തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ്ജും വൈദ്യുതി നിരക്കും വർധിപ്പിക്കുവാനുള്ള നീക്കം ജനങ്ങളോടുള്ള വെല്ലുവിളി ആണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മഹാമാരിയിൽ തൊഴിൽ നഷ്ടം ഉണ്ടാക്കിയിട്ടുള്ള സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് ജനം നട്ടം തിരിയുമ്പോൾ ഒരു ഇടതുപക്ഷ സർക്കാരിന് എങ്ങനെയാണ് അവരെ എരിതീയിൽ നിന്ന് വറചട്ടിയിലേക്ക് തള്ളിയിടുന്ന തീരുമാനം എടുക്കാൻ കഴിയുക എന്ന ചോദ്യമാണ് സതീശൻ ഉയർത്തുന്നത്.

ബസ് വ്യവസായത്തിന് ഇന്ധന വില വർധനവും കോവിഡ് മഹാമാരിയും വലിയ പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട് എന്നതിൽ തർക്കമില്ല. അവർക്ക് മുന്നോട്ടു പോകുവാനുള്ള പിന്തുണ ആവശ്യവുമാണ്. പക്ഷെ അത് ജനങ്ങളുടെ മേൽ അധികഭാരം കെട്ടിവച്ചല്ല വേണ്ടത്. ഓട്ടോറിക്ഷകൾക്കും, ടാക്‌സികൾക്കും, ബസ് വ്യവസായത്തിനും ഡീസലിന് സബ്സിഡി നൽകണം എന്ന് കഴിഞ്ഞ രണ്ട് സമ്മേളനങ്ങളിൽ നിയമസഭയിൽ പ്രതിപക്ഷം വാദിച്ചത് ഈ പ്രതിസന്ധി മുന്നിൽ കണ്ടാണ്. പക്ഷെ പേരിൽ മാത്രം ഇടതുപക്ഷമുള്ള ഈ സർക്കാർ ആ ആവശ്യത്തോട് മുഖം തിരിച്ച് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്ന തീരുമാനമാണ് എടുക്കുന്നത്.

കേന്ദ്രസർക്കാർ ഇന്ധന വിലയ്ക്ക് മുന്നൂറിരട്ടിക്ക് മേൽ നികുതി വർധിപ്പിച്ചതോടെ സംസ്ഥാന സർക്കാരിന് വാറ്റ് ഇനത്തിൽ ഭീമമായ നികുതി വരുമാന വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ലഭിച്ചതിന്റെ വരുമാനത്തിന്റെ പത്തു ഇരട്ടിയോളം, ഏകദേശം അയ്യായിരം കോടി രൂപ അധികം ലഭിച്ച സർക്കാരാണ് ഇത്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുതൽ ഉള്ള ധനകാര്യ മിസ്മാനെജ്മെന്റ് ആണ് ഈ പ്രതിസന്ധി ഉണ്ടാക്കിയത്. കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധി അതിനു ആക്കം കൂട്ടിയതാണ്.

ദരിദ്രർ അതി ദരിദ്രർ ആവുകയും മധ്യവർഗം ദരിദ്രരുടെ പട്ടികയിലേക്ക് മാറുകയും ചെയ്യുന്ന ഈ ദുരിതകാലത്ത് ഇനിയും ജനങ്ങളെ പിഴിയാൻ ഒരു തീവ്രവലതു പക്ഷ സർക്കാരിന് മാത്രമേ കഴിയുകയുള്ളു. ഇത്രയും വലിയ പ്രതിസന്ധികാലത്ത് സിൽവർ ലൈനിനെ കുറിച്ച് പറയാൻ എങ്ങനെയാണ് ഈ സർക്കാരിന് സാധിക്കുന്നത്. ബസ് ചാർജ്ജും വൈദ്യുതി ചാർജ്ജും വർദ്ധിപ്പിക്കുവാനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്ന് അഭ്യർത്ഥിക്കുകയാണ്. അതല്ലെങ്കിൽ വലിയ പ്രക്ഷോഭങ്ങൾ ഈ സർക്കാർ നേരിടേണ്ടിവരും എന്ന് ഓർമ്മിപ്പിക്കുന്നുവെന്ന് ഫെയ്‌സ് ബുക്ക് പോസ്റ്റിൽ സതീശൻ വിശദീകരിച്ചു.