സൗദിയിൽ ആഭ്യന്തര വിമാനയാത്ര നടത്തുന്ന വിദ്യാർത്ഥികൾക്ക് തിരിച്ചടിയായി സൗജന്യ യാത്ര നിർത്തലാക്കാൻ തീരുമാനം.സൗദി അറേബ്യൻ എയർലൈൻസാണ് വിദ്യാർത്ഥികൾക്കുള്ള സൗജന്യ നിരക്ക് നിർത്തലാക്കാൻ തീരുമാനിച്ചത്. ഇതോടെ ആഭ്യന്തര യാത്ര നടത്തുന്ന വിദ്യാർത്ഥികൾ അടുത്ത മാസം ആദ്യം മുതൽ മുഴുവൻ തുക നൽകി ടിക്കറ്റ് എടുക്കേണ്ടി വരുമെന്ന് സൗദി എയർലൈൻസ് അറിയിച്ചു.

ജനുവരി ഒന്ന് മുതൽ നിർത്തലാക്കാനാണ് സൗദി എയർലൈൻസ് തീരുമാനിച്ചത്. നിലവിൽ ആഭ്യന്തര സെക്ടറിലെ ടിക്കറ്റ് നിരക്കിൽ വിദ്യാർത്ഥികൾക്ക് 50 ശതമാനം ഇളവാണ് സൗദി എയർലൈൻസ് അനുവദിക്കുന്നത്.

വിദ്യാർത്ഥികൾക്കുള്ള ഇളവ് റദ്ദാക്കുമെങ്കിലും സൈനികർക്കും വികലാംഗർക്കുമുള്ള നിരക്കിളവ് തുടരും. നിരവധി വിദ്യാർത്ഥികളാണ് സൗദിയയുടെ ഇളവ് പ്രയോജനപ്പെടുത്തി യാത്ര ചെയ്യുന്നത്. അടുത്ത മാസം മുതൽ മറ്റു യാത്രക്കാർക്ക് ബാധകമായ നിരക്ക് വിദ്യാർത്ഥികൾക്കും ബാധകമാണ്.