ശ്ചിമേഷ്യയിലെ വൻശക്തികളായ സൗദി അറേബ്യയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നത് ലോകത്തെ വൻ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടേക്കുമെന്ന് റിപ്പോർട്ട്. സൗദിയും ഇറാനുമായി യുദ്ധമുണ്ടാവുകയാണെങ്കിൽ ലോകം കടുത്ത ഇന്ധന ക്ഷാമത്തിലേക്ക് നീങ്ങും. എണ്ണവില 500 ഇരട്ടിവരെ ഉയരുന്ന സാഹചര്യമുണ്ടാകും. ഇത് ലോകത്തെ നിശ്ചലാവസ്ഥയിലേക്ക് തള്ളിവിടുമെന്നും വിലയിരുത്തപ്പെടുന്നു.

ലോകത്തെ എണ്ണയുടെ മൂന്നിലൊന്ന് ഉദ്പാദിപ്പിക്കപ്പെടുന്നത് പശ്ചിമേഷ്യയിലാണ്. ഇവിടെ സംഘർഷം പൊട്ടിപ്പുറപ്പെട്ടാൽ എണ്ണയുദ്പാദനവും വിതരണവും തടസ്സപ്പെടും. സാമ്പത്തിക അടിത്തറ തകർക്കുകയെന്ന ലക്ഷ്യത്തോടെ, എണ്ണയുദ്പാദക കേന്ദ്രങ്ങളാകും എതിരാളികൾ ആദ്യം ലക്ഷ്യമിടുകയെന്നതും പ്രതിസന്ധി രൂക്ഷമാക്കും.

യുദ്ധമോ സമാനമായ സാഹചര്യമോ ഉണ്ടാവുകയാണെങ്കിൽ, അതെത്രനാൾ നീണ്ടുനിൽക്കുമെന്നതിനെ ആശ്രയിച്ചാകും പ്രതിസന്ധിയുടെയും തീവ്രത. രണ്ടോ മൂന്നോ ദിവസം മാത്രമേ യുദ്ധം നീണ്ടുനിൽ്ക്കൂവെങ്കിൽ അത് കാര്യമായ പ്രതിസന്ധിയുണ്ടാക്കില്ലെന്ന് ഇൻവെസ്റ്റ്‌മെന്റ് അനലിസ്റ്റായ ഇവാൻ കര്യാകിൻ പറയുന്നു.

ഒരാഴ്ചയോ അതിലേറെയോ നീണ്ടുനിന്നാൽ, എണ്ണവിലയെ അത് ബാധിച്ചുതുടങ്ങും. യുദ്ധസമാനമായ അന്തരീക്ഷമുണ്ടാകുമ്പോൾ തന്നെ വിലയിൽ അതിന്റെ പ്രതിഫലനമുണ്ടായേക്കാം. എന്നാൽ, വിലയെ യുദ്ധം സാരമായി ബാധിക്കുക അത് ഒരാഴ്ചയിലേറെ തുടർന്നാലാണ്. 200 ഡോളറിലേറെ വില ഇന്ധനത്തിന് മുടക്കേണ്ട സാഹചര്യമാകും അതുണ്ടാക്കുക. എല്ലാ രംഗത്തും ഇത് കടുത്ത മാന്ദ്യത്തിനിടയാക്കും. ഓഹരിവിപണി കൂപ്പുകുത്തുന്നതിനും ഇതിടയാക്കും.

1957-ലെ സൂയസ് പ്രതിസന്ധി സമാനമായൊരു സാഹചര്യത്തിന് ഇടയാക്കിയിരുന്നു. പ്രതിസന്ധിയോടെ ആഗോള എണ്ണവിപണിയിലെ പത്ത് ശതമാനത്തിന്റെ വരവ് നിലച്ചു. ഇത് അമേരിക്കയെയും യൂറോപ്പിനെയും കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്കും നയിച്ചു. അതിലും സങ്കീർണമായ പ്രതിസന്ധിയാകും പശ്ചിമേഷ്യയിലെ സംഘർഷം ബാക്കിയാക്കുകയെന്ന് വിലയിരുത്തപ്പെടുന്നു.

എണ്ണ വില പെട്ടെന്ന് കുതിച്ചുയരുകയാണെങ്കിൽ അത് ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടംമറിക്കുമെന്ന ആശങ്കയും ശക്തമാണ്. പണപ്പെരുപ്പത്തിനും ഇതിടയാക്കും. അതോടെ, ലോകത്തെ വളർച്ചാനിരക്ക് ഗണ്യമായി കുറയും. ഇത് ലോകത്തെ ഒരുപരിധിവരെ നിശ്ചലമാക്കുന്ന സാഹചര്യത്തിനാകും വഴിമരുന്നിടുക.

ഇറാനും സൗദിയും തമ്മിലുള്ള സംഘർഷം അടുത്തുടെ വലിയ തോതിൽ മൂർച്ചിച്ചത് ലെബനൻ പ്രധാനമന്ത്രി സാദ് ഹരീരിയുടെ തിരോധാനത്തോടെയാണ്. സൗദിയിലെത്തിയ ഹരീരി, താൻ രാജിവെക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. പിന്നീട് ഹരീരിയെക്കുറിച്ച് വിവരമൊന്നുമില്ല. ഹരീരിയുടെ സൗദി തടങ്കലിലാക്കിയിരിക്കുകയാണെന്നും അത് ലെബനനോടുള്ള യുദ്ധപ്രഖ്യാപനമാണെന്നും ഭീകരസംഘടനയായ ഹിസ്ബുള്ള ആരോപിക്കുന്നു. ഇറാനാണ് ഹിസ്ബുള്ളയുടെ ശക്തിസ്രോതസ് എന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു.