കേന്ദ്രത്തിലെ മോദി സർക്കാരിനെ പോലും പിടിച്ചുലച്ച കേരളത്തിലെ ബിജെപി നേതാക്കളുമായി ബന്ധപ്പെട്ട മെഡിക്കൽ കോഴ ആരോപണത്തിൽ മുഖ്യസൂത്രധാരനായ സതീഷ് നായരുമായി ബന്ധമില്ലെന്നു സ്ഥിപാക്കാനുള്ള നെട്ടോട്ടത്തിൽ സംസ്ഥാനത്തെ നേതാക്കൾ.

ഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സതീഷ് നായർ എന്ന പവർ ബ്രോക്കർ കേന്ദ്ര ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിലുള്ള വ്യക്തിയാണെന്നു വെളിപ്പെട്ടതോടെയാണ് ഇയാളുമായി ബന്ധമിയില്ലെന്നു സ്ഥാപിക്കാൻ കേരളത്തിലെ ബിജെപി നേതാക്കൾ നെട്ടോട്ടമോടുന്നു.

സംസ്ഥാന അധ്യക്ഷ കുമ്മനം രാജശേഖരന്റെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിൽ ഡൽഹിയിലെ അധികാര കേന്ദ്രങ്ങളിൽ നിറഞ്ഞു നിന്നിരുന്ന സതീഷ് നായർക്ക് പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നാണ് നേതാക്കൾ ഇപ്പോൾ വിശദീകരിക്കുന്നത്. പാർട്ടിയുടെയോ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെയോ ഡൽഹിയിലെ കാര്യങ്ങൾ ഇയാളെ ഏൽപ്പിച്ചിട്ടില്ലെന്നും നേതാക്കൾ പറയുന്നു. അതേസമയം മെഡിക്കൽ കോഴ വിവാദം കത്തിപ്പടർന്നതോടെ മൊബൈൽ ഫോൺ പോലും സ്വിച്ച് ഓഫ് ചെയ്തു മുങ്ങിയിരിക്കുകയാണ് സതീഷ് നായർ.

അതേസമയം ഡൽഹിയിലെ മലയാളികൾക്കിടയിൽ സതീഷ് നായർ അത്ര സുപരിചിതനല്ല. എന്നും അധികാര കേന്ദ്രങ്ങളുമായി അടുത്തു നിന്നിട്ടുള്ള സതീഷ് ഡൽഹിയിലുള്ള മലയാളികളുമായി കാര്യമായ ബന്ധം സ്ഥപിച്ചിരുന്നില്ലെന്നാണ് അറിവ്. അതുകൊണ്ടു തന്നെ മെഡിക്കൽ കോഴ വിവാദത്തിന് പിന്നാലെ സതീഷ് നായരെ കുറിച്ച് മാധ്യമ പ്രവർത്തകർ ഡൽഹിയിലെ മലയാളികളെ സമീപിക്കുകയായിരുന്നു.

സതീഷ് നായരെക്കുറിച്ചുള്ള അന്വേഷണം മലായളികൾ കൂട്ി ഏറ്റെടുത്തതോടെ 'സതീഷ്' എന്നു പേരുള്ള ഡൽഹിയിലെ മലയാളികൾക്ക് ഫോൺവിളി ഒഴിഞ്ഞ നേരമില്ലെന്നാണ് സൂചന. വിളിക്കുന്നവർക്കോക്കെ അറിയേണ്ടത് നിങ്ങൾ തന്നെയാണോ യഥാർഥത്തിൽ ആ സതീഷ് നായർ എന്നതാണ്.

മെഡിക്കൽ കോളേജിന് അനുമതി നേടിയെടുക്കാൻ സംസ്ഥാനത്തെ ബിജെപി നേതാവ് വഴി 5.6 കോടി രൂപ കൈപ്പറ്റിയ തൊടുപുഴ സ്വദേശിയും മുൻ വ്യോമസേനാ ഉദ്യോഗസ്ഥനുമായ സതീഷ് നായരെ കേന്ദ്രീകരിച്ച് കേന്ദ്ര ഇന്റലിജൻസ് ഏജൻസികളും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡൽഹിക്കു സമീപം ഗസ്സിയാബാദിൽ താമസിക്കുന്ന ഇയാൾ സർക്കാരിൽ സ്വാധീനമുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സമാനമായ തട്ടിപ്പുകൾ മുൻ കാലത്തും നടത്തിയിട്ടുണ്ടെന്നാണ് സൂചന. അതേസമയം ഗസ്സിയബാദിലുള്ള ഇയാളുടെ വീട് ഇപ്പോൾ അടഞ്ഞുകിടക്കുകയാണ്.

2015ൽ കുമ്മനം രാജശേഖരൻ പാർട്ടി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനു പിന്നാലെയാണ് ഇയാൾ ബിജെപിയുമായി അടുക്കുന്നത്. കേരളത്തിലെ ഒരു ഹൈന്ദവസംഘടനയുടെ അധ്യക്ഷനായ വ്യക്തിയുടെ സാഹോദരനാണ് സതീഷ്. ഈ ബന്ധമുപയോഗിച്ചാണ് ഇയാൾ ബിജെപിയുമായി അടുത്തതും കുമ്മനത്തിന്റെ ഓഫീസിൽ കയറിപ്പറ്റിയതെന്നുമാണ് സൂചന. കുമ്മനത്തിന്റെ ആളായി ഇദ്ദേഹം ഡൽഹിയിലെ പല ബജെപി നേതാക്കളെയും പരിചയപ്പെട്ടിട്ടുമുണ്ട്.

ശിവഗിരി മഠാധിപതി ആയിരുന്ന സ്വാമി പ്രകാശാനന്ദയ്ക്കും ബിജു രമേശിനും ഒപ്പം പ്രധാനമന്ത്രി മോദിയുമായി ഇയാൾ കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന് ബിജു രമേശിനെ മന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രകാശനന്ദയുടെ കത്തും ഇയാൾ കൈമാറിയിരുന്നു.

എന്നാൽ ഈ കത്ത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. തിരുവനന്തപുരത്തേക്കെന്നു തെറ്റിദ്ധരിപ്പിച്ചാണ് സതീഷ് നായരും ബിജു രമേശും പ്രകാശാനന്ദയെ ഡൽഹിയിൽ എത്തിച്ചത്. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം എടുത്ത ഫോട്ടോ കാണിച്ച് പലർക്കും പല വാഗ്ദാനങ്ങളും നൽകി പണം തട്ടിയതായും സൂചനയുണ്ട്.

യു.പി.എ സർക്കാരിന്റെ കാലത്തും ഇയാൾ കോഴ വാങ്ങി വിവിധ മന്ത്രാലയങ്ങളിൽ നിന്ന് കാര്യങ്ങൾ സാധിച്ചു കൊടുത്തിരുന്നുവെന്നാണ് അറിയുന്നത്. ഇദ്ദേഹം മുൻ പ്രധാനമന്ത്രി മന്മോഹൻ സിംഗുമായി നിൽക്കുന്ന ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇയാളുമായി മന്മോഹൻ സിംഗിന് ബന്ധമില്ലെന്ന് അദ്ദേഹത്തിന്റെ ഓഫീസ് വ്യക്തമാക്കി.