- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താലിബാനിൽ നിന്ന് രക്ഷ തേടി അഫ്ഗാനികളുടെ പലായനം; സ്പിൻ ബോൾഡാക്കിലെ ചാമൻ അതിർത്തിയിൽ കുടുങ്ങി ആയിരങ്ങൾ; താലിബാൻ സർക്കാരിനെ അംഗീകരിക്കില്ലെന്ന് ഫ്രാൻസ്; എല്ലാവരെയും ഉൾക്കൊള്ളിച്ച സർക്കാരെന്ന വാദം നുണയെന്ന് ഫ്രഞ്ച് വിദേശകാര്യമന്ത്രി
കാബൂൾ: താലിബാൻ ഭീതിയിൽ അഫ്ഗാനിസ്ഥാനിൽനിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന അഫ്ഗാൻ പൗരന്മാർ കൂട്ടമായി സ്പിൻ ബോൾഡാക്കിലെ ചാമൻ അതിർത്തിയിയിൽ തമ്പടിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്. പാക്കിസ്ഥാൻ അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങളാണു പുറത്തുവന്നത്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള സ്പിൻ ബോൾഡാക്കിലെ ചാമൻ അതിർത്തിയിൽ നിന്നും സെപ്റ്റംബർ ആറാം തീയതിയിലെ ചിത്രങ്ങളാണിവ.
ചമാൻ അതിർത്തി പോസ്റ്റ് പാക്കിസ്ഥാൻ അടുത്തിടെ അടച്ചിരുന്നു. ആയിരക്കണക്കിന് അഫ്ഗാനിസ്ഥാൻ പൗരന്മാർ അഫ്ഗാനിസ്ഥാനിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതാണ് ചിത്രങ്ങൾ സൂചിപ്പിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ മാസം താലിബാൻ അധികാരം പിടിച്ചെടുത്തതിനു ശേഷം അഫ്ഗാനികൾ കൂട്ടത്തോടെ രാജ്യം വിടുകയാണ്.
സ്പിൻ ബോൾഡാക്കിലെ ചമാൻ അതിർത്തി അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള ഏറ്റവും തിരക്കേറിയ അതിർത്തികളിലൊന്നാണ്. സ്പിൻ ബോൾഡാക്കിന് പുറമേ, തജിക്കിസ്ഥാന്റെ അതിർത്തിയിലുള്ള ഷിർ ഖാൻ, ഇറാന്റെ അതിർത്തിയിലുള്ള ഇസ്ലാം കാല, പാക്കിസ്ഥാന്റെ അതിർത്തിയിലെ തോർഖാം എന്നിവയാണ് അഫ്ഗാനിസ്ഥാനിലെ മറ്റു പ്രധാന അതിർത്തി പ്രദേശങ്ങൾ. കാബൂളിൽനിന്നും മറ്റ് അഫ്ഗാൻ നഗരങ്ങളിൽനിന്നും കുടുംബങ്ങൾ കൂട്ടത്തോടെ അതിർത്തി പ്രദേശങ്ങളിലേക്കു പോകുകയാണെന്നാണു റിപ്പോർട്ട്. ഇതോടെ അതിർത്തികളിൽ തിരക്കേറിയിരിക്കുകയാണ്.
അതേ സമയം അഫ്ഗാനിസ്ഥാനിൽ താലിബാൻ രൂപീകരിച്ച സർക്കാരിനെ അംഗീകരിക്കുകയോ അഫ്ഗാനുമായി എന്തെങ്കിലും ബന്ധം പുലർത്തുകയോ ചെയ്യില്ലെന്ന് വ്യക്തമാക്കി ഫ്രാൻസ് രംഗത്തെത്തി. എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകാതെ രൂപീകരിച്ച താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ കഴിയില്ലെന്നാണ് ഫ്രാൻസ് വ്യക്തമാക്കിയത്. അഫ്ഗാനുമായി ബന്ധം പുലർത്താൻ ഫ്രാൻസ് തയാറല്ലെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-യെവ്‌സ് ലെ ഡ്രിയാൻ പറഞ്ഞു.
ഒരിക്കലും ഈ താലിബാൻ സർക്കാരുമായി ഫ്രാൻസിന് ബന്ധമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സർക്കാരുമായി ഒരു ഇടപാടുകൾക്ക് ഫ്രാൻസ് ഉണ്ടായിരിക്കില്ലെന്നും വിദേശകാര്യമന്ത്രി ജീൻ വെസ് ലെ ഡ്രിയാൻ പറഞ്ഞു.
താലിബാൻ സർക്കാരിന് മുന്നിൽ ഒരു പിടി വ്യവസ്ഥകൾ വെച്ചിട്ടുണ്ടെന്നും അക്കാര്യത്തിൽ എന്തെങ്കിലും നടപടിയുണ്ടാകുമോ എന്ന കാര്യം കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസ് 5 ബ്രോഡ്കാസ്റ്റിൽ വന്ന അഭിമുഖത്തിലാണ് അദ്ദേഹം നയം വ്യക്തമാക്കിയത്.
വിദേശപൗരന്മാരെയും അഫ്ഗാൻ പൗരന്മാരെയും പോകാൻ അനുവദിക്കാമെന്ന് താലിബാൻ പറഞ്ഞെങ്കിലും ഇക്കാര്യത്തിൽ താലിബാന്റെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. താലിബാൻ എല്ലാവരെയും ഉൾച്ചേർത്തിട്ടുള്ള, എല്ലാവർക്കും പ്രാതിനിധ്യമുള്ള സർക്കാർ രൂപീകരിക്കുമെന്ന് പറഞ്ഞെങ്കിലും അതുണ്ടായില്ല. എന്തായാലും ഇപ്പോൾ ഫ്രാൻസ് ഒരു പിടി വ്യവസ്ഥകൾ മുന്നോട്ട് വെച്ചിട്ടുണ്ട്. അത് അംഗീകരിച്ചാൽ മാത്രമേ താലിബാൻ സർക്കാരിനെ അംഗീകരിക്കാൻ കഴിയൂ.
'എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രതിനിധാനം ചെയ്യുന്നതുമായ സർക്കാരിനെക്കുറിച്ച് അവർ പറഞ്ഞു. എന്നാൽ അവർ നുണ പറയുകയായിരുന്നു' അദ്ദേഹം പറഞ്ഞു.
തങ്ങൾ നിരവധി വ്യവസ്ഥകൾ മുന്നോട്ടു വച്ചിട്ടുണ്ടെന്നും താലിബാന്റെ നടപടികൾക്കായി കാത്തിരിക്കുകയാണെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു. ജപ്പാൻ, യുഎസ്, കാനഡ തുടങ്ങിയ രാജ്യങ്ങളും താലിബാൻ രൂപീകരിച്ച സർക്കാരിനെ അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയിരുന്നു.
ന്യൂസ് ഡെസ്ക്