജ്, നിഷ രാജൻ ഷോങ്കർ, തുളസി എ. രാജ് എന്നിവർ മുഖേനയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ