ചെന്നൈ: സത്യഭാമ സർവകലാശാലയിൽ വിദ്യാർത്ഥിനി ജീവനൊടുക്കിയതിനെ തുടർന്ന് കാമ്പസിന് ഒരു മാസം അവധി പ്രഖ്യാപിച്ചു. ഹോസ്റ്റൽ താമസിച്ചവരോട് ഒഴിയാനും ആവശ്യപ്പട്ടിട്ടുണ്ട്. സ്ഥിതിഗതികൾ ശാന്തമായ ശേഷം ക്‌ളാസു തുടരുമെന്ന് അധികൃതർ അറിയിച്ചു.

ഹൈദരാബാദ് സ്വദേശിനിയായ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനി രാഗമോണികയാണ് ജീവനൊടുക്കിയത്. പരീക്ഷയിൽ കോപ്പിയടി ആരോപിച്ച് അദ്ധ്യാപർ പിടികൂടിയതിനെ തുടർന്നാണ് രാഗമോണിക ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. രാഗമോണികയുടെ മരണത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികൾ സത്യഭാമ യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റലിന് രാത്രി തീയിട്ടിരുന്നു.

രാഗമോണികയുടെ ഇരട്ട സഹോദരൻ രാഗേഷ് റെഡ്ഡിയും ഇതേ സർവകലാശാലയിൽ പഠിക്കുന്നുണ്ട്. പരീക്ഷയിൽ കോപ്പിയടി ആരോപിച്ച് രാഗമോണികയുടെ ഐഡി കാർഡ് പിടിച്ചെടുക്കയും ക്ലാസിന് പുറത്തേക്ക് അയക്കുകയും ചെയ്തതായി റെഡ്ഡി പറഞ്ഞു. അതിന് ശേഷം റെഡ്ഡി സഹോദരിയെ കണ്ടിട്ടില്ല. ക്ലാസിന് പുറത്തിറക്കിയ ശേഷം സഹോദരി എങ്ങോട്ടാണ് പോയെന്ന് കണ്ടിട്ടില്ലെന്നും റെഡ്ഡി കൂട്ടിച്ചേർത്തു.

പരീക്ഷ കഴിഞ്ഞ് 11.15ഓടെ റെഡ്ഡി ഹോസ്റ്റലിൽ എത്തി. സഹോദരിയെ മുറിക്കുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തോടെ രാഗമോണികയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്ക് രാഗമോണികയുടെ രക്തസമ്മർദ്ദം താഴ്ന്നിരുന്നു. രണ്ട് മണിക്കൂറിന് ശേഷം മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

മരിക്കുന്നതിന് മുമ്പ് തന്റെ ഫോണിൽ നിന്ന് സഹോദരന് സന്ദേശം അയച്ചിരുന്നു. ഐ ലൗവ് യു, ഐ വിൽ മിസ് യു എന്നീ സന്ദേശങ്ങളാണ് രാഗമോണിക സഹോദരന് അയച്ചത്. പരീക്ഷ കഴിഞ്ഞ് ക്ലാസിന് പുറത്തിറങ്ങിയപ്പോഴാണ് റെഡ്ഡി ഇത് കണ്ടത്. ക്ലാസിൽ നിന്ന് ഇറക്കിയ ശേഷം രാഗമോണികയെ എങ്ങോട്ടാണ് മാറ്റിയതെന്ന് കോളജ് അധികൃതർ വെളിപ്പെടുത്തിയിട്ടില്ലെന്ന് പിതാവ് ആരോപിച്ചു. ഇതിൽ ദുരുഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പിതാവ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.