ദമ്മാം: രാജ്യത്ത് വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് കേരളം ഉൾപ്പെടെ ഒമ്പതു ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതി സൗദി അറേബ്യ നിർത്തിവച്ചു. സൗദി ജനറൽ അഥോറിറ്റി ഫോർ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ ആണ് വ്യാഴാഴ്ച ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ഈ പ്രദേശങ്ങളിൽ നിന്നുള്ള ചെമ്മീനിൽ വൈറ്റ് സ്‌പോട്ട് വൈറൽ ഡിസീസ് (ഡബ്‌ള്യു. എസ്.എസ്.വി ) എന്ന രോഗം സംശയിക്കുന്നുണ്ടെന്ന വേൾഡ് ഓൾഗനൈസേഷൻ ഫോർ അനിമൽ ഹെൽത്തിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. സൗദിയിലെ ബന്ധപ്പെട്ട വിഭാഗങ്ങളും രോഗബാധ സ്ഥിരീകരിച്ചു.

കേരളത്തിന് പുറമേ തമിഴ്‌നാട്, കർണാടക, ഗോവ, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാൾ, ഗുജറാത്ത്, ഒഡിഷ, മേഘാലയ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇറക്കുമതിയും നിരോധിച്ചിട്ടുണ്ട്. ഫ്രോസൺ ചെമ്മീനിനും ഉണക്ക ചെമ്മീനിനും നടപടി ബാധകമാണ്. വൈറസ് രോഗം സംബന്ധിച്ച സംശയങ്ങൾ നീങ്ങുന്നതുവരെ നിരോധനം തുടരുമെന്നാണ് സൂചന.

ചെമ്മീനിന്റെ ആന്തരിക, ബാഹ്യ ഭാഗങ്ങൾ പ്രത്യേകം പരിശോധിച്ചതിൽ നിന്നാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും രാജ്യത്തേക്ക് രോഗം വ്യാപിക്കുന്നത് തടയുന്നതിന്റെയും ഭാഗമായാണ് നടപടിയെന്നും ജനറൽ അഥോറിറ്റി ഫോർ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള ചെമ്മീൻ കയറ്റുമതിയുടെ നല്‌ളൊരുഭാഗം ഗൾഫ്
രാജ്യങ്ങളിലേക്കാണ് പോകുന്നത്. അതിൽ തന്നെ സിംഹഭാഗവും എത്തുന്നത് സൗദി അറേബ്യയിലാണ്.