തിരുവനന്തപുരം: ഒമാനിൽ സത്യൻ കൊലചെയ്യപ്പെട്ടു എന്ന വാർത്ത ഇനിയും തിരുവനന്തപുരത്തെ തിരുമലയിലെ സ്ഥലവാസികൾക്കും ബന്ധുക്കൾക്കും ഉൾക്കൊള്ളാനാകുന്നില്ല. ദാരുണ കൊലപാതകത്തെകുറിച്ച് ഇനിയും സത്യന്റെ ഭാര്യയോടും ഏക മകളോടും പറഞ്ഞിട്ടുമില്ല. ചെറിയൊരു അപകടത്തിൽ പരിക്ക് പറ്റിയ സത്യൻ നാട്ടിലേക്ക് വരുന്നുവെന്നും ഇപ്പോൾ പരിക്കുകൾ കാരമം സംസാരിക്കാനാകാത്ത സ്ഥിതി ആയതിനാലാണ് വിളിക്കാത്തതെന്നുമാണ് ഭാര്യ പ്രദീഷയേയും മകൾ സ്വാതിയേയും ബന്ധുക്കൾ വിശ്വസിപ്പിച്ചിരിക്കുന്നത്.

ഒമാനിൽ അജ്ഞാതർ കഴുത്തറുത്തുകൊലപ്പെടുത്തിയ തിരുമല സ്വദേശി സത്യന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. സംഭവത്തിൽ രണ്ട് ബംഗാൾ സ്വദേശികളെ സംശയമുള്ളതായാണ് റിപ്പോർട്ടെന്നും അടുത്ത ബന്ധുക്കൾ പറയുന്നു. ഒമാൻ തലസ്ഥാനമായ മസ്‌കറ്റിലെ മത്ര എന്ന സ്ഥലത്തെ സത്യന്റെ താമസ സ്ഥലത്ത് വച്ച് കഴിഞ്ഞ ചൊവ്വാഴ്ചയാണ് തൃക്കണ്ണാപുരം ആലപ്പുറം ജെആർഎ 523ലെ സത്യൻ കൊല്ലപ്പെട്ടത്. ഒമാനിലെ ഒരു ഫ്‌ളോർമിൽ കമ്പനിയിൽ കളക്ഷൻ ഏജന്റായിരുന്ന സത്യന്റെ കൈവശം മിക്കവാറും കമ്പനിയിലെ ഡീലറുടെ കളക്ഷൻ തുക ഉണ്ടാകാറുണ്ട്. ഇത് നന്നായി അറിയാവുന്നവർ തന്നെയാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് സത്യന്റെ അടുത്ത ബന്ധുക്കൾ സംശയിക്കുന്നത്.

ഇരുപത്തിയൊന്ന് വർഷം മുൻപാണ് സത്യൻ ആദ്യമായി വിദേശത്തേക്ക് പോയത്. ചിറയൻകീഴ് സ്വദേശിയായ സത്യൻ പ്രദീഷയെ വിവാഹം ചെയ്ത ശേഷമാണ് തിരുമലയിലേക്ക് താമസം മാറിയത്. കമ്പനിയുടമയുടെ വിശ്വസ്ഥനായ സത്യൻ നാട്ടിൽ ലീവിനെത്തിയാൽ പോലും മറ്റാരെയും വിശ്വാസമില്ലാത്തതിനാൽ സാമ്പത്തിക ഇടപാടുകൾ കൃത്യമായി നടത്തുന്ന സത്യനെ തിരിച്ചുവിളിക്കാറുണ്ട്. കുടുംബത്തോടും ബന്ധുക്കളോടും വലിയ അടുപ്പവും സ്‌നേഹവും പുലർത്തുന്ന സത്യന്റെ മരണം ഉൽക്കൊള്ളാനാകുന്നില്ലെന്ന് അടുത്ത ബന്ധുവായ സതീഷ്‌കുമാർ പറഞ്ഞു. എട്ട് മാസം മുൻപാണ് സത്യൻ അവസാനമായി നാട്ടിലേക്ക് വന്നത്. പലപ്പോഴായി പ്രവാസവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് വരാൻ സത്യൻ ഒരുങ്ങിയെങ്കിലും ബന്ധുക്കളെ സഹായിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി മടക്കയാത്ര നീട്ടിവെയ്ക്കുകയായിരുന്നു.

ഒരു മാസം മുൻപ് ചിറയൻകീഴ് താമസിക്കുന്ന സത്യന്റെ അമ്മ മരണപെട്ടപ്പോഴും ലീവ് ലഭിക്കാത്തതിനാൽ നാട്ടിൽ എത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ അമ്മയുടെ മരണാനന്തര കർമ്മങ്ങൾക്കുള്ള തുക അയക്കുകയായിരുന്നു. ഭാര്യയുടെ ബന്ധുക്കളേയും സ്വന്തം ബന്ധക്കളോടു കാണിച്ചിരുന്ന അതേ സ്‌നേഹം തന്നെയാണ് സത്യൻ പുലർത്തിയിരുന്നത്. ഭാര്യയുടെ സഹോദരന് സ്വന്തമായുണ്ടായിരുന്ന കട സാമ്പത്തിക ബാധ്യത കാരണം അടച്ച് പൂട്ടേണ്ട അവസ്ഥ വന്നപ്പോഴും സഹായിച്ചതും സത്യൻ തന്നെയായിരുന്നു. എല്ലാ ദിവസവും രാവിലെ സത്യൻ ഭാര്യയെ ഫോണിൽ വിളിച്ച് വിശഷേങ്ങൾ തിരക്കാറുണ്ട്.

ബാംഗ്ലൂരിൽ എം.ടെക്കിന് പഠിക്കുന്ന മകളേയും മിക്ക ദിവസങ്ങളിലും വിളിക്കാറുണ്ട്. രാവിലെ വീട്ടിൽ വിളിക്കുമ്പോൾ സത്യൻ അധികനേരം സംസാരിക്കാറില്ല. എല്ലാ ദിവസവും ഉച്ചയ്ക്ക് ഭാര്യ പ്രദീഷയോട് കാര്യങ്ങൾ വിശദമായി സംസാരിക്കാറുണ്ട്. സംഭവദിവസം പക്ഷേ ഉച്ചയ്ക്ക് ഫോണിൽ വിളിച്ചില്ല. ഭാര്യ പല തവണ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്ന് സത്യന്റെ താമസസ്ഥലത്ത് നിന്നും ഏകദേശം അറുപത് കിലോമീറ്ററോളം അകലെയുള്ള നവീൻ എന്ന ബന്ധുവിനെ വിളിക്കുകയായിരുന്നു. എന്നാൽ അപ്പോൾ നവീൻ ഫോൺ എടുത്തില്ല. പിന്നീട് വൈകുന്നേരം സത്യന്റെ താമസസ്ഥലത്തെ സുഹൃത്തുക്കൾ അറിയിച്ചപ്പോഴാണ് നവീൻ വിവരം അറിഞ്ഞത്.

തുടർന്ന് രാത്രിയാണ് നാട്ടിലെ അടുത്ത ബന്ധുവിനെ നവീൻ മരണവാർത്ത അറിയിച്ചത്. നവീനിനെ വിദേശത്തേക്ക് കൊണ്ട് പോയതും സത്യനായിരുന്നു. ഭാര്യയേയും മകളേയും ഒമാനിലേക്ക് കൊണ്ടു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു സത്യൻ. ഇതിനിടെയാണ് മരണമെത്തുന്നത്.