രാജകുടുംബത്തിൽപ്പെട്ടവരാണെങ്കിലും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നതാണ് സൗദി രാജകുടുംബത്തിന്റെ നിലപാട്. കൊലപാതകം നടത്തിയ രാജകുമാരനെ വെടിവച്ച് കൊന്ന് ഒരുമാസം തികയുംമുമ്പെ മറ്റൊരു രാജകുമാരന് ജയിലിൽ ചാട്ടയടി ശിക്ഷ നൽകിയതായി റിപ്പോർട്ട്. എന്നാൽ, ശിക്ഷിക്കപ്പെട്ട രാജകുമാരന്റെ പേരും ചെയ്ത കുറ്റവും വെളിപ്പെടുത്തിയിട്ടില്ല.

സൗദിയിലെ ഒക്കാസ് പത്രമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. രാജകുമാരൻ ചാട്ടയടിക്ക് പുറമെ തടവുശിക്ഷയും നേരിടേണ്ടിവരുമെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച രാജകുമാരന്റെ ആരോഗ്യസ്ഥിതി പരിശോധിക്കാനെത്തിയ പൊലീസുകാരനിൽനിന്ന് ലഭിച്ച വിവരം അനുസരിച്ചാണ് റിപ്പോർട്ട്.

ഒക്ടോബർ 19-നാണ് തുർക്കി ബിൻ സൗദ് അൽ കബീർ രാജകുമാരനെ സൗദി വധിച്ചത്. കൊലപാതകം നടത്തിയ രാജകുമാരന് കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. 1970-നുശേഷം ആദ്യമായാണ് രാജകുടുംബത്തിൽപ്പെട്ട ഒരാൾ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നത്. ആദെൽ അൽ മുഹമ്മദ് എന്നയാളെയാണ് തുർക്കി കബീർ രാജകുമാരൻ വധിച്ചത്. 

രാജകുമാരനെ വധശിക്ഷയ്ക്ക് വിധിച്ച സൗദി ഭരണകൂടത്തിന്റെ നടപടി സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇസ്ലാം നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന ആശയമാണ് ഇതിലൂടെ നടപ്പിലായതെന്നും ഏറെപ്പേരും അഭിപ്രായപ്പെട്ടു.