ഴിമതിക്കാരെ കുരുക്കിലാക്കുന്നതിന് സൗദി ഭരണകൂടം ആരംഭിച്ച കടുത്ത നടപടികൾക്ക് വിധേയരായത് അവിടുത്തെ രാജകുടുംബാംഗങ്ങളും ഉന്നതോദ്യോഗസ്ഥരും മാത്രമായിരുന്നില്ല. 17 വിദേശികളും ഇവർക്കൊപ്പം അഴിമതിക്കുരുക്കിലായി തടവിലാക്കപ്പെട്ടിട്ടുണ്ട്. എട്ട് അമേരിക്കക്കാരും ആറ് ബ്രിട്ടീഷുകാരും മൂന്ന് ഫ്രഞ്ചുകാരും ഈ നടപടിയെത്തുടർന്ന് അകത്തായി. സൗദിയിൽ കോടികളുടെ ബിസിനസ് നടത്തിയിരുന്നവരാണ് അറസ്റ്റിലായ ഈ വിദേശ പൗരന്മാർ.

കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച അഴിമതി വിരുദ്ധ നടപടികളാണ് ഇവരെ അകത്താക്കിയത്. തന്റെ അധികാരം ഊട്ടിയുറപ്പിക്കുന്നതിനായി രാജകുമാരൻ നടത്തിയ നീക്കമായാണ് ഇത് വ്യാഖ്യാനിക്കപ്പെടുന്നത്. ഒരിക്കൽ കിരീടവകാശിയായി കണക്കാക്കപ്പെട്ടിരുന്ന, ലോകത്തെ ഏറ്റവും ധനാഢ്യരിലൊരാളായ അൽവലീദ് ബിൻ തലാൽ രാജകുമാരൻ അടക്കമുള്ളവർ ഈ നടപടിക്കിടെ അഴിക്കുള്ളിലാക്കപ്പെട്ടിരുന്നു. അൽവലീദ് കോടികൾ നഷ്ടപരിഹാരം നൽകി പുറത്തിറങ്ങിയതായും സൂചനയുണ്ട്.

അഴിമതി വിരുദ്ധ നടപടിക്ക് വിധേയരായവർ റിയാദിലെ റിറ്റ്‌സ് കാൾട്ടൻ എന്ന പഞ്ചനക്ഷത്ര ഹോട്ടലിലാണ് ഇപ്പോൾ തടവിലാക്കപ്പെട്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും ആഡംബര പൂർണമായ തടവറയായി ഈ നടപടിയോടെ ഹോട്ടൽ മാറിക്കഴിഞ്ഞു. എല്ലാവിധ സൗകര്യങ്ങളും ഇവിടെയുണ്ടെങ്കിലും തടവിലാക്കപ്പെട്ടവർക്ക് വലിയ തോതിലുള്ള പീഡനം സൗദി അധികൃതരിൽനിന്ന് നേരിടേണ്ടിവന്നതായാണ് സൂചനകൾ.

അകത്താക്കപ്പെട്ട 17 വിദേശികളും വർഷങ്ങളായി സൗദിയിൽ ബിസിനസ് നടത്തുന്നവരാണെന്നാണ് റിപ്പോർട്ട്. ഇവർക്ക് കൃത്യമായ വർക്ക് പെർമിറ്റും മറ്റു രേഖകളുമുണ്ട. എന്നാൽ, ഇവരോട് കുറ്റവാളികളോടെന്ന പോലെയാണ് സൗദി പൊലീസ് പെരുമാറുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ചോദ്യം ചെയ്യലിന്റെ ഭാഗമായി മർദിക്കുകയും അടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുണ്ട്. ശാരീരികമായും മാനസികമായും തളർത്തുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നിൽ.

ആരൊക്കെയാണ് സൗദിയിൽ അറസ്റ്റിലായിട്ടുള്ള വിദേശ പൗരന്മാരെന്ന് വെളിപ്പെടുത്താൻ സൗദി ഭരണകൂടം തയ്യാറായിട്ടില്ല. രാജ്യത്തിന്റെ നിയമവാഴ്ചയ്ക്ക് അനുസൃതമായ ചില നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്ന് വാഷിങ്ടണിലെ സൗദി എംബസ്സിയിലെ വക്താവ് പറയുന്നു. വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്ന കാര്യവും അവർ സ്ഥിരീകരിക്കുന്നില്ല. അറസ്റ്റിലായ വ്യക്തികളുടെ സ്വകാര്യത മാനിക്കേണ്ടതിനാൽ, വിശദാംശങ്ങൾ പുറത്തുവിടാനാകില്ലെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റും വ്യക്തമാക്കി.

സൗദിയിൽ പിടിയിലായ അമേരിക്കൻ പൗരന്മാർക്ക് നിയമസഹായം നൽകാൻ ശ്രമിക്കുന്നുണ്ടോ എന്നതിനോടും സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പ്രതികരിച്ചില്ല. വിദേശത്തുള്ള എല്ലാ അമേരിക്കൻ പൗരന്മാരുടെയും സുരക്ഷിതത്വം സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉറപ്പുവരുത്തും എന്നായിരുന്നു വക്താവിന്റെ പ്രതികരണം. റിയാദിലുള്ള ബ്രിട്ടീഷ് പൗരന്മാരാരും ഇതുവരെ സഹായത്തിനായി ശ്രമിച്ചിട്ടില്ലെന്ന് യുകെയിലെ ഫോറിൻ ആൻഡ് കോമൺവെൽത്ത് ഓഫീസ് വക്താവും വ്യക്തമാക്കി. ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.