റിയാദ്: സൗദിയിൽ വ്യത്യസ്തയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ രണ്ട് മലയാളികൾ മരിച്ചു റിയാദിലും ജിദ്ദയിലെ അൽബാഹയ്ക്കടുത്തുമുണ്ടായ രണ്ട് അപകടങ്ങളിലായാണ് മലപ്പുറം സ്വദേശികളാണ് രണ്ട് പേർ മരണമടഞ്ഞത്.

റിയാദിൽ ഉണ്ടായ വാഹനപകടത്തിൽ മലപ്പുറം മൂന്നിയുർ സ്വദേശി റഫീക്കും, അൽബാഹക്കടുത്ത് ബൽജുറഷിയിലുണ്ടായ വാഹനാപകടത്തിൽ രാജേഷ് (35) ആണ് മരിച്ചത്. റിയാദിൽ ഉണ്ടായ വാഹനാപകടത്തിൽ പരുക്ക്റ്റ രണ്ടു മലയാളികളുടെ നില ഗുരുതരമാണ്.

ജോലി സ്ഥലമായ വാദി ദവാസിറിലേക്ക് പോകുന്നതിനിടെ ചൊവ്വാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച വാഹനം മറിയുകയായിരുന്നു. വാദിദവാസിറിൽ നിന്ന് 150 കിലോമീറ്റർ അകലെയായിരുന്നു അപകടം. ശനിയാഴ്ചയാണ് ലീവ് കഴിഞ്ഞ് റഫീഖ് നാട്ടിൽ നിന്ന് മടങ്ങിയത്.മൂന്നിയൂർ ചുഴലിയിലെ കുന്നുമ്മൽ കമ്മദ് കുട്ടി ഹാജിയുടെ മകനാണ് മരിച്ച റഫീഖ്. ഭാര്യ: ഫൗസിയ, മക്കൾ: മുഹമ്മദ് റോഷൻ, മുഹമ്മദ് സാബിർ, ആയിഷ റഹിയ. മാതാവ്: റുഖിയ. സഹോദരങ്ങൾ: അൻവർ, റൗഫ്, റസിയ, മൈമൂന, ഷാഹിന.

അൽബാഹക്കടുത്ത് ബൽജുറഷിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിക്കുകയും മറ്റു രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മലപ്പുറം ജില്ലയിലെ വണ്ടൂർ പാണ്ടിക്കാട് റോഡിൽ ചെറുകോട് സ്വദേശി വടക്കേപറമ്പിൽ വേലായുധൻ മകൻ രാജേഷ് (35) ആണ് മരിച്ച മലയാളി. വേങ്ങര പുകയൂർ ബാലൻ (38), യു.പി സ്വദേശി ഗോപി (38) എന്നിവർക്ക് പരിക്കേറ്റു. ഇവരെ ബൽജറൂഷിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോപി അതൃാസന്ന നിലയിലാണ്.

ബൽജുറഷിയിലെ ഫർണിച്ചർ സ്ഥാപനത്തിൽ ജോലിചെയ്യുന്ന ഇവർ ഒരു സ്വദേശിയുടെ വീട്ടിലെ ജോലി കഴിഞ്ഞ് ഞായറാഴ്ച വൈകിട്ട് ഏഴരക്ക് തിരിച്ചുവരവെ ഇവരുടെ വാഹനം നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിക്കുകയായിരുന്നു. രാജേഷ് അപകടസ്ഥലത്തു തന്നെ മരിച്ചു.മൃതദേഹം ബൽജുറുഷി ജനറൽ ആശുപത്രിയിൽ.

നാലു മാസം മുമ്പാണ് രാജേഷ് ഇവിടെ എത്തിയത്. സഹോദരൻ മുരളിയും മറ്റൊരു സ്ഥാപനത്തിൽ ഇവിടെ ജോലിചെയ്യുന്നുണ്ട്. രാജേഷിന്റെ ഭാരൃ ജിഷ. മക്കൾ: അഭി, അഭിജിത്ത്. ബാലനും ഗോപിയും കഴിഞ്ഞ പതിനഞ്ച് വർഷമായി ഇവിടെ ജോലി ചെയ്യുന്നു.