തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ചിനു ബിജു രമേശ് നൽകിയ മൊഴി പുറത്ത്. സ്വാമി ശാശ്വതീകാനന്ദയ്ക്കുള്ള പാലിൽ സഹായി സാബു ഇൻസുലിൻ കലർത്തി. ഇതു കഴിച്ച് അബോധാവസ്ഥയിലായ സ്വാമി വെള്ളത്തിൽ മുങ്ങിപ്പോയി. സ്വാമിയെ വെള്ളത്തിൽ മുക്കിക്കൊന്നതു സാബുവാണെന്നും മൊഴിയിൽ പറയുന്നുണ്ട്.

സ്വാമിയുടെ തലയിൽ ക്ഷതമേൽപ്പിച്ചിരുന്നു. ശാശ്വതീകാനന്ദയും വെള്ളാപ്പള്ളിയുമായി തർക്കമുണ്ടായിരുന്നുവെന്നും ബിജു പറയുന്നു. സൂക്ഷ്മാനന്ദയെയും സംശയമുണ്ട്. സാബു സൂക്ഷ്മാനന്ദയുടെ തണലിലാണു കഴിയുന്നത്. തുഷാർ വെള്ളാപ്പള്ളി ദുബായിൽ വച്ച് ശാശ്വതീകാനന്ദയെ മർദിച്ചുവെന്നും മൊഴിയിൽ പറയുന്നു.

സൂക്ഷ്മാനന്ദയ്ക്ക് ശാശ്വതീകാനന്ദയോട് പൂർവ വൈരാഗ്യം ഉണ്ടായിരുന്നുവെന്നും ബിജുവിന്റെ മൊഴിയിൽ പറയുന്നു. ശാശ്വതീകാനന്ദ കുളിക്കാൻ പോവുന്നതിന് മുമ്പ് അദ്ദേഹത്തിന് ഇൻസുലിൻ ചേർത്ത പാൽ നിർബന്ധിച്ചാണു നൽകിയത്. തുടർന്ന് പുഴയിൽ കുളിക്കാനിറങ്ങിയ സ്വാമിക്ക് വിറയൽ അനുഭവപ്പെടുകയും മുങ്ങി മരിക്കുകയുമായിരിക്കാം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് നുണ പരിശോധനയിൽ നിന്ന് സ്വാമിയുടെ സഹായി ആയിരുന്ന സാബുവിനെ ഒഴിവാക്കാൻ സൂക്ഷ്മാനന്ദ ശ്രമിച്ചിരുന്നുവെന്നും ബിജു രമേശ് മൊഴിയിൽ ആരോപിക്കുന്നു.

എസ്.എൻ ട്രസ്റ്റിന്റെ പേരിലുള്ള 40 കോടി രൂപയെ ചൊല്ലി എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും ശാശ്വതീകാനന്ദയും തമ്മിൽ വിദേശത്ത് വച്ച് തർക്കമുണ്ടായി. തുടർന്ന് ക്ഷുഭിതനായ തുഷാർ ശാശ്വതീകാനന്ദയെ മർദ്ദിച്ചുന്നുവെന്നും ബിജു മൊഴിയിൽ പറയുന്നു.

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തെക്കുറിച്ചുള്ള തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ച് കർമപദ്ധതി തയ്യാറാക്കിയെന്ന് കഴിഞ്ഞ ദിവസം സർക്കാർ ൈഹക്കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണു ബിജു രമേശിന്റെ മൊഴിയും പുറത്തുവന്നത്. തുടരന്വേഷണത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, മകൻ തുഷാർ വെള്ളാപ്പള്ളി എന്നിവർക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷിക്കുമെന്നും സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.

ബിജു രമേശിൽ നിന്നെടുത്ത മൊഴിയിൽ നിർണായക തെളിവുകളില്ലെന്നും കൈംബ്രാഞ്ച് എസ്‌പി പി. കെ. മധു ഹൈക്കോടതിയിൽ സമർപ്പിച്ച വിശദീകരണ പത്രികയിൽ പറഞ്ഞിരുന്നു.

2002 ജൂലായ് ഒന്നിനാണ് സ്വാമി ശാശ്വതീകാനന്ദ ആലുവ പുഴയിൽ മുങ്ങി മരിച്ചത്. ഇതേക്കുറിച്ച് ആദ്യം അന്വേഷണം നടത്തിയ സംഘം മുങ്ങി മരണമാണെന്ന് ഫോർട്ടുകൊച്ചി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. പിന്നീട് ഈ വിഷയത്തിൽ പലതവണ അന്വേഷണം നടത്തിയെങ്കിലും കുളിക്കാനിറങ്ങുമ്പോൾ മുങ്ങിമരിച്ചതാണെന്ന നിഗമനത്തിലാണ് എത്തിച്ചേർന്നതെന്ന് വിശദീകരണ പത്രികയിൽ പറയുന്നു. ഈ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശാശ്വതീകാനന്ദയുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജി ഹൈക്കോടതി സിംഗിൾബെഞ്ചും പിന്നീട് ഡിവിഷൻ ബെഞ്ചും സുപ്രീംകോടതിയും തള്ളിയതാണ്. എന്നിട്ടും 2007 മാർച്ച് 23 ന് പ്രത്യേക അന്വേഷണ സംഘത്തെ തുടരന്വേഷണത്തിന് നിയോഗിച്ചിരുന്നു.

സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ കഴമ്പില്ലെന്നും നീന്തലറിയാവുന്ന സ്വാമി ദീർഘകാലമായി പുഴയിൽ കുളിക്കാനിറങ്ങാറില്ലെന്നതിനാൽ അടിയൊഴുക്കിൽ പെട്ടതാകാനാണ് സാധ്യതയെന്നും അന്ന് അന്വേഷണസംഘം വിലയിരുത്തിയിരുന്നു. സംഭവത്തിനുശേഷം കുളിക്കടവിൽ രക്തം കണ്ടത് സ്വാമി പുഴയിൽ മുങ്ങിയതറിഞ്ഞ് ഓടിയെത്തിയ മറ്റൊരു സ്വാമിയുടെ കാൽ മുറിഞ്ഞതിനെത്തുടർന്നാണെന്നും സംഭവസമയത്ത് പള്ളുരുത്തി സ്വദേശി പ്രിയന്റെ സാന്നിദ്ധ്യം തെളിയിക്കപ്പെട്ടില്ലെന്നും അന്നത്തെ റിപ്പോർട്ടിലുണ്ട്. മാത്രമല്ല, സ്വാമിയുടെ ആന്തരീകാവയവങ്ങളുടെ രാസ പരിശോധനയിൽ വിഷാംശമൊന്നും കണ്ടെത്തിയിരുന്നില്ല.

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന്ാണു വീണ്ടും തുടരന്വേഷണത്തിന് ഉത്തരവിട്ടത്. സംഭവത്തെക്കുറിച്ച് നേരിട്ട് അറിവില്ലെന്നം മറ്റുള്ളവരുടെ കേട്ടു കേൾവിയാണ് താൻ പറഞ്ഞതെന്നും ബിജു രമേശ് വ്യക്തമാക്കിയതായും ക്രൈംബ്രാഞ്ച് പറയുന്നു. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് കർമ്മപദ്ധതി തയ്യാറാക്കിയത്.

മുട്ടട മുതൽ ആലുവ വരെ സ്വാമിക്കൊപ്പമുണ്ടായിരുന്ന സ്വാമി സൂക്ഷ്മാനന്ദക്കെതിരെയും സ്വാമിയുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന വാടക കൊലയാളി പ്രിയനെതിരെയും അന്വേഷണം നടത്തുമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. നീന്തലറിയാവുന്ന ശാശ്വതീകാനന്ദ മുങ്ങി മരിക്കില്ലെന്ന അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ആരോപണവും അദ്ദേഹത്തിന്റെ തലയ്ക്ക് മുറിവേറ്റതിനെ കുറിച്ചും ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തും. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നേരത്തെ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. നീന്തലറിയാവുന്ന സ്വാമി എങ്ങനെ മുങ്ങിമരിക്കുമെന്നും കോടതി ചോദിച്ചിരുന്നു. പുതിയ തെളിവുകൾ കണ്ടെത്തിയാൽ മാത്രമേ തുടരന്വേഷണം സാധ്യമാവുകയുള്ളൂവെന്നും ഇക്കാര്യം ക്രൈം ബ്രാഞ്ച് തീരുമാനിക്കുമെന്നുമായിരുന്നു സർക്കാർ നിലപാട്.