തിരുവനന്തപുരം : പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തിൽ സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ച് വീണ്ടും അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നതോടെ എസ്എൻഡിപി-ബിജെപി സഖ്യത്തിനും മങ്ങലേറ്റു. ഇത് തിരിച്ചറിഞ്ഞ് കരുതലോടെ നീങ്ങാൻ ബിജെപി സംസ്ഥാന നേതൃത്വം തീരുമാനിച്ചു. വെള്ളാപ്പള്ളി നടേശനെതിരെ ശിവഗരി മഠം രംഗത്ത് എത്തിയ സാഹചര്യത്തിലാണ് ഇത്. എസ്എൻഡിപി നേതൃത്വത്തിനേക്കാൾ സ്വാധീനം ഈ പ്രത്യേക സാഹചര്യത്തിൽ ശിവഗിരി മഠത്തിന് ചെലുത്താനാകുമെന്നാണ് അവരുടെ വിലയിരുത്തൽ. എസ്എൻഡിപിയുടെ രാഷ്ട്രീയ വിശദീകരണ കേരള യാത്രയിലും സജീവമാ ഇടപെടൽ ബിജെപി നടത്തില്ലെന്നാണ് സൂചന. യോഗം-ബിജെപി. ബന്ധം തങ്ങൾക്ക് ദോഷമാകുമെന്നുകണ്ട് സിപിഐ(എം). നടത്തുന്ന നീക്കമായാണ് യോഗംനേതൃത്വം ഇതിനെ കാണുന്നത്. അതു കൊണ്ട് തന്നെ രാഷ്ട്രീയ പാർട്ടി രൂപീകരണ തീരുമാനത്തിൽ നിന്ന് അവർ പിന്നോട്ട് പോകില്ല. ആലുവാപ്പുഴയിൽ സ്വാമി ശാശ്വതികാനന്ദ മുങ്ങിമരിച്ച് 13 വർഷങ്ങൾക്കുശേഷം ഉയർന്നുവരുന്ന വിവാദത്തിന്റെ കേന്ദ്ര ബിന്ദുവായി അദ്ദേഹത്തിന്റെ അടുത്ത അനുയായി സാബു്. കേസ് പുനരന്വേഷിക്കുന്ന സാഹചര്യമുണ്ടായാൽ സാബുവിന്റെ ഇനിയുള്ള മൊഴികൾ നിർണായകമാകും.

സ്വാമി ശാശ്വതികാനന്ദയുടെ മുങ്ങിമരണം കൊലപാതകമാണെന്ന ആരോപണം വീണ്ടും സജീവമാകുമ്പോൾ സ്വാമിയുടെ സന്തത സഹചാരിയായിരുന്ന സാബു. മരണത്തിനു മുമ്പ് അവസാനമായി സ്വാമിക്കൊപ്പമുണ്ടായിരുന്നത് ഇയാളായിരുന്നു. മരണം ആദ്യം അറിയുന്ന വ്യക്തികളിൽ ഒരാൾ. സാബുവിനെ കുറിച്ച് മരണവുമായി ബന്ധപ്പെട്ട് ശാശ്വതീകാനന്ദയുടെ ബന്ധുക്കൾ പറയുന്നത് ഇങ്ങനെയാണ്- വെള്ളത്തിൽ നിന്നെടുത്തയുടൻ അടുത്തുള്ള വലിയ ആശുപത്രിയിൽ കൊണ്ടുപോയില്ല. അവിടെനിന്ന് എത്രയോ കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അണ്ണന്റെ ഒപ്പമുണ്ടായിരുന്ന സാബു സംഭവം കണ്ട് തലയിൽ കൈവച്ച് ഇരുന്നുപോയി. വെള്ളത്തിൽനിന്ന് ആളെ എടുത്ത് ആശുപത്രിയിലെത്തിക്കുന്നതിനേക്കാൾ മുൻഗണന സാബുവിനെ ഉടൻ ഒരു വാഹനത്തിൽ കയറ്റി എങ്ങോട്ടോ കൊണ്ടുപോകാനായിരുന്നു. പിന്നെ കുറേക്കാലത്തേക്ക് സാബുവിനെ കണ്ടിട്ടില്ല. സാബു മറ്റുള്ളവരോട് പറയുമോ എന്ന പേടി ആർക്കോ ഉണ്ടായിരുന്നു'.

അതായത് കേസിലെ നിർണ്ണായക സാക്ഷി. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥരെയും നിയമവൃത്തങ്ങളേയും അമ്പരപ്പിച്ചുകൊണ്ട് കേസിൽ നുണ പരിശോധനക്കു വിധേയനാകാൻ സാബു തയാറായിരുന്നില്ല. സുപ്രീംകോടതിയെ സമീപിച്ചാണ് ഇയാൾ നുണപരിശോധനയിൽനിന്നും ഒഴിവായതെന്നത്. കേസിൽ സാബുവിനെ നുണപരിശോധനക്കു വിധേയനാക്കാൻ ഹൈക്കോടതി അന്വേഷണസംഘത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ, സുപ്രീംകോടതിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന അഭിഭാഷകരെ എത്തിച്ചാണു സാബു നുണ പരിശോധനയിൽനിന്നും ഒഴിവായത്. സാമ്പത്തിക പരാധീനതയുള്ള സാബുവിനു സുപ്രീംകോടതിയിൽ പോകാനുള്ള പണവും പിന്തുണയും നൽകിയതാരെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് അന്നത്തെ എസ്.എൻ.ഡി.പി. യോഗം പ്രസിഡന്റ് അഡ്വ. സി.കെ. വിദ്യാസാഗർ പറയുന്നു. സ്വാമി മരിച്ചതിനുശേഷം ഉടൻ തന്നെ ആലുവയിലെ സംഭവസ്ഥലത്തുനിന്നും സാബു മാറിയതും സംശയകരമാണ്. സന്തതസഹചാരിയായിരുന്ന സാബു സ്വാമിയുടെ മരണ വാർത്ത വന്നയുടൻ സ്ഥലംവിട്ടത് പൊലീസിന്റെയും മറ്റും വിവരശേഖരണത്തിൽനിന്നും ഒഴിവാകാനായിരുന്നെന്നാണ് ആക്ഷേപം. സ്വാമിയുമായി ബന്ധപ്പെട്ട ചില രേഖകൾ സാബു കടത്തിക്കൊണ്ടുപോയെന്നും ആരോപണമുണ്ട്.

അതിനിടെ ശാശ്വതീകാനന്ദയുടെ മരണത്തിൽ ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ കേസിനെ സഹായിക്കുന്ന പുതിയ വിവരങ്ങളുള്ളതുകൊണ്ട് തുടരന്വേഷണം അനിവാര്യമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദനും ആവശ്യപ്പെട്ടു. അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരനും ആവശ്യപ്പെട്ടു. ഇതെല്ലാം വെള്ളാപ്പള്ളിയും കൂട്ടരും പ്രതീക്ഷിച്ചതാണ്. അതിനിടെ ബിജെപിയിലെ എസ്എൻഡിപി വിരുദ്ധ വിഭാഗവും വെള്ളാപ്പള്ളിക്കെതിരെ നീക്കം സജീവമാക്കി. ബിജു രമേശിന്റെ വെളിപ്പെടുത്തലിൽ സിആർപിസിയിൽ വ്യവസ്ഥയുണ്ടെങ്കിൽ അന്വേഷണം നടത്തുമെന്നാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. എന്നാൽ ആഭ്യന്തര വകുപ്പ് കൈവിടില്ലെന്ന പ്രതീക്ഷ വെള്ളാപ്പള്ളിക്കുണ്ട്. ഇതിനുള്ള ശ്രമങ്ങളാണ് കണിച്ചുകുളങ്ങര കേന്ദ്രീകരിച്ച് നടക്കുന്നത്.

.2002 ജൂലൈ ഒന്നിനാണ് ആലുവാപ്പുഴയിൽ കുളിക്കാനിറങ്ങിയ ശാശ്വതീകാനന്ദ മുങ്ങിമരിച്ചത്. തലേന്ന് വെള്ളാപ്പള്ളിയും മകൻ തുഷാറും ശാശ്വതീകാനന്ദയുമായി ദുബായിൽവച്ച് എസ്എൻ ട്രസ്റ്റിലെ കണക്കുകളെച്ചൊല്ലി തർക്കമുണ്ടായെന്നും ശാശ്വതീകാനന്ദയെ തുഷാർ മർദിച്ചുവെന്നുമുള്ള വിവരമാണ് ബിജു രമേശ് പുറത്തുവിട്ടത്. പ്രിയൻ എന്നയാളാണ് സ്വാമിയെ കൊലപ്പെടുത്തിയതെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. ഇതിനെ സ്വാമിയുടെ കുടുംബവും പിന്തുണച്ചു. അന്വേഷണവും ആവശ്യപ്പെട്ടു. ഇതോടെയാണ് രാഷ്ട്രീയ വിവാദമായി സ്വാമിയുടെ മരണം മാറിയത്. മരണത്തിനു പിന്നിൽ വെള്ളാപ്പള്ളിയോ മകനോ നിശ്ചയമായും ഉണ്ടെന്ന് ശാശ്വതീകാനന്ദയുടെ സഹോദരി ശാന്തകുമാരി പറയുന്നു. 'പ്രവീൺ എന്നയാളിന്റെ അച്ഛൻ ഞങ്ങളെ കാണാൻ വന്നിരുന്നു. പ്രവീൺ മരിക്കുംമുമ്പ് ചില കാര്യങ്ങൾ പറഞ്ഞു. ഒരാളെ ആലുവയിൽ ആശ്രമത്തിൽ കൊണ്ടുവിട്ടിട്ടുണ്ടെന്നും ഇന്ന് എന്തെങ്കിലും അവിടെ സംഭവിക്കുമെന്നും പ്രവീൺ പറഞ്ഞതായി അദ്ദേഹം പറഞ്ഞു. അതുകഴിഞ്ഞാണ് സ്വാമി മരിച്ച വിവരം പ്രവീണിന്റെ അച്ഛൻ അറിയുന്നത്. ഉറപ്പായും വെള്ളാപ്പള്ളിയാണ് ഇത് ചെയ്യിച്ചതെന്നും പ്രിയൻ എന്നയാളാണ് സ്വാമിയെ കൊന്നതെന്നും പ്രവീണിന്റെ അച്ഛൻ പറഞ്ഞിരുന്നു.

'അണ്ണൻ എന്തായാലും മുങ്ങിമരിക്കില്ല. നല്ലപോലെ നീന്താനറിയും. വെള്ളത്തിൽ നിന്നെടുത്തയുടൻ അടുത്തുള്ള വലിയ ആശുപത്രിയിൽ കൊണ്ടുപോയില്ല. അവിടെനിന്ന് എത്രയോ കിലോമീറ്റർ ദൂരെയുള്ള ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. അണ്ണന്റെ ഒപ്പമുണ്ടായിരുന്ന സാബു സംഭവം കണ്ട് തലയിൽ കൈവച്ച് ഇരുന്നുപോയി. വെള്ളത്തിൽനിന്ന് ആളെ എടുത്ത് ആശുപത്രിയിലെത്തിക്കുന്നതിനേക്കാൾ മുൻഗണന സാബുവിനെ ഉടൻ ഒരു വാഹനത്തിൽ കയറ്റി എങ്ങോട്ടോ കൊണ്ടുപോകാനായിരുന്നു. പിന്നെ കുറേക്കാലത്തേക്ക് സാബുവിനെ കണ്ടിട്ടില്ല. സാബു മറ്റുള്ളവരോട് പറയുമോ എന്ന പേടി ആർക്കോ ഉണ്ടായിരുന്നു'. സ്വാമിയുടെ മരണം കഴിഞ്ഞ് വർക്കലയിലെ ഏതോ ഹോട്ടലിൽ ആഘോഷം നടന്നുവെന്ന് കേട്ടു. സിബിഐ അന്വേഷിച്ചാൽ സത്യം പുറത്തുവരും. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് സംഭവം. അന്വേഷണം നടത്തണമെന്ന് അദ്ദേഹത്തെ കണ്ട് ആവശ്യപ്പെട്ടു. ഇവിടത്തെ സർക്കാരിന്റെ അന്വേഷണത്തിൽ നീതി കിട്ടില്ലെന്ന് അപ്പോൾത്തന്നെ മനസ്സിലായി. പിന്നീട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ഇതേ ആവശ്യത്തിന് ഹൈക്കോടതിയിലും പോയി. അതിലും ഫലമുണ്ടായില്ല. ഉറപ്പായും സിബിഐ അന്വേഷണം വേണം'ശാന്തകുമാരി ആവശ്യപ്പെടുന്നു.