അടൂർ: ടി.പി.യെ 51 വെട്ടിയും ഷുക്കൂറിനെ കഴുത്തു വെട്ടിയും കൊലപ്പെടുത്തിയ പാരമ്പര്യമുള്ള സിപിഎമ്മിനെ നേർക്കു നേരെ നിന്നു വെല്ലുവിളിച്ച് കവലപ്രസംഗംനടത്തി ഒരു പെൺപുലി. പാർട്ടി സീറ്റ് നിഷേധിച്ചപ്പോൾ നേതാക്കന്മാാർക്ക് നേരെ കവലപ്രസംഗം നടത്തി മുന്നേറിയ ഇവർ വിമതയായി മത്സരിച്ചു വിജയിച്ചത് വൻഭൂരിപക്ഷത്തിൽ.

ഒടുക്കം പഞ്ചായത്ത് ഭരണം സുഗമമാക്കണമെങ്കിൽ ഇവർ കൂടി വേണമെന്ന് വന്നതോടെ യാതൊരു ഉളുപ്പും കൂടാതെ പാർട്ടിയിൽ തിരിച്ചെടുക്കാനും സിപിഐ(എം) നേതൃത്വം തയ്യാർ. അധികാരക്കൊതി മുഴുത്ത സിപിഐ(എം) നേതൃത്വം ഒരു വിമതയുടെ കാരുണ്യം യാചിച്ചു നടക്കുന്നത് കടമ്പനാട് പഞ്ചായത്ത് രണ്ടാം വാർഡിലാണ്. സിപിഐ(എം) ലോക്കൽ കമ്മറ്റിയംഗവും അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് യൂണിയൻ താലൂക്ക് സെക്രട്ടറിയുമായിരുന്ന (സിഐടി.യു.) സതിയാണ് ഈ വാർഡിൽ സ്വതന്ത്രയായി നിന്ന് നേതൃത്വത്തെ വെല്ലുവിളിച്ചത്.

സതിക്ക് സീറ്റ് കൊടുക്കുന്നതിന് പകരം മറ്റൊരാളെ വാർഡിലേക്ക് ഇറക്കുമതി ചെയ്തതിൽ പ്രതിഷേധിച്ചാണ് സ്വതന്ത്രയായി മത്സരിച്ചത്. ഇവിടെ സിപിഎമ്മിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 148 വോട്ടിനായിരുന്നു സതിയുടെ വിജയം. സിപിഐ(എം) സ്ഥാനാർത്ഥിക്ക് 196 വോട്ടു മാത്രമാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്ത് വന്ന ഷീജ 344 വോട്ട് നേടി.

ഇടുക്കിയിൽ സിപിഐ(എം) നേതാവ് എം.എം. മണി നടത്തിയതു പോലെ ആക്രമിച്ചായിരുന്നു സതിയുടെ കവലപ്രസംഗം. ഒരു മണിക്കൂർ നീണ്ടുനിന്ന പ്രസംഗത്തിൽ സിപിഐ(എം) നേതാക്കളുടെ കൊള്ളരുതായ്മകൾ മുഴുവൻ ഇവർ വിളിച്ചു കൂവി. താൻ ഒരു പുരുഷനായിരുന്നെങ്കിൽ എന്നേ തന്നെ ടി.പി.യെപ്പോലെ വെട്ടിക്കൊലപ്പെടുത്തുമായിരുന്നുവെന്ന് പറഞ്ഞായിരുന്നു പ്രസംഗം. നേതാക്കളെ പേരെടെുത്തു വിമർശിച്ച് നടത്തി പ്രസംഗം വാട്‌സ് ആപ്പിലും ഫേസ്‌ബുക്കിലും വൈറലായിരുന്നു. 

സതിയുടെ പ്രസംഗം കേട്ട നാട്ടുകാർ ആവേശത്തോടെ വോട്ട് ചെയ്തു. മണിയമ്മയ്ക്ക് കിട്ടിയത് 494 വോട്ടാണ്. പാർട്ടിയെ നാണം കെടുത്തിയ മണിയമ്മയെ പുറത്താക്കിക്കൊണ്ട് സിപിഐ(എം) ലോക്കൽ കമ്മറ്റി തെരുവുകൾതോറും പോസ്റ്റർ പതിച്ചിരുന്നു. അതിലെ പശ ഉണങ്ങുന്നതിന് മുൻപാണ് സതിയെ തിരിച്ചെടുക്കാൻ നീക്കം നടക്കുന്നത്.

സതി സിപിഎമ്മിലേക്ക് തിരിച്ചെത്തിയാൽ 200ഓളം പ്രവർത്തകർ രാജിവയ്ക്കുമെന്ന് ഭീഷണി മുഴക്കിയിട്ടുണ്ട്. കടമ്പനാട് പഞ്ചായത്തിന്റെ രണ്ടാംവാർഡിൽ പലയിടങ്ങളിലായി സതി നടത്തിയ വിവാദ പ്രസംഗം ആയുധമാക്കിയാണ് സിപിഎമ്മിലെ ചിലർ അവർക്കെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്.

സതിയമ്മയുടെ പ്രസംഗത്തിന്റെ പ്രസക്തഭാഗങ്ങളിങ്ങനെ, '...ഒരുപക്ഷെ വിഷമം കൊണ്ട് കണ്ണീര് വന്നെന്നിരിക്കും, അതിനെന്താണ് തെറ്റ് സഖാവെ, പക്ഷെ ആരെയും വെട്ടുന്ന പാരമ്പര്യം എനിക്കില്ല സഖാവെ, സഖാക്കളൊന്നോർക്കണം ഞാനൊരാണായിരുന്നുവെങ്കിൽ ഇന്നു നിങ്ങളുടെമുന്നിൽനിന്ന് പ്രസംഗിക്കുവാൻ ഈ സിപിഐ(എം)കാർഎനിക്ക് അവസരം തരത്തില്ലായിരുന്നു. എന്നെ എന്നേ വക വരുത്തിക്കഴിഞ്ഞേനെ. അത്രയ്ക്കുള്ള അഹങ്കാരമനോഭാവമാണ് എന്റെ സഖാക്കൾക്ക് എന്നോടുള്ളത്. എന്നിങ്ങനെ നീളുന്ന ഒരുമണിക്കൂർ ദൈർഘ്യമുള്ള പ്രസംഗമാണ് വിവാദമായിരിക്കുന്നത്.