കൊച്ചി: സീരിയൽ താരങ്ങളെ മെഗാ സ്റ്റാർ മമ്മൂട്ടി പരിഹസിച്ചെന്ന തരത്തിൽ ഉയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി സംവിധായകൻ സത്യൻ അന്തിക്കാട് രംഗത്ത്. മമ്മൂട്ടി പറഞ്ഞത് തമാശയാണെന്നും പക്ഷേ, അത് ആർക്കും മനസിലായില്ലെന്നുമാണ് സത്യൻ അന്തിക്കാട് പറഞ്ഞത്.

ഗൗരവക്കാരനായ മമ്മൂട്ടി സ്റ്റേജിൽ കയറി തമാശ പറഞ്ഞപ്പോൾ അത് ആർക്കും മനസ്സിലാകാത്തതാണ് പ്രശ്‌നത്തിനു കാരണം. ശ്രീനിവാസനും ഇന്നസെന്റിനുമൊക്കെ ഹാസ്യം നല്ലരീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കും. എന്നാൽ, മമ്മൂട്ടിക്ക് അതിന് സാധിച്ചില്ല. ഇതാണ് വിവാദത്തിന് ഇടയാക്കിയതെന്നു സത്യൻ അന്തിക്കാട് ഒരു മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഫലിതം വേണ്ട രീതിയിൽ ഏറ്റില്ലെങ്കിൽ വി കെ എൻ പറയും ഒരു ഫലിതം കാറ്റിൽ പറന്നു എന്ന്. മമ്മൂട്ടി പറഞ്ഞ ഫലിതങ്ങൾ കാറ്റിൽ പറന്നു. അതാണ് സംഭവിച്ചതെന്നും സത്യൻ അന്തിക്കാട് പറഞ്ഞു.

ഏഷ്യാനെറ്റ് ഒരുക്കിയ അവാർഡ് നിശയിൽ സത്യൻ അന്തിക്കാടും പങ്കെടുത്തിരുന്നു. അവാർഡ് നിശയിൽ പങ്കെടുത്ത് മമ്മൂട്ടി പറഞ്ഞ ചില വാചകങ്ങൾ സൈബർ ലോകത്തു വലിയ ചർച്ചയായിരുന്നു. ഇത്തരത്തിലൊന്നും അവിടെ സംഭവിച്ചിട്ടില്ലെന്നാണ് സത്യൻ അന്തിക്കാട് പറയുന്നത്.

മമ്മൂട്ടി പെട്ടെന്നു സ്റ്റേജിലേക്കു വന്നില്ല, ഇറങ്ങിപ്പോയി എന്നൊക്കെ പറയുന്നത് വെറും ആരോപണങ്ങൾ മാത്രമാണ്. അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല. സോഷ്യൽ മീഡിയയിൽ പറയുന്നതുപോലെ സീരിയൽ താരങ്ങളോട് വെറുപ്പോ വിദ്വേഷമോ ഉള്ള ആളല്ല മമ്മൂട്ടി. അങ്ങനെ വെറുപ്പുള്ള ഒരാളായിരുന്നെങ്കിൽ തൊടുപുഴയിലെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ നിന്നും അങ്കമാലി വരെ ആ രാത്രി വരേണ്ട ആവശ്യം എന്തായിരുന്നു? അന്നേ ദിവസം രാവിലെ മുതൽ കമലിന്റെ പുതിയ സിനിമ ഉട്ടോപ്യയിലെ രാജാവിന്റെ ഷൂട്ടിങ്ങ് ആയിരുന്നു.

ഷൂട്ടിങ്ങ് തിരക്കുകൾക്കിടയിൽ ഇതിനു വേണ്ടി സമയം കണ്ടെത്തിയാണ് എത്തിയത്. മനസ്സിലൊന്നും വെക്കാതെ ഉള്ളത് ഉള്ളതു പോലെ പറയുന്ന ആളാണ് മമ്മൂട്ടി. സീരിയലുകാരോട് ഇഷ്ടക്കേടുണ്ടായിരുന്നെങ്കിൽ വരാൻ പറ്റില്ലെന്ന് തന്നെ പറയുമായിരുന്നു. ഒരുപാട് തെറ്റിധരിക്കപ്പെട്ട വ്യക്തിത്വമാണ് മമ്മൂട്ടിയുടേതെന്നും സത്യൻ അന്തിക്കാട് അഭിമുഖത്തിൽ പറഞ്ഞു.