റിയാദ്: വ്യാജ സർട്ടിഫിക്കറ്റുമായി സൗദിയിൽ ജോലി തരപ്പെടുത്തിയവരുടെ കൂട്ടത്തിൽ നിങ്ങളുണ്ടോ? എങ്കിൽ നാട്ടിലേക്ക് തിരികെ പോരാൻ തയ്യാറെടുത്തോളൂ. സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് അതിന്റെ ആധികാരികത ഉറപ്പുവരുത്താൻ സൗദി സർക്കാർ തീരുമാനിച്ചതോടെ നെഞ്ചിടിക്കുന്നവരുടെ കൂട്ടത്തിൽ അനേകം മലയാളികളുമുണ്ട്. കാരണം വ്യാജ സർട്ടിഫിക്കറ്റിന്റ ബലത്തിൽ ജോലി നേടിയ നിരവധി പേർ മലയാളികളാണ് എന്നതു തന്നെയാണ്.

സൗദിയിൽ ആരോഗ്യ-വ്യവസായ മേഖലകളിലുള്ള വിദേശികളുടെ യോഗ്യതാ സർട്ടിഫിക്കറ്റുകളാണ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കാൻ സർക്കാർ തീരുമാനിച്ചത്. പരിശോധന തുടങ്ങിയതോടെ നിരവധി പേർക്ക് ജോലി നഷ്ടമായി തുടങ്ങിയെന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ സൂക്ഷ്മ പരിശോധനയെ തുടർന്ന് ഇതിനോടകം നിരവധിപ്പേർക്ക് ജോലി നഷ്ടപ്പെട്ടതായാണ് സൂചന. സൗദിയിൽ ഏറ്റവും മികച്ച ശമ്പളം ലഭിക്കുന്നത് ഈ മേഖലയിൽ ആണെന്നതിനാൽ, നിരവധി പേരാണ് വ്യാജരേഖയുമായി ജോലിയിൽ കയറിയത്.

അംഗീകാരമില്ലാത്ത കോളേജുകളിലും നഴ്‌സിങ് കൗൺസിൽ അംഗീകരിച്ച ലിസ്റ്റിൽ ഉൾപ്പെട്ടിട്ടില്ലാത്ത കോളജുകളിലും പഠിച്ചവർക്കാണ് സൂക്ഷ്മപരിശോധനയിലൂടെ പുറത്തായിരിക്കുന്നത്. കിഴക്കൻ പ്രവശ്യയിൽ കഴിഞ്ഞ ഒൻപതു മാസത്തിനുള്ളിൽ 32 മലയാളികൾ ഇത്തരത്തിൽ പിടിക്കപ്പെട്ടതായി വിവിധ ആശുപത്രി അധികൃതർ അറിയിച്ചു. രണ്ടു വർഷം മുതൽ 20 വർഷത്തിലേറെ ജോലി പരിചയമുള്ളവർ വരെ ഇതിലുണ്ട്. വ്യാജ അറ്റസ്‌റ്റേഷൻ നടത്തിയതിനെ തുടർന്നും ജോലി നഷ്ടപ്പെട്ടവർ ഇക്കൂട്ടത്തിലുണ്ട്. ഹൈദരാബാദ്, പൂണെ, ചെന്നൈ, ബംഗുളൂരു എന്നിവിടങ്ങളിലുള്ള സ്ഥാപനങ്ങളിൽ പഠിച്ചവരാണ് ഇത്തരത്തിൽ പുറത്താക്കപ്പെടുന്നവരിൽ ഏറെയും.

സൗദിയിലെ വർക്കിങ് ലൈസൻസ് പുതുക്കാൻ എത്തുമ്പോഴാണ് പലരും പിടിക്കപ്പെടുന്നത്. സൗദി കൗൺസിൽ ഓഫ് എഞ്ചിനീയറിങ് പുറത്തുവിട്ട വിവരം അനുസരിച്ച് 10 മാസത്തിനുള്ളിൽ 760 വ്യാജ സർട്ടിഫിക്കറ്റുകളാണ് കണ്ടെത്തിയിട്ടുള്ളത്.