മസ്‌ക്കറ്റ്: ഒമാനിൽ ഒരു മാസത്തിനിടെ കവർച്ചാ ശ്രമത്തിനിടെ രണ്ടു മലയാളികൾ കൊല്ലപ്പെട്ടതിന്റെ ഞെട്ടലിൽ ആണ് ഒമാനിലെ പ്രവാസി മലയാളികൾ. ഒരു മാസം മുമ്പ് പെട്രോൾ സ്‌റ്റേഷൻ മാനേജരായ കോട്ടയം സ്വദേശി മോഷ്ടാക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെ വീണ്ടും മറ്റൊരു ദുരന്തം കൂടി എത്തിയതാണ് മലയാളികളെ ഭീതിയിലാഴ്‌ത്തുന്നത്. 

ഒമാനിൽ തിരുവനന്തപുരം സ്വദേശിയായ മലയാളി യുവാവിനെ ആണ് കഴുത്തറുത്തുകൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശി സത്യനെയാണ് (50) മസ്‌കത്തിലെ മത്രയിലെ താമസസ്ഥലത്ത് കഴുത്തറുത്തുകൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. കവർച്ചാ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്.

ഒമാൻ ഫ്‌ളോർ മിൽ കമ്പനിയിലെ ഡീലർ കളക്ഷൻ ഏജന്റാണ് സത്യൻ. സത്യന്റെ കൈവശം കളക്ഷൻ തുകയായി സാധാരണ ഇരുപതിനായിരത്തോളം റിയാൽ വരെ ഉണ്ടാകാറുണ്ട്. ഉച്ചക്ക് 12 മണിയോടെയാണ് സത്യൻ ജോലി കഴിഞ്ഞ് താമസ സ്ഥലത്തെത്താറുള്ളത്.
ഒരു മണിയോടെയാണ് കൊലപാതകം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ മലയാളിയാണ് സത്യനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അേന്വഷണം ആരംഭിച്ചു. 

ജൂൺ പത്തിനാണ് ഇബ്രിയിൽ കവർച്ചക്കാർ തട്ടിക്കൊണ്ടുപോയ പെട്രോൾ സ്റ്റേഷൻ ജീവനക്കാരനായ ജോൺ ഫിലിപ്പിന്റെ മൃതദേഹം ഒറ്റപ്പെട്ട സ്ഥലത്ത് ജീർണിച്ച നിലയിൽ ദിവസങ്ങൾക്ക് ശേഷം കണ്ടത്തെിയത്. ജോൺ ഫിലിപ്പിന്റെ കൊലയാളികൾ പിടിയിലായത് പ്രവാസികൾക്ക് ആശ്വാസം പകരുന്നുണ്ടെങ്കിലും ഒരു മാസത്തിനുള്ളിൽ വീണ്ടും ദുരന്തമെത്തിയത് മലയാളികൾക്കിടയിൽ ആശങ്കയുണർത്തിയിരിക്കുകയാണ്.

കഴിഞ്ഞ ഏപ്രിലിൽ സലാലയിൽ മലയാളി നഴ്‌സ് ദാരുണമായി കൊലചെയ്യപ്പെട്ടിരുന്നു. അഞ്ചു മാസം ഗർഭിണിയായ ചിക്കു റോബർട്ടിന്റെ മരണം സലാലയെ ഞെട്ടിച്ചിരുന്നു. ഭർത്താവ് ലിൻസൺ പൊലീസ് കസ്റ്റഡിയിലാണെങ്കിലും ഇതുസംബന്ധമായ ദുരൂഹത തുടരുകയാണ്.