- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വായ്പ എടുത്ത് നടത്തുന്ന വികസനം ബാധ്യത; കരിഓയിലിൽ മുക്കിയ ഉന്നത വിദ്യാഭ്യാസ വികസനം നടത്തുന്നത് ആർക്കുവേണ്ടിയാണ് സഖാക്കളെ!; മുഖ്യമന്ത്രിയുടെ വികസന നയരേഖയ്ക്ക് എതിരെ സീറോ മലബാർ സഭയുടെ സത്യദീപം; തൃക്കാക്കര തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ സഭയുടെ വിമർശനം സിപിഎമ്മിന് തിരിച്ചടി
കൊച്ചി: സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച വികസന നയരേഖ അടിമുടി തട്ടിപ്പാണെന്ന് സീറോ മലബാർ സഭ. വായ്പയെടുത്ത് മാത്രം നടത്തുന്ന വികസനം ഭാവി കേരളത്തിന് വൻ ബാധ്യതയാകുമെന്ന വിമർശനം പാർട്ടിയും സർക്കാരും ഗൗരവത്തിൽ കണക്കിലെടുക്കുന്നില്ലെന്ന് സഭയുടെ പ്രസിദ്ധീകരണമായ സത്യദീപം കുറ്റപ്പെടുത്തുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ സഭയുടെ കടുത്ത വിമർശനം സിപിഎമ്മിനെ സമ്മർദത്തിലാക്കുമെന്ന് ഉറപ്പാണ്.
അടുത്ത കാലം വരെ സ്വാശ്രയ കോളേജുകൾക്കും സ്വയം ഭരണ സ്ഥാപനങ്ങൾക്കുമെതിരെ സമരം നയിച്ച പാർട്ടി ഇപ്പോൾ ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്വകാര്യ നിക്ഷേപം കൊണ്ടുവരുന്നതിൽ തെറ്റില്ലെന്ന് നയരേഖയിൽ വാദിക്കുന്നു. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമ്പൂർണ പരിഷ്‌കരണം ലക്ഷ്യമാക്കി 2016 ജനുവരിയിൽ സംഘടിപ്പിച്ച ആഗോളസമ്മേളനത്തെ കരിഓയിലിൽ മുക്കി വികൃതമാക്കിയവരാണ് ഇപ്പോൾ സമൂലമാറ്റത്തിന് പുതിയ പദ്ധതിയുമായി വരുന്നത്. ഇതൊക്കെ കാണുമ്പോൾ കരയണോ ചിരിക്കണോ എന്ന അവസ്ഥയിലാണ് കുട്ടി സഖാക്കളെന്ന് സത്യദീപത്തിന്റെ നയരേഖയുടെ നാനാർത്ഥങ്ങൾ എന്ന മുഖപ്രസംഗം പരിഹസിക്കുന്നു.
അടുത്ത 25 വർഷത്തെ സംസ്ഥാനത്തിന്റെ വികസന ഭാവിയെ നിർണയിക്കുന്ന രേഖയാണ് സമർപ്പിച്ചതെന്ന് മുഖ്യമന്ത്രി അവകാശപ്പെടുന്നു. ആർക്കുവേണ്ടിയാണ് ഈ വികസനമെന്നോ, എന്താണ് വികസനമെന്നോ, ആരുടേതാണ് വികസനമെന്നോ, എന്ന ചോദ്യങ്ങൾക്കൊന്നും നയരേഖ മറുപടി പറയുന്നില്ല. വികസനമായി ആഘോഷിക്കുന്ന പലതും അടിസ്ഥാന വർഗത്തെ അവഗണിച്ചുകൊണ്ടുള്ളതാണ്. കെ റെയിൽ മാത്രമാണ് വികസന മാതൃകയെന്ന് അവതരിപ്പിക്കുമ്പോൾ സാധാരണക്കാർ ഉന്നയിക്കുന്ന ഒരു ചോദ്യങ്ങൾക്കും വികസന രേഖ മറുപടി പറയുന്നില്ല. പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തൂ എന്നാണ് നീതിപീഠം പോലും സർക്കാരിനോട് പറഞ്ഞത്.
തമിഴ്‌നാട്ടിൽ കർഷകരുടെ 800 ഏക്കർ ഭൂമി റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നതിനെതിരെ കർഷകരെ സംഘടിപ്പിച്ച് സിപിഎം സമരം നടത്തുകയാണ്. തമിഴ്‌നാട് സർക്കാർ കർഷകദ്രോഹ പരിപാടികളിൽ നിന്ന് പിന്തിരിയണമെന്നാണ് സിപിഎം തമിഴ്‌നാട് ഘടകത്തിന്റെ ആവശ്യം. സംസ്ഥാനങ്ങളിൽ മാറി മാറി പ്രയോഗിക്കുന്ന ഈ നിലപാട് മാറ്റത്തിന്റെ നീതീകരണം എന്താണെന്ന് സിപിഎം ജനങ്ങളോട് പറയണം. ജഹാൻഗീർപുരിയിൽ ഉരുണ്ട വിദ്വേഷത്തിന്റെ ബുൾഡോസർ കേരളത്തിലെ കണിയാപുരത്ത് പൊലീസിന്റെ ബൂട്ടായി നെഞ്ചത്ത് കയറുന്നതിന് വികസനമായി കാണാനാകുമോയെന്ന് സത്യദീപം ചോദിക്കുന്നു.
കെഎസ്ആർടിസിയെ നോക്കുകുത്തിയാക്കി കെ-സ്വിഫ്റ്റിലൂടെ പുതിയ ബസുകൾ നിരത്തിലിറക്കുന്നതും വികസനമെന്നാണ് സിപിഎമ്മിന്റെ അവകാശവാദം. വികസന വഴികളിൽ നാം ഒന്നിച്ച് ഒഴിപ്പിച്ചെടുത്ത പാവപ്പെട്ടവരെക്കുറിച്ച് നയരേഖയിലൊന്നും പറയുന്നില്ല. അവരെ കേൾക്കാതെയാണ് എല്ലാ വികസന വർത്തമാനങ്ങളും. മൂലംപ്പള്ളിയിൽ നിന്നും ചെങ്ങറയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവർ ഇപ്പോഴും പെരുവഴിയിലാണ്. ഈ വെല്ലുവിളിയെ നിങ്ങൾ വികസനമെന്ന് വിളിക്കരുതെന്ന് സത്യദീപം മുന്നറിയിപ്പ് നൽകുന്നു.
സത്യദീപം മുഖപ്രസംഗത്തിന്റെ പൂർണരൂപം:
നയരേഖയുടെ നാനാർത്ഥങ്ങൾ
വികസനത്തിന്റെ രാജ്യമാതൃകയായി കേരളത്തെ അവതരിപ്പിച്ചുകൊണ്ടാണ് 23-ാം പാർട്ടി സമ്മേളനം കണ്ണൂരിൽ സമാപിച്ചത്. സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമർപ്പിച്ച വികസന നയരേഖ അതുകൊണ്ടുതന്നെ സമ്മേളനാനന്തരവും ചർച്ചയാകുമെന്നുറപ്പാണ്.
പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകളിൽ നിന്നുള്ള വ്യതിചലനമായതിനെ ചിലർ വിമർശിക്കുമ്പോൾ, കേരളത്തിന്റെ പുരോഗതിക്ക് കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള ശക്തമായ നിലപാടെന്ന് പ്രശംസിക്കുന്നവരുമുണ്ട്.
കേരളത്തിന്റെ പശ്ചാത്തല സൗകര്യ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് വൻതോതിൽ വിദേശ നിക്ഷേപമാകാമെന്ന നയരേഖ, നാളിതുവരെ പാർട്ടി പുലർത്തിപ്പോന്ന മൂലധന സമീപനങ്ങളെ പാടെ നിരാകരിക്കുന്നതാണ്. എഡിബി വായ്പയ്ക്കെതിരെ സമരം ചെയ്ത സഖാക്കളിപ്പോൾ കെ. റെയിൽ പദ്ധതിക്കായി ജപ്പാൻ നിക്ഷേപത്തെ ക്ഷണിച്ചു കാത്തിരിക്കുമ്പോൾ വികസനത്തിന്റെ നിർവ്വചനം തന്നെ വ്യത്യസ്തമാവുകയാണ്. വായ്പയെടുത്തു മാത്രമുള്ള വികസനം ഭാവി കേരളത്തിന് വൻ ബാധ്യതയാകുമെന്ന വിമർശനം ഗൗരവമുള്ളതായി സർക്കാരിനിനിയും ബോധ്യമായിട്ടില്ല.
കേരളത്തിന്റെ വിജ്ഞാന-നൈപുണ്യ-സേവന മേഖലകളിൽ സ്വകാര്യനിക്ഷേപത്തെ ആകർഷിക്കുന്ന വിധത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ സമൂല പരിഷ്‌ക്കരണം പ്രധാനപ്പെട്ട നയം മാറ്റം തന്നെയാണ്. സ്വയംഭരണ കോളേജുകൾക്കെതിരെ അടുത്തകാലം വരെ സമരം നയിച്ച പാർട്ടിയാണിതെന്നോർക്കണം. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമ്പൂർണ്ണ പരിഷ്‌ക്കരണം ലക്ഷ്യമാക്കി 2016 ജനുവരിയിൽ സംഘടിപ്പിച്ച ആഗോള സമ്മേളനത്തെ കരിയോയിലിൽ മുക്കിയ പാർട്ടി, ഉന്നത വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കത്തിലും ഘടനയിലും സമൂലമാറ്റം നിർേദ്ദശിക്കുമ്പോൾ, ചിരിക്കണോ, കരയണോ എന്നറിയാതെ വിഷമിക്കുന്നത് കുട്ടി സഖാക്കൾത്തന്നെയാണ്.
അടുത്ത 25 വർഷത്തെ കേരളത്തിന്റെ വികസനഭാവിയെ നിർ ണ്ണയിക്കുന്ന പുതിയ വികസന നയരേഖ പ്രത്യയ ശാസ്ത്രശാഠ്യ ങ്ങളെ മാറ്റിവെച്ച് മാറുന്ന കാലത്തിന്റെ മാറ്റങ്ങളെ പിന്തുണയ്ക്കു ന്നതാണെന്ന് അവകാശപ്പെടുന്നു. അപ്പോഴും വികസനം എന്താണെന്നും, ആരുടേതാണെന്നുമുള്ള അടിസ്ഥാന ചോദ്യങ്ങളെ അത് അഭിമുഖീകരിക്കേണ്ടതുണ്ട്. രണ്ട് പ്രളയം തകർത്തെറിഞ്ഞ കേരളത്തെയും, കോവിഡ് തരംഗങ്ങൾ നടുവൊടിച്ച അതിന്റെ സമ്പദ്ഘടനയെയും സമർത്ഥമായി സമീപിക്കുന്ന വിധത്തിൽ അത് സമഗ്രമാകേണ്ടതുണ്ട്. വികസനമായി ആഘോഷിക്കപ്പെടുന്ന പലതും അടി സ്ഥാന വർഗ്ഗക്ഷേമത്തെ ലക്ഷീകരിക്കാതെ പോകുന്നുവെന്നതാണ് വാസ്തവം. കെ. റെയിൽ ഉൾപ്പെടെയുള്ള വൻ പദ്ധതികൾ മാത്രം വികസന മാതൃകയായി അവതരിപ്പിക്കപ്പെടുമ്പോൾ, അതിനോടൊപ്പമോ, അതിനുമുമ്പോ പൂർത്തിയാകേണ്ട ചെറുകിട പദ്ധതികൾ അവഗണിക്കപ്പെടുകയാണ്. അതിജനസാന്ദ്രതയും സ്ഥല ലഭ്യതാ പരിമിതിയുമുള്ള നമ്മുടെ സംസ്ഥാനത്തിന്റെ പരിസ്ഥിതി പ്രശ്നങ്ങൾ കൂടി പരിഗണിച്ചുകൊള്ളുന്ന ജനകീയ പദ്ധതികളാണ് വേണ്ടത്. 'പദ്ധതികളാദ്യം ജനങ്ങളെ ബോധ്യപ്പെടുത്തൂ' എന്നാണ് ഉന്നത നീതി പീഠം സർക്കാരിനോടാവശ്യപ്പെട്ടത്. അടുത്ത നാലു വർഷത്തേക്കുള്ള വികസന മുദ്രാവാക്യം എന്നതിനപ്പുറം കെ. റെയിൽ പദ്ധതി ഒന്നുമല്ലെ ന്നും, ഒന്നുമാകില്ലെനും സംശയിക്കുന്നവരുണ്ട്. ഇടത് 'വായ്പാ സർക്കാരിനു' മുമ്പിൽ മറ്റെന്തു വഴിയെന്നു പരിതപിക്കുന്നവർക്കുള്ള ആശ്വാസ പദ്ധതി തന്നെയിത്.
ഇതിനിടയിൽ, തമിഴ്‌നാട്ടിൽ കർഷകരുടെ 800 ഏക്കർ ഭൂമി ഏറ്റെടുത്തുകൊണ്ടുള്ള 'എക്സ്പ്രസ് വെ' പദ്ധതിക്കെതിരെ, കോയമ്പത്തൂരിൽ കർഷകർ ആരംഭിച്ച സമരത്തിന് സിപിഎം. പിന്തുണ നല്കിയിരിക്കുകയാണ്. കർഷക ദ്രോഹ നടപടിയിൽ നിന്നും സർ ക്കാർ പിന്തിരിയണമെന്നാണ് സിപിഎം. തമിഴ്‌നാട് ഘടകത്തിന്റെ നിലപാട്. നിലപാടുകളുടെ ഈ സ്ഥലം മാറ്റത്തിന് നീതീകരണമെന്താണ്? ജഹാംഗീർ പുരിയിലുരുണ്ട വിദ്വേഷ ബുൾഡോസർ കണിയാപുരത്ത് പൊലീസ് ബൂട്ടായി പാവപ്പെട്ടവരുടെ നെഞ്ചത്തു കയറുന്നതിനെ വികസനമായി കാണാമോ എന്ന ചോദ്യമുണ്ട്.
നെൽവയൽ നികത്തി കീഴാറ്റൂരിൽ ബൈപ്പാസ് നിർമ്മിക്കാനനുവദിച്ചും, സുപ്രീംകോടതി പൂട്ടിച്ച ക്വാറികൾക്ക് പ്രവർത്തനാനുമതി നല്കിയും പുതിയ വികസന വഴിവെട്ടി ഇടതു സർക്കാർ കുതിക്കു മ്പോൾ നാട്ടുകാരെ ഭയപ്പെടുത്തി പൊലീസ് രാജിലൂടെ മാത്രം ഉറപ്പാക്കുന്ന വികസനം ആരുടേതാണെന്ന ചോദ്യമുണ്ട്. പുതിയ പദ്ധതി ചർച്ചകൾ അരങ്ങു തകർക്കുമ്പോൾ പാതി വഴിയിൽ പാഴായിപ്പോകുന്ന പദ്ധതികളും ചർച്ചയാകണം. ജനറം പദ്ധതിയിലൂടെ നല്കപ്പെട്ട വോൾവോ ബസുകൾ തുരുമ്പെടുത്ത് നശിക്കുമ്പോൾ, കെ. എസ്.ആർ.ടി.സിയെ നോക്കുകുത്തിയാക്കി കെ. സിഫ്റ്റിലൂടെ പുതിയ ബസുകൾ നിരത്തിലിറക്കിയതാണ് വികസന ചരിതത്തിലെ ഒടുവിലത്തെ അപചയഖണ്ഡം.
മാറ്റിവരയ്ക്കപ്പെടുന്ന വികസന ഭൂപടത്തിൽ നിന്നും നിരന്തരം മാറ്റി നിർത്തപ്പെടുന്ന മഹാഭൂരിപക്ഷമുണ്ട്. വികസന 'വഴി'കളിൽ നിന്നും നാം ഒഴിപ്പിച്ചൊഴിവാക്കിയ പാവപ്പെട്ടവരാണവർ. അവരെ കേൾക്കാതെയായിരുന്നു, എക്കാലവും നമ്മുടെ വലിയ വായിലെ വികസന വർത്തമാനങ്ങൾ! മൂലമ്പള്ളിയിൽനിന്നും ചെങ്ങറയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവർ വർഷങ്ങൾക്കിപ്പുറവും പെരുവഴിയിൽ ത്തന്നെയാണ്. ജനങ്ങളോടുള്ള വെല്ലുവിളിയെ വികസനമെന്ന് വിളിക്കരുത്.
ആസൂത്രണത്തെ ജനകീയമാക്കിയ പാരമ്പര്യമുള്ള പാർട്ടിയിപ്പോൾ ജനങ്ങൾക്ക് ബോധ്യമാകാത്ത വികസന പരിപാടികളെ വികസിപ്പിക്കുന്ന തിരക്കിലാണ്. തിരക്കൊഴിഞ്ഞ് തിരിഞ്ഞു നോക്കുമ്പോൾ, പാർട്ടിയുണ്ടാകും, പുറകിൽ ജനങ്ങളുണ്ടാകുമോ...?