റിയാദ്: ഇനി കുട്ടികളെ ഉപദ്രവിച്ചെന്ന് ആരെങ്കിലും പരാതിപ്പെട്ടാൽ പണി പാളിയത് തന്നെ. സൗദിയിൽ പുതിയ ബാല സുരക്ഷാ നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്കി. ഇതോടെ കുട്ടികളെ ഉപദ്രവിക്കൽ, അവരോട് മോശമായി പെരുമാറൽ, മോശമായ പദം ഉപയോഗിക്കൽ തുടങ്ങിയെല്ലാം കുറ്റകരമായിരിക്കുകയാണ്.

കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന പുതിയ നിയമം രണ്ടാം കിരീടാവകാശി മുഖ്‌രിൻ ബിൻ അബ്ദുൽ അസീസ് രാജകുമാരന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന മന്ത്രിസഭാ യോഗമാണ് പാസാക്കിയത്.രാജ്യത്തെ 18 വയസ്സിനു താഴെയുള്ള എല്ലാ കുട്ടികളും പുതിയ നിയമത്തിന്റെ പരിധിയിൽ വരും. പരിഹസിക്കൽ, അപമാനിക്കൽ, അഭിമാനത്തിന് ക്ഷതം വരുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടൽ, സാമൂഹികമായി വേർതിരിക്കുന്ന വിധം ഇടപെടൽ, ലൈംഗിക പീ ഡനം, വിദ്യാഭ്യാസം തടസ്സപ്പെ ടുന്നതിനു കാരണമാക്കുന്ന പ്രവർത്തനങ്ങൾ  തുടങ്ങി വിവിധ വിഷയങ്ങൾ ഉൾപ്പെടുന്ന നിയമം ഇസ്‌ലാമിക ശരീഅത്തിനും അന്താരാഷ്ട്ര നിയമത്തിനും അനുസൃതമായാണ് പാസാക്കിയത്.

രാജ്യത്തെ എല്ലാ സ്‌കൂളുകളിലും കായിക സമിതികൾ രൂപീകരിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. കുട്ടികളെ അകാരണമായി ഉപദ്രവിക്കുന്നതും മറ്റും ശ്രദ്ധയിൽപെട്ടാൽ പൊലീസ് സ്‌റ്റേഷനിലോ മറ്റ് ബന്ധപ്പെട്ട കേന്ദ്രങ്ങളിലോ അറിയിക്കാനും മന്ത്രിസഭ നിർദേശിച്ചിട്ടുണ്ട്.