കൊല്ലം: ശാസ്താംകോട്ടയിൽ ഇന്നലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ചുകാരി ലൈംഗിക പീഡനത്തിനിരയായതായി വിവരം. മൈനാഗപ്പള്ളി കടപ്പാ എൽ.വി.എച്ച്.എസ്സിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി മൈനാഗപ്പള്ളി ഇടവശ്ശേരി ആരള്ളയിൽ നാസറിന്റെയും സുമയുടെയും മകൾ നജില (15)യെയാണ് ഇന്നലെ രാവിലെ പത്ത് മണിക്ക് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ അയൽവാസിയായ മന്ത്രവാദിനി പെൺകുട്ടിയെ മന്ത്രവാദത്തിനായി തമിഴ്‌നാട്ടിലേക്ക് കൊണ്ടു പോയിരുന്നതായി വിവരം ലഭിച്ചു. തുടർന്ന് മന്ത്രവാദിനിയായ അയൽവാവി റംസീനയെ (29) ശാസ്താംകോട്ട പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ ഇവർ മരിച്ച പെൺകുട്ടിയേയും മുത്തസഹോദരിയേയും പലർക്കും കാഴ്ചവച്ചതായി സമ്മതിച്ചതായി പൊലീസിൽ നിന്നും മറുനാടന് വിവരം ലഭിച്ചു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മാർട്ടത്തിൽ പെൺകുട്ടി ലൈംഗിക പീഡനത്തിനിരയായതായി തെളിഞ്ഞു. മൈനാഗപ്പള്ളി ഇടവനശ്ശേരി കൊടിമുക്കിൽ താമസിക്കുന്ന റംസീന നാട്ടിൽ അറിയപ്പെടുന്ന മന്ത്രവാദിനിയായിരുന്നു. അഞ്ച് വർഷം മുൻപാണ് റംസീനയും ഭർത്താവ് മുജീബും പെൺകുട്ടിയുടെ വീടിന് സമീപം താമസിക്കാനെത്തുന്നത്.

പെൺകുട്ടിയുടെ പിതാവും റംസീനയുടെ ഭർത്താവും സുഹൃത്തുക്കളായതിനാൽ റംസീന പെൺകുട്ടിയുടെ വീട്ടിലെ സ്ഥിരം സന്ദർശ്ശയായിരുന്നു. പെൺകുട്ടിയുടെ കുടുംബം സാമ്പത്തികമായി ഏറെ പിന്നിലായിരുന്നു. ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ട് മനസ്സിലാക്കിയ റംസീന രണ്ട് പെൺമക്കളെയും ഒപ്പം വിട്ടയച്ചാൽ മന്ത്രവാദം പഠിപ്പിക്കാമെന്നും കുടുംബത്തിലെ ദുഷ്ട ശക്തികളെ ഒഴിപ്പിച്ചു നൽകാമെന്നും മാതാവായ സുമയെ അറിയിച്ചു. ഇതിനെ തുടർന്നാണ് രണ്ട് പെൺകുട്ടികളെയും റംസീനയോടൊപ്പം പറഞ്ഞയച്ചത്.

മിക്ക ദിവസങ്ങളിലും വീട്ടിൽ നിന്നും പോകുന്ന പെൺകുട്ടികൾ പത്ത് ദിവസത്തോളം കഴിഞ്ഞാണ് വീട്ടിൽ എത്തുന്നത്. അയൽക്കാർ ചോദിച്ചാൽ പെൺകുട്ടികളുടെ ശരീരത്തിൽ ബാധയുണ്ടെന്നും അത് ഒഴിപ്പിക്കാൻ തമിഴ്‌നാട്ടിലെ ഏർവാടി പള്ളിയിൽ കൊണ്ടു പോകുന്നതാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. നിരവധി ആൾക്കാർ റംസീനയുടെ വീട്ടിൽ വന്ന വാദത്തിനെത്തുന്നതിനാൽ അയൽക്കാരും വിശ്വസിച്ചിരുന്നു.

എന്നാൽ മന്ത്രവാദത്തിന്റെ പേരിൽ പെൺകുട്ടികളെ വീട്ടിൽ നിന്നും കടത്തി പലർക്കും കാഴ്ചവെയ്ക്കുകയായിരുന്നു. നജില അത്മഹത്യ ചെയ്തതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. ഇന്നലെ ഉച്ചയ്ക്ക് മന്ത്രവാദിനി റംസീനയെ പൊലീസ് കസ്റ്റഡിയിലെടുക്കുമ്പോൾ ഇവരുടെ പക്കൽ നിന്നും 12 സിം കാർഡുകളും 8 മെമ്മറി കാർഡുകളും ഉറക്കഗുളികകളും ഒന്നര ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. നാളെയോടെ സംഭവത്തിലെ മുഴുവൻ പ്രതികളെ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു. കൊല്ലം റൂറൽ എസ്‌പി. സുരേന്ദ്രന്റെ മേൽനോട്ടത്തിലാണ് കേസന്വേഷണം.