- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിബിഐയെക്കൊണ്ട് പുനരന്വേഷിച്ച് ക്ലീൻ ചിറ്റ് വാങ്ങാമെന്ന് കരുതി വെള്ളാപ്പള്ളി; കേന്ദ്രം പച്ചക്കൊടി കാട്ടിയതോടെ ശാശ്വതീകാനന്ദയുടെ മരണം അന്തിമമായി മുങ്ങി മരണമാകുമെന്ന് സൂചന; തൽക്കാലം അകലം പാലിച്ചു മുഖം രക്ഷിക്കാൻ ബിജെപി സംസ്ഥാന നേതൃത്വം
കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ ഉയരുന്ന ആരോപണങ്ങൾ സിബിഐ അന്വേഷിക്കാൻ തയ്യാറാകും. സംസ്ഥാന സർക്കാരോ ഹൈക്കോടതിയോ ആവശ്യപ്പെട്ടാൽ അന്വേഷണത്തിന് സിബിഐ സമ്മതം അറിയിക്കും. എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി തന്നെ സിബിഐ അന്വേഷണത്തിന് ശക്തമായി രംഗത്തു വരും. തനിക്കെതിരെ ഉയരുന്ന ആരോപണങ
കൊച്ചി: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ വെള്ളാപ്പള്ളി നടേശനെതിരെ ഉയരുന്ന ആരോപണങ്ങൾ സിബിഐ അന്വേഷിക്കാൻ തയ്യാറാകും. സംസ്ഥാന സർക്കാരോ ഹൈക്കോടതിയോ ആവശ്യപ്പെട്ടാൽ അന്വേഷണത്തിന് സിബിഐ സമ്മതം അറിയിക്കും. എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറിയായ വെള്ളാപ്പള്ളി തന്നെ സിബിഐ അന്വേഷണത്തിന് ശക്തമായി രംഗത്തു വരും. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ഇത്. ഈ സാഹചര്യത്തിൽ ആരെങ്കിലും കോടതിയെ സമീപിച്ചാൽ സംസ്ഥാന സർക്കാരും എതിർകക്കില്ല. അതുകൊണ്ട് സിബിഐ അന്വേഷണം വരാനുള്ള സാധ്യത ഏറെയാണ്. എസ്എൻഡിപിയെ ഒപ്പം നിർത്താൻ കരുക്കൾ നീക്കുന്ന ബിജെപി കേന്ദ്ര നേതൃത്വത്തിനും വെള്ളാപ്പള്ളിയെ സമ്മർദ്ദത്തിലാക്കാനുള്ള സുവർണ്ണാവസരമാണ് ഇത്.
ഇതിനൊപ്പം പൊലീസിനും ചിലത് ചെയ്യാനാകും. ബാറുടമ ബിജു രമേശ് അന്നു ക്രൈം ബ്രാഞ്ചിനു നൽകാത്ത മൊഴിയാണ് ഇപ്പോൾ പുതിയ ആരോപണമായി പുറത്തുവിടുന്നതും. എന്നാൽ ഇത് മുമ്പ് തന്നെ പറഞ്ഞിരുന്നുവെന്നാണ് ബിജു ഇപ്പോഴും പറയുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ സുപ്രീം കോടതി വരെ നീണ്ട ഒരു കേസിൽ പുനരന്വേഷണം വേണമെങ്കിൽ പുതിയ എന്തെങ്കിലും തെളിവുകൾ പുറത്തുവരണമെന്ന് ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. സിആർപിസി 173(8) പ്രകാരം ആരോപണം പുതുതാണെന്നു ബോധ്യപ്പെട്ടാൽ അന്വേഷണ ഉദ്യോഗസ്ഥനു തുടരന്വേഷണം ആവശ്യപ്പെടാം. ക്രൈം ബ്രാഞ്ച് എറണാകുളം യൂണിറ്റ് എസ്‌പിയാണ് ഈ കേസ് അന്വേഷിച്ചത്. കേരള പൊലീസ് ഒന്നിലേറെ തവണ അന്വേഷിച്ച കേസായതിനാൽ സിബിഐ അന്വേഷണം എന്ന ആവശ്യം സർക്കാർ അംഗീകരിക്കാനും സാധ്യതയുണ്ട്.
ഈ സാഹചര്യം ഒഴിവാക്കാൻ വെള്ളാപ്പള്ളിയും ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് സ്വന്തം നിലയിൽ സിബിഐ അന്വേഷണമെന്ന വാദം ശക്തമാക്കുന്നത്. വെള്ളാപ്പള്ളിയുടെ നിർദ്ദേശമെന്നോണമാകും സിബിഐ അന്വേഷണത്തിന കേന്ദ്ര സർക്കാർ സമ്മതം മൂളുക. ഇതിലൂടെ വ്യക്തമായ തെളിവുകൾ സംഘടിപ്പിക്കാനും ഭാവിയിൽ വിലപേശൽ ശക്തിയായി മാറാനും കേന്ദ്രത്തിന് കഴിയും. ഇതിനുള്ള സാധ്യത തുറന്നിട്ടാകും സിബിഐ അന്വേഷണം. എന്നാൽ സിബിഐയിലൂടെ കുറ്റവിമുക്തനാകാമെന്ന പ്രതീക്ഷയാണ് വെള്ളാപ്പള്ളിക്കുള്ളത്. അത് എത്രയും വേഗം സാധ്യമാക്കാനാണ് നീക്കം സജീവമാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അന്വേഷണം പൂർത്തിയാക്കി ക്ലീൻ ചിറ്റ് നേടാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി സിബിഐ അന്വേഷണം വേഗം എത്തിക്കാനും കരുക്കൾ നീക്കം. സ്വന്തം അനുയായികളെ കൊണ്ട് ഹൈക്കോടതിയിൽ ഹർജി കൊടുപ്പിക്കാനും സാധ്യതയുണ്ട്. ആര് എന്തു പറഞ്ഞാലും പോസ്റ്റമോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസിൽ നിന്ന് ഊരാൻ കഴിയുമെന്നാണ് വെള്ളാപ്പള്ളിക്ക് ലഭിച്ച നിയമോപദേശം. രാഷ്ട്രീയ വിവാദങ്ങളുണ്ടാകാതിരിക്കാൻ ബിജെപി ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ കരുതലോടെ മാത്രമേ ഈ വിശയത്തിൽ പ്രതികരിക്കൂ.
അതിനിടെ വെള്ളാപ്പള്ളിക്ക് എതിരെ കൂടുതൽ വെളിപ്പെടുത്തലും പുറത്തുവരുന്നുണ്ട്. വെള്ളാപ്പള്ളി നടേശനെതിരെ പ്രവാസി വ്യവസായി സുജാതൻ വെളിപ്പെടുത്തി. ബഹ്‌റിനിൽ വച്ച് വെള്ളാപ്പള്ളിയും ശാശ്വതീകാനന്ദയും പിണങ്ങിയിരുന്നതായി സുജാതൻ വെളിപ്പെടുത്തി. തന്റെ വീട്ടിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇരുവരും പിണങ്ങിയത്. കൂടിക്കാഴ്ചയിൽ വെള്ളാപ്പള്ളി ശാശ്വതീകാനന്ദയോട് മോശം ഭാഷയിൽ സംസാരിച്ചിരുന്നു. സ്വാശ്രയ കോളജിന് അപേക്ഷ നൽകുന്നതിനെ ചൊല്ലിയായിരുന്നു വാക്കു തർക്കമെന്നും സുജാതൻ പറഞ്ഞു. ഗൾഫിൽ വെള്ളാപ്പള്ളിയും തുഷാറും തമ്മിൽ തർക്കമായെന്ന വാദത്തെ ശക്തിപ്പെടുത്തുന്നതാണ് ഇത്. ഇനിയൊരു അന്വേഷണം വന്നാൽ ഇത്തരം മൊഴികളും പ്രസക്തമാകും. സ്വാമി ശാശ്വതീകാനന്ദയുടെ സന്തത സഹചാരി സാബു, കൊല നടത്തിയെന്ന് ബിജു രമേശ് ആരോപിച്ച പ്രിയൻ എന്നിവരെയെല്ലാം ചോദ്യം ചെയ്യേണ്ടി വരും.
2002 ജൂലൈ ഒന്നിനാണു ശാശ്വതികാനന്ദയെ ആലുവാപ്പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടത്. പെരിയാറിന്റെ തീരത്തുള്ള ആലുവ അദ്വൈതാശ്രമത്തിന്റെ കടവിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ആലുവ പൊലീസാണ് ആദ്യം അന്വേഷിച്ചത്. മുങ്ങിമരണമെന്നായിരുന്നു നിഗമനം. ലോക്കൽ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കളും മറ്റും ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നു ക്രൈം ബ്രാഞ്ച് അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടു. മരണത്തിൽ അസ്വാഭാവികതയില്ലെന്നും കുളിക്കാനിറങ്ങിയപ്പോൾ ശരീരം തളർന്നതിനെ തുടർന്നു വെള്ളത്തിനടിയിൽ താഴ്ന്നു പോകുകയായിരുന്നുവെന്നുമാണ് അന്നു ക്രൈം ബ്രാഞ്ച് കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലും ഇക്കാര്യം സ്ഥിരീകരിച്ചു. ഈ റിപ്പോർട്ടാണ് വെള്ളാപ്പള്ളിക്ക് കരുത്ത് പകരുന്നത്. എന്നാൽ എസ്എൻഡിപി യൂണിയന്റെ പ്രസിഡന്റ് കൂടിയായ സോമനാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. ഇതിലും കള്ളക്കളികൾ ആരോപിക്കുന്നുണ്ട്.
സ്ഥിരമായി കുളിമുറിയിൽ കുളിക്കുന്ന ശാശ്വതികാനന്ദ പുഴക്കരയിൽ എത്തിയപ്പോൾ തളർച്ച അനുഭവപ്പെട്ടിരിക്കാമെന്നും ഇത്തരത്തിലൊരു മാനസികാവസ്ഥ ചിലർക്ക് ഉണ്ടാകാമെന്നുമുള്ള ഫൊറൻസിക് വിദഗ്ധരുടെ അഭിപ്രായം കൂടി ആധാരമാക്കിയാണു ക്രൈം ബ്രാഞ്ച് നിഗമനത്തിലെത്തിയത്. ക്രൈം ബ്രാഞ്ച് മേധാവിയായിരുന്ന വിൻസൻ എം. പോളിന്റെ മേൽനോട്ടത്തിൽ എസ്‌പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒന്നര വർഷം മുൻപു കേസ് അവസാനിപ്പിച്ചത്. ക്രൈം ബ്രാഞ്ചിന്റെ മൂന്നു പ്രത്യേക സംഘങ്ങൾ അന്വേഷിച്ചപ്പോഴും ഇതാണ് കണ്ടെത്തിയത്. ശാശ്വതികാനന്ദ മരണപ്പെട്ട സമയത്ത് ഒപ്പമുണ്ടായിരുന്ന സഹായി സാബു, അനുയായി എസ്. സുഭാഷ് എന്നിവരെയും സംഭവദിവസം ശാന്തിക്കാരുടെ ഇന്റർവ്യൂവിനായി എത്തിയവർ ഉൾപ്പെടെ 22 പേരെയും വിശദമായി ചോദ്യംചെയ്‌തെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയില്ല. എന്നാൽ സാബു നുണപരിശോധനയിൽ നിന്ന് ഒഴിവായത് വളരെ നിർണ്ണായകമാണ്.
ആലുവ ശിവരാത്രി മണപ്പുറത്തിന് എതിർവശത്താണ് ആശ്രമത്തിന്റെ കടവ്. കടവിൽ നിന്നു പത്തുമീറ്റർ മാറി വെള്ളത്തിനടിയിലാണു സ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. ശ്വാസകോശം വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കിയതിന്റെ റിപ്പോർട്ടുകളും ക്രൈം ബ്രാഞ്ച് പരിശോധിച്ചു. ശ്വാസകോശത്തിൽ കണ്ടെത്തിയ വെള്ളവും പുഴയിലെ വെള്ളവും ഒന്നു തന്നെയാണെന്നും കണ്ടെത്തി. ഈ വാദങ്ങളെല്ലാം മുങ്ങി മരണ വാദത്തെ സാധൂകരിക്കുന്നതാണ്. അതുകൊണ്ട് തന്നെ ആരന്വേഷിച്ചാലും ജലസമാധി വാദത്തിൽ എത്തേണ്ടി വരുമെന്നാണ് വെള്ളാപ്പള്ളിക്ക് കിട്ടിയ നിയമോപദേശം. കേന്ദ്ര സർക്കാരിന്റെ പിന്തുണയോടെ എല്ലാം അനുകൂലമാക്കാമെന്നും കരുതന്നു. പഴുതുകൾ ഒന്നുമില്ലാത്ത പോസ്റ്റ് മോർട്ടം റിപ്പോർട്ടാണ് ഇതിന്റെയൊക്കെ ആധാരം.
ശരീരത്തിൽ കാണപ്പെട്ട മുറിവ് ആഴത്തിലുള്ളതല്ലെന്നും കഴുക്കോൽ കൊണ്ടു തിരച്ചിൽ നടത്തിയപ്പോഴോ, കല്ലിൽ തട്ടിയോ ആകാം പരുക്കുകൾ ഉണ്ടായതെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ക്രൈം ബ്രാഞ്ച് അന്നു ബിജു രമേശിന്റെയും അദ്ദേഹം ഇപ്പോൾ പറയുന്ന പ്രിയന്റെയും മൊഴി എടുത്തിരുന്നു. തന്റെ ഒരു ജീവനക്കാരനോട് അയാളുടെ സുഹൃത്തായ ജയിൽ വാർഡറാണു കൊലപാതകത്തെക്കുറിച്ചു പറഞ്ഞതെന്നായിരുന്നു അന്നു ബിജുവിന്റെ മൊഴി. ഈ രണ്ടുപേരുടെയും പേരും വിലാസവും ഉദ്യോഗസ്ഥർ ആവർത്തിച്ചു ചോദിച്ചിട്ടും ബിജു പറഞ്ഞില്ല. എങ്കിലും പ്രിയൻ ജയിലിൽ കിടന്ന സമയത്തു ഡ്യൂട്ടിയിലുണ്ടായിരുന്ന വാർഡർമാരുടെയും മൊഴി പൊലീസെടുത്തു. അവരോടു പ്രിയൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ബിജുവിന്റെ ജീവനക്കാരോടു തങ്ങളും ഒന്നും പറഞ്ഞിട്ടില്ലെന്നും വാർഡർമാർ മൊഴി നൽകി. ഒന്നും അറിയില്ലെന്നാണു പ്രിയനും പൊലീസിനോടു പറഞ്ഞത്.
പ്രിയനെ പൊലീസ് രഹസ്യമായി നിരീക്ഷിച്ചിരുന്നു. ഇയാളുടെ ഫോൺ വിളികളുടെ വിശദാംശങ്ങളും സംഭാഷണവും ശേഖരിച്ചിരുന്നെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ സംശയകരമായ ഒന്നും കിട്ടിയില്ല. പ്രിയനും സാബുവുമെല്ലാം മൊഴികളിൽ ഉറച്ചു നിന്നാൽ എല്ലാം വെള്ളാപ്പള്ളിക്ക് അനുകൂലമാകും. ഇവർ എന്തെങ്കിലും മാറ്റി പറഞ്ഞാൽ മാത്രമേ പ്രശ്‌നമുള്ളൂ. മറ്റുള്ളവരെല്ലാം പറയുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന വാദം ഏത് അന്വേഷണ ഏജൻസിയും മുഖവിലയ്‌ക്കെടുക്കുമെന്നാണ് വെള്ളാപ്പള്ളിക്ക് കിട്ടുന്ന നിയമോപദേശം.