- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീയാണ് ധനമെന്ന് പ്രഖ്യാപിച്ച് വിവാഹ വേദിയിൽ വച്ച് വധുവിന്റെ ആഭരണങ്ങൾ തിരിച്ചു നൽകിയ സതീഷിനെ തേടി ഗവർണറുടെ വിളിയെത്തി; അനുകരണീയമായ മാതൃകയെന്ന് ആരിഫ് മുഹമ്മദ് ഖാൻ; സതീഷിനും കുടുംബത്തിനും രാജ്ഭവനിലേക്ക് ക്ഷണം
ആലപ്പുഴ: വിവാഹവേദിയിൽ വച്ച് തന്നെ വധുവിന്റെ സ്വർണാഭരണങ്ങൾ തിരികെ നൽകി സ്ത്രീധനത്തിനെതിരേ നിലപാട് വ്യക്തമാക്കിയ സതീഷ് സത്യനെ തേടി ഗവർണറുടെ വിളിയെത്തി. ആശംസകളും അഭിനന്ദനങ്ങളുമറിയിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സതീഷിനെയും കുടുംബത്തെയും രാജ്ഭവനിലേക്ക് ക്ഷണിക്കുകയും ചെയ്തു.
ജൂലൈ 15 നാണ് പള്ളിക്കൽ ഹരിഹരാലയം കെവി സത്യന്റെയും സരസ്വതിയുടെയും മകൻ സതീഷും നൂറനാട് പണയിൽ ഹരിമംഗലത്ത് പടീറ്റതിൽ രാജേന്ദ്രന്റെയും ഷീജയുടെയും മകൾ ശ്രുതിയും തമ്മിലുള്ള വിവാഹം നൂറനാട് പണയിൽ ദേവീക്ഷേത്രത്തിൽ വച്ച് നടന്നത്. വിവാഹം കഴിഞ്ഞതിന് പിന്നാലെ ശ്രുതി അണിഞ്ഞിരുന്ന 50 പവന്റെ ആഭരണങ്ങളിൽ താലിമാലയും രണ്ടു വളയുമൊഴികെയുള്ളവ അവിടെ വച്ച് തന്നെ സതീഷ് ഭാര്യയുടെ മാതാപിതാക്കളെ ഏൽപ്പിച്ചു. വാർത്ത വൈറൽ ആയതോടെയാണ് ഗവർണറുടെ ശ്രദ്ധയിലും വന്നത്. തുടർന്ന് കഴിഞ്ഞ ദിവസം ഗവർണർ നേരിട്ട് സതീഷിനെ വിളിച്ചു. നല്ല പ്രവർത്തിയാണ് താങ്കൾ ചെയ്തത്. എല്ലാവർക്കും ഒരു പ്രചോദനമാണ്. സമൂഹത്തിന് നല്ല സന്ദേശം നൽകുന്ന കാര്യമാണ് ചെയ്തത്. തനിക്കും ഇത് സന്തോഷമുളവാക്കിയെന്നും ആശംസ നേരുന്നുവെന്നുമാണ് ഗവർണർ പറഞ്ഞത്. രാജ്ഭവനിലേക്ക് അതിഥിയായി എത്തണമെന്ന് ക്ഷണിച്ചിട്ടാണ് അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചത്. തൊട്ടുപിന്നാലെ ഗവർണർ ഈ വിവരം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
അറിയപ്പെടുന്ന നാദസ്വര വിദ്വാനാണ് സതീഷ് സത്യൻ. ശ്രുതി രാജ് ഡിഗ്രി അവസാന വർഷ പരീക്ഷ കഴിഞ്ഞ് നിൽക്കുകയാണ്. വിവാഹം കഴിച്ച പെണ്ണിനെ തനിക്ക് സ്വന്തമായി ജോലി എടുത്തു പോറ്റാൻ കഴിയുമെന്ന് സതീഷ് പറഞ്ഞു. പെണ്ണിന്റെ സ്വത്തും ആഭരണവും എടുത്ത് ചെലവ് കഴിയാൻ താൽപര്യമില്ല. തന്നെപ്പോലുള്ള യുവാക്കൾ ഇത്തരമൊരു മാതൃക കാട്ടിയാലേ സ്ത്രീധനമെന്ന അനാചാരത്തിന് അറുതി വരുത്താൻ കഴിയൂവെന്നും സതീഷ് പറഞ്ഞു. സതീഷിന്റെ പിതാവ് സത്യൻ, മാതാവ് സരസ്വതി എന്നിവർ കൂടി ചേർന്നാണ് സ്വർണാഭരണങ്ങൾ ശ്രുതിയുടെ മാതാപിതാക്കളായ രാജേന്ദ്രനും ഷീജയ്ക്കും കൈമാറിയത്.
അടൂർ എസ്.എൻ.ഡി.പി യൂണിയൻ പരിധിയിലെ പള്ളിക്കൽ 178 നമ്പർ ശാഖാ യോഗാംഗങ്ങളാണ് സതീഷിന്റെ കുടുംബം. ശാഖാ പ്രസിഡന്റ് കെ.വി. സോമരാജൻ, സെക്രട്ടറി ബിജു പള്ളിക്കൽ എന്നിവർ മംഗള കർമത്തിന് സാക്ഷികളായി. ഇത്രയും വലിയൊരു കർമം ചെയ്തിട്ടും ചുറ്റുപാടും നിന്ന് വിമർശനം ഏൽക്കേണ്ടി വരുന്നുണ്ടെന്ന് സതീഷ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ തനിക്കെതിരായ കമന്റുകൾ വന്നത് വേദനിപ്പിച്ചു. ഇതൊരു വാർത്തയാക്കാൻ വേണ്ടിയല്ല താൻ ചെയ്തത്. വിവാഹം കഴിഞ്ഞപ്പോൾ നാട്ടിലെ പ്രാദേശിക ചാനലിൽ വാർത്ത കൊടുത്തത് ശാഖാ ഭാരവാഹികളാണ്. പിന്നെ മാധ്യമങ്ങൾ ഏറ്റെടുത്തു. അതേപ്പറ്റി താൻ അറിഞ്ഞിരുന്നു പോലുമില്ലെന്നും സതീഷ് പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്