ന്യൂയോർക്ക്: പൊതുരംഗത്തെ അനുകരണീയവും അസാധാരണവുമായ പ്രവർത്തനങ്ങൾ വഴി നന്മയുടെ വഴിവിളക്കുകളായി സമൂഹത്തിൽ ജ്വലിച്ചുനിൽക്കുന്ന കർമ്മോജ്ജ്വലരെ ആദരിക്കുന്ന ഐഎപിസിയുടെ ' സത്കർമ്മ അവാർഡിന് ' ഈ വർഷം തെരുവോരം മുരുകനെ തെരഞ്ഞെടുത്തു.

ഐഎപിസി നാഷ്ണൽ കമ്മിറ്റിയുടെ ഈ പ്രഖ്യാപനം ഫെബ്രുവരി ആറിന് പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുക്കുന്ന ന്യൂയോർക്ക് സമ്മേളനത്തിലുണ്ടാകും.

കൊച്ചി കേന്ദ്രമായി പ്രവർത്തിക്കുന്ന മുരുകൻ അനാഥരാക്കപ്പെട്ട തെരുവുകുട്ടികൾക്കും അശരണർക്കും ആലംബഹീനർക്കും ഒരത്താണിയാണ്. തെരുവിലേക്ക് വലിച്ചെറിയപ്പെട്ട തന്റെ ബാല്യത്തിന്റെ കയ്പും കമർപ്പും അതേ സാഹചര്യത്തിലൂടെ കടന്നുപോകുന്ന മറ്റുള്ളവർക്ക് ഉണ്ടാകാതിരിക്കാനായ് ' തെരുവോരം' എന്ന പേരിൽ ഒരു ശരണാലയത്തിന്റെ ചുമതലക്കാരനായി പ്രവർത്തിക്കുകയാണ് 32 വയസുമാത്രം പ്രായമുള്ള ഈ ചെറുപ്പക്കാരൻ.

ഇതിനോടകം തന്നെ മുരുകൻ 5000 പേരെ രക്ഷപെടുത്തിക്കഴിഞ്ഞു. 2000നു മേലെ തെരുവുകുട്ടികളെ രക്ഷപെടുത്തിയ കണക്ക് സർക്കാർ രേഖയാണ്. മതവും സ്വാർഥലക്ഷ്യങ്ങളും മനുഷ്യജീവനെ കഴുത്തറുത്തും വെടിവച്ചിട്ടും അവസാനിപ്പിക്കുമ്പോൾ, പുഴുവരിക്കുന്ന ജന്മങ്ങൾക്ക് ആശാലംബമാകുന്ന മുരുകൻ മനുഷ്യത്വത്തിന്റെ ഇനിയും അണയാത്ത ഒരു കൈത്തിരിയാണ്.

ആ കെടാവിളക്കിന്റെ പ്രകാശം അമേരിക്കയിൽ നിന്നു പ്രസരിപ്പിക്കാനുള്ള ഒരവസരമാണ് ഐഎപിസി സത്കർമ്മ അവാർഡിലൂടെ 2016 ൽ മാദ്ധ്യമ സമൂഹം ഒരുക്കുന്നത്. തന്റെ ബാല്യകാലത്തെ അസ്ഥിരമായ കുടുംബാന്തരീക്ഷവും അവഗണനയും അതിജീവിച്ച് ലോകത്തിന്റെ നെറുകയിലേക്ക് ചവിട്ടിയുയർന്ന ബറാക്ക് ഒബാമയുടെ വിടവാങ്ങൽ വർഷത്തിൽ അതിനേക്കാൾ കഠിനമായ സാഹചര്യങ്ങളിലൂടെ കടന്നുപോയ ഒരു 32 വയസുകാരനെ അമേരിക്കൻ മണ്ണിൽ നാം ആദരിക്കുമ്പോൾ ചരിത്രം മാറിനിൽക്കുമെന്നു നമ്മുക്ക് പ്രതീക്ഷിക്കാം.