ചെന്നൈ: ചെന്നൈ സത്യഭാമാ സർവ്വകലാശാലയിൽ പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുപിതകായ വിദ്യാർത്ഥികൾ ഹോസ്റ്റൽ തീവെച്ച് നശിപ്പിച്ചു. ഇതോടെ സർ്വവകലാശാലയിൽ വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായിരിക്കുകയാണ്. ഹോസ്റ്റലിലെ സാധനങ്ങളും ഉപകരണങ്ങളും വിദ്യാർത്ഥികൾ തീവച്ചുനശിപ്പിച്ചു.

പരീക്ഷയിൽ കോപ്പിയടിച്ചതിനെത്തുടർന്ന് രാഗമോണിക്ക എന്ന വിദ്യാർത്ഥിനി പിടിയിലായിരുന്നു. ഈ വിദ്യാർത്ഥിനിയെ പിന്നീട് ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോപ്പിയടിയുടെ പേരിൽ അദ്ധ്യാപകർ നടത്തിയ മാനസികപീഡനമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് ആരോപിച്ച് വിദ്യാർത്ഥികൾ പ്രതിഷേധിച്ചു.

കുറ്റക്കാരായ അദ്ധ്യാപകർക്കെതിരേ നടപടിയെടുക്കാത്തതിന്റെപേരിൽ ഹോസ്റ്റലിൽ താമസിക്കുന്ന വിദ്യാർത്ഥികൾ ബുധനാഴ്ച രാത്രിയിൽ ഇവിടെയുള്ള ഫർണിച്ചറുകൾ അടക്കമുള്ള പല സാധനങ്ങളും തീവെച്ച് നശിപ്പിക്കുകയായിരുന്നു. നൂറുകണക്കിന് വിദ്യാർത്ഥികൾ സർവകലാശാലാ ക്യാമ്പസിനുള്ളിൽ തങ്ങിയാണ് പ്രക്ഷോഭം തുടരുന്നത്. 200ലേറെ പൊലീസുകാർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

18 കാരിയായ ദുവ്വുരു മോണിക്ക റെഡ്ഡിയെ സെമസ്റ്റർ പരീക്ഷയിൽ കെമിസ്ട്രി പേപ്പർ എഴുതുന്നതിനിടയാണ് കോപ്പിയടിച്ചതിന് പിടിച്ചത്.ഇൻവിജിലേറ്റർ ഉടൻ തന്നെ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകും പെൺകുട്ടിയെ പരീക്ഷാഹാളിൽ നിന്ന് പുറത്താക്കുകയും ചെയ്തു.കോപ്പിയടിച്ചെന്ന് തെളിഞ്ഞാൽ, സാധാരണഗതിയിൽ പഠിതാവിനെ ഒരു വർഷത്തേക്ക് ഒരു പരീക്ഷയിൽ നിന്ന് ഡീബാർ ചെയ്യുകയാണ് പതിവ്.

പരീക്ഷാഹാൾ വിട്ട പെൺകുട്ടി ഹോസ്റ്റലിലേക്ക് മടങ്ങിയ ശേഷം തന്റെ ഇരട്ടസഹോദരൻ രാകേഷിന് താൻ ജീവൻ ഒടുക്കുകയാണെന്ന് കാട്ടി എസ്എംഎസ് അയച്ചു.അതേ ഹാളിൽ പരീക്ഷയെഴുതുകയായിരുന്നു രാകേഷ്. പരീക്ഷ കഴിഞ്ഞതിന് ശേഷമാണ് എസ്എംഎസ് രാകേഷിന്റെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ഹോസ്റ്റലിലേക്ക് ഓടിയെത്തിയ രാകേഷ് സഹോദരിയുടെ മുറി പരിശോധിക്കാൻ അവളുടെ സുഹൃത്തുക്കളോട് ആവശ്യപ്പെട്ടു.ഫാനിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തിയ മോണിക്ക റെഡ്ഡിയെ ആശുപത്രിയിലൈത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു.

അത്താഴസമയം വരെ കാമ്പസിൽ ലഹളയൊന്നുമില്ലായിരുന്നുവെന്നാണ് സർവകലാശാല അധികൃതർ അറിയിച്ചത്.കുട്ടികൾ മെസിൽ ഭക്ഷണം കഴിക്കുമ്പോൾ കുഴപ്പങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല.മോണിക്ക റെഡ്ഡിയുടെ മരണവും ലഹളയും തമ്മിൽ ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്നാണ് അധികൃതരുടെ നിലപാട്.