ദുബായ്: യു.എ.ഇയിലെ സർക്കാർ ജീവനക്കാരുടെ വാരാന്ത്യ അവധി ദിനങ്ങളിൽ മാറ്റം. ഇനി മുതൽ ശനി, ഞായർ ദിവസങ്ങളിലായിരിക്കും അവധി. വെള്ളി ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും. ആഴ്ചയിൽ നാലരദിവസമായിരിക്കും പ്രവൃത്തിദിനങ്ങൾ.

തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകീട്ട് 3.30 വരെ ഓഫീസുകൾ പ്രവർത്തിക്കും. വെള്ളി രാവിലെ 7.30 മുതൽ ഉച്ചക്ക് 12 വരെയായിരിക്കും പ്രവൃത്തി സമയം. ജനുവരി ഒന്നുമുതൽ മാറ്റം പ്രാബല്യത്തിലാകും. നേരത്തെ വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി.

ദേശീയ പ്രവൃത്തി ദിനം അഞ്ചുദിവസത്തിലും താഴെയാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി മാറും ഇതോടെ യുഎഇ. പ്രവൃത്തി ദിനങ്ങളിൽ എട്ടര മണിക്കൂർ വീതമാണ് പ്രവർത്തന സമയം. വെള്ളിയാഴ്ച നാലര മണിക്കൂറും പ്രവർത്തന സമയമുണ്ട്.

വെള്ളിയാഴ്ച ജീവനക്കാർക്ക് വർക്ക് ഫ്രം ഹോമടക്കം തിരഞ്ഞെടുക്കാനും പുതിയ നയത്തിലൂടെ സാധിക്കും. ദൈർഘ്യമേറിയ വാരാന്ത്യം ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുന്നതിനും തൊഴിൽ-ജീവിത ബാലൻസ് മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണെന്ന് അധികൃതർ അറിയിച്ചു.