മുറ്റത്തൊരു കാറുവന്നു നിന്നപ്പോൾ പതിവുപോലെ ഏതെങ്കിലും മീറ്റിങ്ങിന് ക്ഷണിക്കാൻ വന്നവരായിരിക്കും എന്നാണ് വിചാരിച്ചത്. ഇറങ്ങിവന്നവരെ കണ്ടപ്പോൾ തോന്നി, മീറ്റിങ്ങും സാംസ്‌കാരിക സമ്മേളനവുമൊന്നും ആയിരിക്കാനിടയില്ല. കാഴ്ചയിൽ നല്ല സമ്പന്നരാണ്. രണ്ടുപേർക്ക് സ്വർണമാലയും കൈയിൽ സ്വർണവളയുമൊക്കെയുണ്ട്.

കസവുമുണ്ടും ലിനൻ ഷർട്ടും, ഏതെങ്കിലും ഷോപ്പിന്റെയോ ഹോട്ടലിന്റെയോ ഉദ്ഘാടനമായിരിക്കും. ഉദ്ദേശ്യമെന്തായാലും 'നടക്കില്ല' എന്ന മറുപടി എത്രത്തോളം വിനയപൂർവം പറയാം എന്ന ചിന്തയിലായിരുന്നു ഞാൻ. കുറ്റിപ്പുറത്തിനടുത്തുനിന്നാണ് സംഘത്തിന്റെ വരവ്. പതിവു കുശലങ്ങളും എന്റെ സിനിമകളെ പുകഴ്‌ത്തലുമൊക്കെ കഴിഞ്ഞപ്പോൾ ഞാൻ ചോദിച്ചു-

''പ്രത്യേകിച്ചെന്താ ഇങ്ങോട്ടൊക്കെ?''

കൂട്ടത്തിൽ പക്വതയുണ്ടെന്നു തോന്നിച്ച ഒരു ചേട്ടൻ വിഷയം അവതരിപ്പിച്ചു. അവരുടെ പരിചയത്തിൽ സ്വന്തമായി വീടില്ലാത്ത രണ്ടു കുടുംബങ്ങളുണ്ട്. ബന്ധുവീടുകളിൽ മാറിമാറിയാണിപ്പോൾ താമസം. അവർക്ക് വീടുവച്ചുകൊടുക്കാൻ മഞ്ജു വാരിയരോടൊന്നു പറയണം.

അത് എന്റെ കണക്കുകൂട്ടലുകൾക്കപ്പുറത്തുള്ള ഒരാവശ്യമായിരുന്നു. ഞാനും മഞ്ജുവും ഒരേ നിയോജകമണ്ഡലത്തിലെ താമസക്കാരാണ്. വിശാലമായ ഒരു പാടശേഖരത്തിന്റെ രണ്ട് കരകളിലായിട്ടാണ് ഞങ്ങളുടെ വീടുകൾ. അന്തിക്കാടുനിന്ന് പാടവരമ്പിലൂടെ പത്തു മിനുട്ട് സൈക്കിൾചവിട്ടിയാൽ മഞ്ജുവിന്റെ വീട്ടിലെത്താം. കാറിലാണെങ്കിൽ അല്പം വളഞ്ഞുപോകണം. ഞാൻ പറഞ്ഞു - ''ഇവിടെ അടുത്താണ് വീട്. നിങ്ങൾ നേരിട്ടുചെന്ന് പറയുന്നതല്ലേ നല്ലത്?''
'ഞങ്ങൾ പോയിരുന്നു. പക്ഷേ, കാണാൻ പറ്റിയില്ല. പെരുമ്പാവൂരിൽ ഡാൻസ് പ്രാക്ടീസ് ചെയ്യാൻ പോയെന്നു പറഞ്ഞു. മാത്രമല്ല ഞങ്ങളെ പരിചയവുമില്ലല്ലോ. സത്യേട്ടൻ ഒന്ന് പറഞ്ഞാൽ കാര്യം നടക്കും.''

ഒരുപാട് ഉത്തരങ്ങൾ എന്റെ മനസ്സിലൂടെ കടന്നുപോയി.

മഞ്ജുവിനുമാത്രമല്ല എനിക്കും പരിചയമില്ലല്ലോ. ജീവിതത്തിലാദ്യമായാണ് ഈ കഥാപാത്രങ്ങളെ കാണുന്നത്.ആകാവുന്നത്ര സൗമ്യമായി ഞാൻ പറഞ്ഞു-
''നിങ്ങൾ അവിടത്ത ജനപ്രതിനിധികളെ കാണൂ.ഇപ്പോഴത്തെ സർക്കാർ ഇത്തരം കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കുന്നുണ്ട്. പ്രത്യേകിച്ചും മുഖ്യമന്ത്രി, മഞ്ജു ഒരു സാധാരണ വ്യക്തിയല്ലേ? ഒരു വ്യക്തി വിചാരിച്ചാൽ മാത്രം വീടില്ലാത്തവർക്കൊക്കെ വീടുണ്ടാക്കിക്കൊടുക്കാൻ പറ്റുമോ?''
''സർക്കാറിനെ സമീപിച്ചാൽ പെട്ടെന്നൊന്നും നടക്കില്ല. ഇതാവുമ്പോൾ ജനശ്രദ്ധ കിട്ടും. പത്രങ്ങളിലൊക്കെ വാർത്തവരും. പലർക്കും ഇപ്പൊ മഞ്ജു വാരിയർ വീടുണ്ടാക്കി കൊടുക്കുന്നുണ്ടല്ലോ വീടിന്റെ താക്കോൽദാനം നമുക്ക് ആഘോഷമായിട്ട് നടത്താം. അതിന് ഇന്നസെന്റിനെകൂടി കിട്ടിയാൽ കേമമായി. അദ്ദേഹമിപ്പോൾ എംപി.യും കൂടിയാണല്ലോ '

അപ്പോൾ വിശാലമായ പ്ളാനിങ്ങോടു കൂടിയാണ് വരവ്. അവർ ഓരോരുത്തരും എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് ഞാൻ അന്വേഷിച്ചു.രണ്ടുപേർക്ക് നാട്ടിൽ ബിസിനസ്സാണ്. ഒരാൾ കുവൈത്തിൽ. വിഷയം പറഞ്ഞ ചേട്ടനും കൂടെ വന്ന മറ്റൊരാൾക്കും പ്രത്യേകിച്ചു പണിയൊന്നുമില്ല. സാമൂഹികപ്രവർത്തനവും കലാപ്രവർത്തനവും മാത്രം. ''നിങ്ങൾ കുറച്ചുപേർ ആത്മാർഥമായി ശ്രമിച്ചാൽ പോരെ'' എന്നു ഞാൻ ചോദിച്ചു. അതിനവർ തയ്യാറല്ല. ''മഞ്ജു ഏതായാലും അത്തരം സഹായങ്ങൾ ചെയ്യുന്നുണ്ടല്ലോ. ഒന്നു പറഞ്ഞുനോക്കൂ. നടക്കുന്നെങ്കിൽ നടക്കട്ടെ.''
ജീവകാരുണ്യപ്രവർത്തനങ്ങളെ ആളുകൾ എത്ര ലാഘവത്തോടെയാണ് കാണുന്നത് എന്നോർത്തപ്പോൾ അതിശയം തോന്നി. ......
സഹായം ആവശ്യമുള്ളവർക്കല്ല തിടുക്കം. അത് ആഘോഷമാക്കാൻ നടക്കുന്നവർക്കാണ്.

മറ്റുള്ളവരുടെ കണ്ണീരുകണ്ട് മനസ്സലിഞ്ഞ് ഒരു കലാകാരി സഹായിക്കാൻ തയ്യാറായാൽ പിന്നീട് അത് അവരുടെ കടമയായി കണക്കാക്കുകയാണ് സമൂഹം. 'നനഞ്ഞിടം കുഴിക്കുക' എന്നൊരു പഴമൊഴിയുണ്ട്. അതുതന്നെയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. മഞ്ജു വാരിയർ ഒരു പണച്ചാക്കല്ല എന്ന് ഞാനവരോട് പറഞ്ഞു. അഭിനയിച്ചും നൃത്തംചെയ്തും കിട്ടുന്ന പ്രതിഫലത്തിൽനിന്ന് ഒരുപങ്ക് എടുത്താണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്.അതൊരു ചുമതലയായിക്കണ്ട് അവരെമാത്രം ബുദ്ധിമുട്ടിക്കുകയല്ല വേണ്ടത്. ആവശ്യത്തിലേറെ പണമുള്ള ഒരുപാടാളുകളുണ്ടല്ലോ നമ്മുടെ നാട്ടിൽ?.പത്മശ്രീക്കുവേണ്ടി പണമെറിയുന്ന പ്രാഞ്ചിയേട്ടന്മാരും അഴിമതി നടത്തി കീശവീർപ്പിക്കുന്ന ഉദ്യോഗസ്ഥരും സാമൂഹികസേവനം ബിസിനസ്സായി കൊണ്ടുനടക്കുന്ന രാഷ്ട്രീയക്കാരും- അങ്ങനെ എത്രയോ പേർ. അവരെയൊക്കെയല്ലേ ബോധവത്കരിക്കേണ്ടത്? വിശദമായി പറഞ്ഞപ്പോൾ സംഗതി ശരിയാണെന്ന് വന്നവർക്കും ബോധ്യമായി. തികഞ്ഞ സൗഹൃദത്തോടെ ഒപ്പംനിന്ന് സെൽഫിയൊക്കെയെടുത്ത് അവർ തിരിച്ചുപോയി.

സിനിമയിൽ ഒരു നടനോ നടിയോ 'ടൈപ്പ്' ചെയ്യപ്പെടുന്നതും ഇങ്ങനെത്തന്നെയാണ്. ഒരു സിനിമയിൽ ഒരു നടൻ വക്കീലായി തിളങ്ങിയാൽ, പിന്നെ മിക്കവാറും പടങ്ങളിൽ അയാൾ വക്കീൽ തന്നെ ആയിരിക്കും. വി.കെ. ശ്രീരാമൻ ഏതോ സിനിമയിൽ ഹാജിയാരായി തകർത്തഭിനയിച്ചു.തുടർന്നുവന്ന കുറെ സിനിമകളിൽ അതുതന്നെയായിരുന്നു ശ്രീരാമന്റെ വേഷം. മടുത്തപ്പോൾ ഡേറ്റ് ചോദിച്ചുവരുന്നവരോട് ആദ്യമേ തന്നെ ശ്രീരാമൻ പറയും- 'ഹാജിയാരാണെങ്കിൽ ഞാനില്ല കേട്ടോ''. ജോഷിയടക്കമുള്ള പല സംവിധായകരുടെയും സിനിമകളിൽ സ്ഥിരം ഇൻസ്പെക്ടറായി അഭിനയിച്ച രാജശേഖരൻ എന്ന നടന്റെ പേരുതന്നെ പിന്നീട് എസ്.ഐ. രാജശേഖരൻ എന്നായി മാറി. പഴയ ഒരനുഭവം ഇതോടൊപ്പം ചേർത്തുവായിക്കാം എന്നു തോന്നുന്നു.
ഡോക്ടർ ബാലകൃഷ്ണന്റെ 'രേഖാ സിനി ആർട്‌സി'ൽ ഞാൻ സംവിധാന സഹായിയായി പ്രവർത്തിക്കുന്ന കാലമാണ്. ഡോക്ടർതന്നെ സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നു. മദിരാശിയിലെ അരുണാചലം സ്റ്റുഡിയോവിലാണ് ഷൂട്ടിങ്..അന്നൊക്കെ കാൾഷീറ്റ് അടിസ്ഥാനത്തിലായിരുന്നു സിനിമാ ജോലികൾ നടന്നിരുന്നത്. രാവിലെ ഒമ്പതുമുതൽ വൈകുന്നേരം അഞ്ചുവരെ ഒരു കാൾഷീറ്റ്.അഞ്ചുകഴിഞ്ഞാൽ സ്റ്റുഡിയോ ചാർജ് കൂടും. ലൈറ്റ് ബോയ്‌സിനും മറ്റു ജോലിക്കാർക്കുമൊക്കെയുള്ള ബാറ്റയും കൂടുതൽ കൊടുക്കണം. അതുകൊണ്ട് ഒമ്പതുമണി എന്നുപറഞ്ഞാൽ കൃത്യം ഒമ്പതിനുതന്നെ ജോലി തുടങ്ങും. അതിനുമുമ്പ് നടീനടന്മാരെയും സംവിധായകനും ക്യാമറാമാനുമടക്കമുള്ള സാങ്കേതികപ്രവർത്തകരെയും സ്റ്റുഡിയോവിലെത്തിക്കേണ്ട ചുമതല പ്രൊഡക്ഷൻ മാനേജർക്കാണ്.

രാഘവനും സുധീറും പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്ന സിനിമയാണ്. അവർ രണ്ടുപേരുമൊഴിച്ച് ബാക്കിയെല്ലാവരും സെറ്റിലെത്തിക്കഴിഞ്ഞു. സമയം ഒമ്പതിനോടടുക്കുന്നു.

പിറ്റേന്നത്തെ ലൊക്കേഷൻ നോക്കാൻ പോയ ആർട്ട് ഡയറക്ടർ തിരിച്ചെത്തിയിട്ടില്ല, പ്രൊഡക്ഷൻ കാറിലാണ് അദ്ദേഹം പോയിരിക്കുന്നത്. ഒരു കാർ മാത്രമേ സ്റ്റുഡിയോവിൽ ബാക്കിയുള്ളൂ. അത് സുധീറിന് അയയ്ക്കണോ രാഘവന് അയയ്ക്കണോ എന്ന് സംശയിച്ചുനിൽക്കുമ്പോൾ ഒരു ഓട്ടോറിക്ഷ ഗേറ്റ് കടന്ന് അതിവേഗം വന്നു. നടൻ രാഘവനാണ്. അഹങ്കാരത്തിന്റെ കണികപോലുമില്ലാത്ത ആളാണ് രാഘവേട്ടൻ. അന്നും ഇന്നും അങ്ങനെ തന്നെ. അദ്ദേഹം നായകനായി അഭിനയിച്ച സിനിമകൾ തിയേറ്ററുകളിൽ നിറഞ്ഞോടുന്ന കാലമാണ്. രാഘവേട്ടൻ. അന്നും ഇന്നും അങ്ങനെ തന്നെ. അദ്ദേഹം നായകനായി അഭിനയിച്ച സിനിമകൾ തിയേറ്ററുകളിൽ നിറഞ്ഞോടുന്ന കാലമാണ്. ചെമ്പരത്തിയിലെ 'ചക്രവർത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു...' എന്ന പാട്ടൊക്കെ കാമ്പസുകളിൽ ആവേശമായിരുന്ന കാലം.

ഓട്ടോറിക്ഷയിൽനിന്നിറങ്ങിയ ഉടനെ മാനേജരോട് അദ്ദേഹം പറഞ്ഞു- ''ഞാൻ കുറെ നേരമായി കാത്തിരിക്കുകയായിരുന്നു. എട്ടരയായിട്ടും വണ്ടി കാണാതായപ്പോൾ ഒരു ഓട്ടോയെടുത്തു പോന്നു. ഒമ്പതു മണിക്ക് തുടങ്ങേണ്ടതല്ലേ? ഞാൻ കാരണം ഷൂട്ടിങ് വൈകരുതല്ലോ.'' മാനേജർ ഒരു നൂറായിരം നന്ദി പറഞ്ഞു.രാഘവേട്ടൻ മെയ്ക്കപ്പ് ചെയ്യാൻ പോയി. സെറ്റിലുണ്ടായിരുന്ന കാർ നേരേ സുധീറിനയച്ചു. സുധീർ വരുമ്പോഴേക്കും രാഘവൻ സീനൊക്കെ വായിച്ച് റെഡിയായിക്കഴിഞ്ഞിരുന്നു.

തൊട്ടടുത്ത ദിവസം! അന്നും ഇവർ തന്നെയാണ് അഭിനേതാക്കൾ. തലേ ദിവസത്തെപ്പോലെ കാറിന് ദൗർലഭ്യമൊന്നുമില്ല. എങ്കിലും മാനേജർ തന്റെ അസിസ്റ്റന്റിനെ വിളിച്ച് നിർദ്ദേശം കൊടുത്തു.

''രാഘവേട്ടനെ വിളിച്ച് ഒരു ഓട്ടോ എടുത്ത് ഇങ്ങോട്ടു വരാൻ പറയൂ. സുധീർ സാറിന് കാർ അയയ്ക്ക്.''ഞാനും ആ സിനിമയുടെ സഹസംവിധായകനായ പി. ചന്ദ്രകുമാറും അതു കേട്ടുകൊണ്ടു നിൽക്കുകയായിരുന്നു. അനീതി കണ്ടാൽ പെട്ടെന്ന് പ്രതികരിക്കുന്ന ആളാണ് ചന്ദ്രകുമാർ.ചന്ദ്രൻ പ്രൊഡക്ഷൻ മാനേജരെ നിർത്തി പൊരിച്ചു എന്നു വേണമെങ്കിൽ പറയാം. രാഘവേട്ടനുള്ള കാർ അപ്പോൾ തന്നെ അയപ്പിച്ചിട്ടേ ഞങ്ങളവിടെ നിന്നു മാറിയുള്ളൂ. ഒരാൾ ഒരിക്കൽ ഒരു ഔദാര്യം കാണിച്ചാൽ അതയാളുടെ ബലഹീനതയാണെന്ന് കരുതരുത് എന്നൊരു താക്കീതും ചന്ദ്രൻ കൊടുത്തു.

ഇതൊരു ഉദാഹരണമാണ്. ഒന്ന് താഴ്ന്നു കൊടുത്താൽ തലയിൽ കയറി ഭരതനാട്യമാടും എന്നൊക്കെ പറയാറില്ലേ? അതുപോലെ ഒന്ന് !
നിർദോഷമായ ഒരു ആവർത്തനത്തിന്റെ കഥകൂടി പറയാം.നേരത്തെ പറഞ്ഞതുപോലുള്ള ഗൗരവമൊന്നും ഇതിലില്ല കേട്ടോ. എറണാകുളത്ത് 'പട്ടണപ്രവേശ'ത്തിന്റെ ഷൂട്ടിങ് നടക്കുന്നു.കലൂരിൽ ഇന്നത്തെ പി.വി എസ്. ഹോസ്പിറ്റൽ നിൽക്കുന്ന സ്ഥലത്ത് അന്നൊരു ഹോട്ടലാണ്. കല്പക ടൂറിസ്റ്റ് ഹോം. പി.വി എസ്. ഗ്രൂപ്പിന്റെ തന്നെയായിരുന്നു ആ ഹോട്ടൽ. ഷൂട്ടിങ്ങിനായി വന്നാൽ ഞങ്ങളൊക്കെ താമസിക്കുന്നത് ആ ഹോട്ടലിലാണ്. അവിടത്തെ റെസ്റ്റോറന്റിൽ തന്നെയായിരുന്നു അന്നത്തെ ഷൂട്ടിങ്. തടിയനായ എൻ.എൽ. ബാലകൃഷ്ണന്റെ ചോരയെടുക്കാൻ മോഹൻലാൽ സിറിഞ്ചുമായി വരുന്ന രംഗം. (സിഐഡി. ദാസന്റെ കേസന്വേഷണം) രാവിലെ ഏഴുമണിക്കുതന്നെ ഷൂട്ടിങ് തുടങ്ങി. ആ സീൻ എടുത്തു കഴിഞ്ഞിട്ടാണ് പ്രഭാത ഭക്ഷണത്തിന് ബ്രേക്ക് ചെയ്തത്. ഷൂട്ടിങ് ടീമിനുള്ള ഭക്ഷണമൊരുക്കുന്നത് പ്രത്യേകം മെസ്സിലാണ്.റെസ്റ്റോറന്റിൽ ഇരുന്നാണ് കഴിക്കുന്നതെങ്കിലും ഞങ്ങൾക്കെല്ലാം വിളമ്പിയത് മെസ്സിലെ ഇഡ്ഡലിയും ദോശയുമായിരുന്നു. അടുത്ത ടേബിളുകളിൽ മറ്റു കസ്റ്റമേഴ്‌സുമുണ്ട്. അവരിൽ ഒരാൾ ബ്രെഡും ഓംലറ്റും കഴിക്കുന്നതു കണ്ടപ്പോൾ എനിക്കൊരു കൊതി. പ്രൊഡക്ഷൻ അസിസ്റ്റന്റ് അലിയെ വിളിച്ച് ഞാൻ പറഞ്ഞു -''എനിക്കിന്ന് നമ്മുടെ ഭക്ഷണം വേണ്ട. ഇവിടന്ന് ബ്രഡ്ഡും ഓംലറ്റും വാങ്ങിത്തന്നാൽ മതി.'' നിമിഷനേരം കൊണ്ട് ബ്രഡ്ഡും ഓംലറ്റും എന്റെ മുന്നിലെത്തി.

അതിലെ അപകടം ഞാനറിഞ്ഞത് പിറ്റേന്നാണ്. കാക്കനാടുള്ള ഒരു ഗോഡൗണിലായിരുന്നു അന്ന് ഷൂട്ടിങ്.താടിവച്ച് വേഷവും ശബ്ദവും മാറ്റിയ ശ്രീനിവാസൻ തിലകൻ ചേട്ടനെ സൈക്കിളിൽ ജോലിക്ക് കൊണ്ടുവരുന്ന രംഗം.രാവിലെത്തന്നെ കുറെ ഷോട്ടുകൾ എടുത്തതിനുശേഷം പ്രഭാതഭക്ഷണത്തിനു വേണ്ടി ബ്രേക്ക് പറഞ്ഞു. ഇടിയപ്പവും മുട്ടക്കറിയുമായിരുന്നു അന്ന് മെസ്സിലെ മെനു.എന്റെ പ്രിയപ്പെട്ട ഭക്ഷണം. അത് എന്റെ മുന്നിലെ പ്ലെയ്റ്റിൽ വിളമ്പിയതേയുള്ളൂ..

''സാർ അതു കഴിക്കണ്ട'' എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് ഒരു പൊതിയുമായി അലി ഓടിവന്നു. ''സാറിനുള്ള ഭക്ഷണം ഞാൻ വേറെ കൊണ്ടുവന്നിട്ടുണ്ട്.''

ഇടിയപ്പവും മുട്ടക്കറിയും മാറ്റി, അലി എനിക്ക് ബ്രെഡ്ഡും തണുത്ത ഓംലറ്റും വിളമ്പി. പാവം, എനിക്കുവേണ്ടി മാത്രം കരുതിവച്ചതല്ലേ എന്നോർത്ത് മനസ്സില്ലാ മനസ്സോടെ ഞാനതു കഴിച്ചു. അടുത്ത ദിവസം പുട്ടും കടലയുമായിരുന്നു.ക്യാമറാമാൻ വിപിന്മോഹനും ശ്രീനിവാസനുമൊക്കെ ആസ്വദിച്ച് അതു കഴിക്കുമ്പോഴും പുലർച്ച നാലുമണിക്ക് ഉണ്ടാക്കിയ തണുത്ത ബ്രെഡ്ഡ് ടോസ്റ്റും ഓംലറ്റും കഴിക്കാനായിരുന്നു എന്റെ വിധി. ഡയറക്ടർക്കുള്ള സ്‌പെഷ്യൽ ബ്രേക്ക്‌സ്ഫാസ്റ്റ്എന്നു പറഞ്ഞ് ഉണ്ടാക്കിക്കൊണ്ടുവന്നതല്ലേ, നിരാശപ്പെടുത്തേണ്ട എന്നു കരുതി അന്നും ഞാൻ സഹിച്ചു. അങ്ങനെ നാലഞ്ചു ദിവസങ്ങൾ.
ആറാമത്തെ ദിവസവും ഇതാവർത്തിച്ചപ്പോൾ തൊഴുതുകൊണ്ട് ഞാൻ പറഞ്ഞു. ''എന്റെ പൊന്നു അലി, ഇനി എന്നെ ശിക്ഷിക്കരുത്. അന്ന് റെസ്റ്റോറന്റിൽ തന്നെ ഷൂട്ടിങ് ആയതുകൊണ്ട് ഒരു പൂതിക്ക് പറഞ്ഞുപോയതാണ്. ക്ഷമിക്കണം. ഇനി മേലിൽ ഡയറക്ടർക്ക് ഒരു സ്‌പെഷലും വേണ്ട. ഇവിടെ എല്ലാവരും കഴിക്കുന്ന ആഹാരം മതി.'' എന്നിട്ട് ചൂടുള്ള പാലപ്പവും ഉരുളക്കിഴങ്ങുകറിയും ഞാൻ ആർത്തിയോടെ കഴിച്ചു. സ്നേഹസമ്പന്നനായ അലിയുടെ പകച്ച മുഖം ഇപ്പോഴും കണ്ണിലുണ്ട് !

സത്യൻ അന്തിക്കാടിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്ന്‌