റിയാദ്: സൗദി അറേബ്യയിൽ രണ്ട് കോവിഡ് വാക്സിനുകൾക്ക് കൂടി ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ആസ്‍ട്രസെനിക, മൊഡേണ വാക്സിനുകൾക്കാണ് രാജ്യത്ത് പുതിയതായി അനുമതി ലഭിച്ചത്. ഇതോടെ മൂന്ന് വാക്സിനുകൾ സൗദി അറേബ്യയിൽ ലഭ്യമാവും. നിലവിൽ ഫൈസർ ബയോ എൻടെക് വാക്സിനാണ് രാജ്യത്ത് ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്.

രാജ്യത്തെ വാക്സിൻ സെന്ററുകളിലെ ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും കൂടുതൽ സ്ഥലങ്ങളിൽ വാക്സിനേഷൻ സെന്ററുകൾ തുറക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. സൗദി അറേബ്യയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 226 പേർക്കാണ്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 3,65,325 ആയി. 156 പേർ കൂടി കോവിഡ് മുക്തരായി. ഇതോടെ രാജ്യത്തെ രോഗമുക്തരുടെ എണ്ണം 3,57,004 ആയി. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി ആറുപേർ മരിച്ചതോടെ ആകെ മരണസംഖ്യ 6335 ആയി ഉയർന്നു.

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ള 1986 പേരിൽ 327 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു.