ചിറക്കടവ് : മൂംബൈയിൽ ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടി നിരവിധി ജീവനുകളെ ചുഴറ്റിയെടുത്തപ്പോൾ അതിൽ തങ്ങളുടെ മകൻ ഉണ്ടാകരുതെ എന്ന പ്രാർത്ഥനയിലായിരുന്നു മൂങ്ങത്ര ഇടഭാഗം അരിഞ്ചിടത്ത് വീട്.അപകടത്തിൽ മരണപ്പെട്ടവരുടെ കൂട്ടത്തിൽ മകന്റെ പേര് കാണാത്തതിനാൽ തന്നെ ദിവസങ്ങൾ മാത്രം ശേഷിക്കുന്ന വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി സസിന് വേണ്ടി കാത്തിരിക്കുകയായിരുന്നു പിതാവ് എ.എം.ഇസ്മായിലും കുടുംബവും.എന്നാൽ നാല് ദിവസങ്ങൾക്കിപ്പുറം ആ കുടുംബത്തെത്തേടിയെത്തിയത് സസിന്റെ വിയോഗ വാർത്തയായിരുന്നു.

മുംബൈയിൽ ഒഎൻജിസിയുടെ കരാർ കമ്പനി മാത്യു അസോഷ്യേറ്റ് ഹൂക് അപ് ആൻഡ് വെൽഡ് സർവീസിൽ പ്രോജക്ട് എൻജിനീയറായിരുന്നു സസിൻ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ചുഴലിക്കാറ്റിൽ പെട്ട് കടലിൽ മുങ്ങിയ ബാർജിൽ ഉണ്ടായിരുന്ന മകൻ സസിന്റെ തിരിച്ചു വരവിനായി 4 ദിവസമായി പ്രാർത്ഥനയിലായിരുന്നു കുടുംബം.

ഇവിടേക്കാണ് വെള്ളിടി പോലെ മകന്റെ വിയോഗ വാർത്ത എത്തിയത്.ദുരന്ത വിവരം അറിഞ്ഞ് സസിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചിരുന്നില്ല. എങ്കിലും അപകടത്തിൽ പെട്ടവരുടെ പേരുകളിലൊന്നും സസിനില്ലാത്തത് പ്രതീക്ഷയായി. പക്ഷേ ഇന്നലെ രാവിലെ കമ്പനി അധികൃതർ മരണം സ്ഥിരീകരിച്ചു.

കാഞ്ഞിരപ്പള്ളി എകെജെഎം സ്‌കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം പത്തനംതിട്ട മുസല്യാർ എൻജിനീയറിങ് കോളജിൽ ബിടെക് പഠനം പൂർത്തിയാക്കി. 3 വർഷം മുൻപാണ് മുംബൈ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചത്. സസിന്റെ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ എല്ലാം അവസാനഘട്ടത്തിൽ എത്തിയപ്പോഴാണ് മരണം സസിനെ കവർന്നത്.

മൃതദേഹം നാട്ടിലെത്തിക്കുന്നതു സംബന്ധിച്ച് തീരുമാനമായില്ല. കമ്പനി അധികൃതർ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതായി അടുത്ത ബന്ധുക്കൾ പറഞ്ഞു.