- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്നിട്ടും അനർഹമായി പലതും നേടുന്നുവെന്നാണ് പ്രചാരണം; മുസ്ലിം സമുദായത്തിൽ നിന്നു പിരിച്ചെടുക്കുന്ന തുകയുടെ നാലിലൊന്ന് പോലും തിരിച്ചുലഭിക്കുന്നില്ല; വിമർശനവുമായി ഇ കെ സമസ്ത നേതാവ് സത്താർ പന്തല്ലൂർ
കോഴിക്കോട്: മുസ്ലിം സമുദായത്തിൽ നിന്ന് പിരിച്ചെടുക്കുന്ന തുക സർക്കാർ ഖജനാവിലെത്തിയിട്ടും അതിന്റെ നാലിലൊന്ന് പോലും സമുദായത്തിലെ അവശ വിഭാഗങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് ഇ.കെ സമസ്ത നേതാവ് സത്താർ പന്തല്ലൂർ. കേരളത്തിലെ മുസ്ലിം പള്ളികൾ, മദ്റസകൾ തുടങ്ങി ആയിരക്കണക്കിന് മത സ്ഥാപനങ്ങളിൽ നിന്നും അതിന്റെ ഭൂരിഭാഗം വരുമാനങ്ങളിലെയും ഏഴ് ശതമാനം വഖഫ് ബോർഡ് പ്രാസിക്യൂഷൻ നടപടികളിലൂടെ പിടിച്ചെടുത്ത് സർക്കാർ ഖജനാവിൽ എത്തുന്നുണ്ടെന്നും സത്താർ പന്തല്ലൂർ പറയുന്നു.
ഇങ്ങനെ പിരിച്ചെടുക്കുന്ന പണത്തിൽ നാലിലൊന്ന് പോലും സമുദായത്തിലെ അവശ വിഭാഗങ്ങൾക്ക് ലഭിക്കുന്നില്ലെന്നും, എന്നിട്ടും സർക്കാറിൽ നിന്നും മുസ്ലിങ്ങൾ അനർഹമായി പലതും നേടുന്നുവെന്നാണ് പ്രചാരണമെന്നും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.
'മുസ്ലിം സമുദായത്തിലെ അവശ ജനവിഭാഗത്തിന് നാമമാത്രമായ സാമൂഹ്യക്ഷേമ പദ്ധതികൾ വഖഫ് ബോർഡ് ആവിഷ്‌കരിച്ച് നടപ്പാക്കുന്നുവെന്നാണ് പറയുന്നത്. നിർധനരായ മുസ്ലിം പെൺകുട്ടികൾക്ക് വിവാഹ ധനസഹായം, വിദ്യാഭ്യാസത്തിനും ചികിത്സക്കുമുള്ള സഹായം, പള്ളി, മദ്റസകളിലെ ജീവനക്കാർക്ക് നാമമാത്ര പെൻഷൻ എന്നിവ നൽകുന്നുണ്ടെന്ന് പറയുന്നെങ്കിലും സർക്കാറിൽ നിന്ന് വർഷങ്ങളായി മതിയായ ഫണ്ട് അനുവദിക്കാത്തതിനാൽ മുസ്ലിങ്ങളിലെ അർഹതപ്പെട്ടവർക്ക് സഹായം ലഭിക്കുന്നില്ല,' സത്താർ പന്തല്ലൂർ വ്യക്തമാക്കി.
ക്രിസ്ത്യൻ മത സ്ഥാപനങ്ങളിലെ കോടിക്കണക്കിന് വരുമാനത്തിൽ നിന്ന് സർക്കാർ എന്തെങ്കിലും വിഹിതം കൈപ്പറ്റുകയോ, സഭകളുടെ സ്വത്തിലും വരുമാനത്തിനും ഇടപെടുകയോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്യുന്നില്ല. ഈ സാഹചര്യത്തിൽ മുസ്ലിം പള്ളികളിലേയും സ്ഥാപനങ്ങളിലേയും വരുമാനങ്ങൾ കൈകാര്യം ചെയ്യുന്നതിന് ക്രസ്ത്യൻ സഭകൾക്ക് നൽകുന്ന സ്വാതന്ത്ര്യം പോലെ സർക്കാർ തലത്തിൽ മുസ്ലിങ്ങൾക്കും അനുവാദം ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരള മദ്റസ അദ്ധ്യാപക ക്ഷേമനിധിയിലേക്കു സംസ്ഥാന സർക്കാർ പണം നൽകുന്നുണ്ടോയെന്നു വ്യക്തമാക്കാൻ ഇന്നലെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. മദ്റസ അദ്ധ്യാപകർക്കു പെൻഷൻ നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി. ഈ പശ്ചാതലത്തിൽ കൂടിയാണ് സത്താർ പന്തല്ലൂരിന്റെ പ്രതികരണം.
മറുനാടന് ഡെസ്ക്