സൗദിയിലെ സുലൈയിൽ ഇന്ത്യക്കാർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് മലയാളി ഉൾപ്പെടെ രണ്ട് ഇന്ത്യക്കാർ മരിച്ചു. റിയാദ് റോഡിൽ വാദി ദവാസിറിന് സമീപം സുലൈയിൽ ആണ് സംഭവം. അപടകടത്തിൽ തൃശൂർ സ്വദേശിയായ മറ്റൊരു മലയാളിക്ക് ഗുരുതരമായി പരിക്കേറ്റു ചികിത്സയിലാണ്.

പാലക്കാട് പട്ടാമ്പി കൊപ്പം, ആമയൂർ ഓണക്കഴി വീട്ടിൽ അബ്ദുൽ അസീസാണ് (45) മരിച്ചത്. ഇവരോടൊപ്പമുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശിയും മരിച്ചു. ഇയാളുടെ വിശദാംശങ്ങൾ ലഭ്യമല്ല. ഇവർ സഞ്ചരിച്ച ചരക്ക് ലോറിയിലെ സാധനങ്ങൾ കയർപൊട്ടി റോഡിൽ വീണതിനെ തുടർന്ന് വീണ്ടും ലോറിയിലേക്ക് കയറ്റുന്നതിനിടയിൽ സ്വദേശി പൗരൻ ഓടിച്ച വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ത്യക്കാരായ നാല് പേരാണ് ഉണ്ടായിരുന്നത്.

പരിക്കേറ്റ തൃശൂർ ഗുരുവായൂർ സ്വദേശി വിജീഷിന്റെ (34) ഇരു കാലുകളുടേയും എല്ലുകൾ പൊട്ടി ചികിത്സയിലാണ്. സുലൈ ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സയിലാണ് വിജീഷ്. ഇവരോടൊപ്പ മുണ്ടായിരുന്ന യു.പി സ്വദേശി അത്ഭുതകരമായി രക്ഷപ്പെട്ടു. അബ്ദുൽ അസീസിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം. ഇദ്ദേഹത്തിന് ഭാര്യയും നാലു മക്കളുമുണ്ട്.