റിയാദ്: രാജ്യത്ത് കുറ്റകൃത്യം ചെയ്തത് രാജകുമാരൻ ആയാൽ പോലും നീതി നടപ്പിലാക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് തെളിയിച്ചു കൊണ്ട് രാജകുടുംബാംഗത്തെ വധശിക്ഷയ്ക്ക് വിധേയനാക്കിയ സൗദി ഭരണാധികാരി സൽമാൻ രാജാവിന് രാജ്യാന്തര തലത്തിൽ അഭിനന്ദന പ്രവാഹം. നാട്ടുകാരനായ സുഹൃത്തിനെ വെടിവച്ചു കൊന്ന കുറ്റത്തിനാണ് സൗദി രാജകുമാരൻ തുർകി ബിൻ സൗദ് ബിൻ തുർക്കി ബിൻ സൗദ് അൽ കബീറിന്റ തലവെട്ടി വധശിക്ഷയ്ക്ക് വിധേയമാക്കിയ വാർത്ത കഴിഞ്ഞദിവസമാണ് വാർത്താ മാദ്ധ്യമത്തിൽ നിറഞ്ഞു നിന്നത്.

തുല്യ നീതിയെന്ന സന്ദേശം നൽകാൻ രാജകുമാരന്റെയും തലവെട്ടിയതവു വഴി ധാർമ്മികതയാണ് നടപ്പിലാക്കിത്. തുല്യനീതി നടപ്പിലാക്കി മാതൃകകാട്ടിയെന്നു കാണിച്ചുള്ള കമന്റുകളും അഭിനന്ദ പ്രവാഹവുമായിരുന്നു സൽമാൻ രാജാവിനെത്തേടിയെത്തിയത്. രാജകുടുംബാംഗത്തെ വധശിക്ഷയ്ക്ക് വിധേയനാക്കിയ സൽമാൻ രാജാവിനെ അഭിനന്ദിച്ചവരിൽ രാജ്യാന്തര മാദ്ധ്യമങ്ങളും ഉൾപ്പെടുന്നു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് ആളുകളാണ് ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ മാദ്ധ്യമങ്ങളിലൂടെ ഐക്യദർഡ്യം പ്രക്്യാപിച്ച് രംഗത്തെത്തിയത്. സൗദിയിലെ നിയമത്തിലും നീതിയിലും വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ല. സൽമാൻ രാജാവിന്റെ നിശ്ചയദാർഢ്യത്തിലും ഉറച്ച നിലപാടിലും ജനങ്ങളുടെ പിന്തുണ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

മൂന്നു വർഷം മുമ്പ് നടന്ന കൊലക്കുറ്റത്തിലാണ് ഇപ്പോൾ വധശിക്ഷ നടപ്പാക്കിയിരുന്നത്്. വഴക്കിനിടയിൽ സുഹൃത്തിനെ സൗദ് രാജകുമാരൻ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. റിയാദിലെ ദമാമിലാണ് സംഭവം ഉണ്ടായത്. കോടതിയിൽ അന്നുതന്നെ രാജകുമാരൻ കുറ്റം ഏറ്റുപറഞ്ഞിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ഹൈക്കോടതിയും വധശിക്ഷ ശരിവച്ചതോടെയാണ് ശിക്ഷ നടപ്പാക്കാൻ തീരുമാനമായത്.

അമീർ തുർക്കിയുടെ വിഷയത്തിലുണ്ടായ പ്രതിക്രിയ നടപടി സൗദിയുടെ 40 വർഷത്തെ ചരിത്രത്തിലെ ആദ്യ സംഭവമാണെന്നും അമീറുമാർക്കിടയിൽ ഇത്തരം നടപടികൾ ഉണ്ടാവില്ലെന്ന വ്യാപകമായ പ്രചരണത്തെ, വധശിക്ഷാ നടപടി തിരുത്തുന്നതാണെന്നും സൗദിയിൽ ജുഡീഷ്യൽ സംവിധാനം സുതാര്യമാണെന്ന് തെളിയിക്കുന്നതാണെന്നും രാജ്യാന്തര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നീതി നടപ്പാക്കുക എന്നത് ഭരണത്തിന്റെ അടിത്തറയാണെന്നും അത് ഏത് തറവാട്ടിൽ പിറന്നവർക്കും ബാധകമാണെന്നും സൗദിയിലെ കോടീശ്വരനായ അമീർ വലീദ് ബിൻ ത്വലാൽ രാജകുമാരൻ ട്വീറ്റ് ചെയ്തു. ബുദ്ധിയുള്ളവരേ, നിശ്ചയം നിങ്ങൾക്ക് പ്രതിക്രിയയിൽ ജീവൻ സംരക്ഷിക്കലുണ്ട് എന്ന ഖുർആൻ വചനം അമീർ വലീദ് ബിൻ ത്വലാൽ രാജകുമാരൻ തന്റെ ട്വീറ്റിൽ ഉദ്ധരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവർക്കും വധശിക്ഷയ്ക്ക് വിധേയരായർക്കും ദൈവം കരുണ ചെയ്യട്ടെ എന്ന് അദ്ദേഹം പ്രാർത്ഥിക്കുകയും ചെയ്തു.

അദെൽ ബിൻ സൂലൈമാൻ ബിൻ അബ്ദുൾ കരീം അൽ മുഹമ്മദ് എന്നയാളെയാണ് രാജകുമാരൻ വെടിവച്ചു കൊന്നത്. തുടർന്ന് കോടതിയിൽ കുറ്റം ഏറ്റുപറഞ്ഞ അൽകബീർ രാജകുമാരനെ വധശിക്ഷയ്ക്ക് വിധേയനാക്കാൻ പ്രാദേശിക കോടതി വിധിച്ചിരുന്നു. തുടർന്ന്. ശിക്ഷയ്ക്കെതിരെ രാജകുമാരൻ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ശിക്ഷ ശരിവച്ചതോടെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ദയാഹർജി നൽകിയെങ്കിലും കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് ദയാഹർജിയും തള്ളി. ഇതോടെ ചൊവ്വാഴ്ച ശിക്ഷ നടപ്പാക്കുകയായിരുന്നു.

കബീറിനെ വധിച്ചെന്ന് വാർത്താകുറിപ്പിൽ പറഞ്ഞിട്ടുണ്ടെങ്കിലും എങ്ങിനെയാണ് രാജകുമാരനെ വധിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും സൗദിയിൽ സാധാരണഗതിയിൽ തലവെട്ടിയാണ് ശിക്ഷ നടപ്പാക്കാറുള്ളത്. സൗദിയിൽ രാജകുടുംബാംഗങ്ങളെ ശിക്ഷയ്ക്കിരയാക്കുന്നത് അപൂർവമായിട്ടാണ്. എന്നാൽ 1975-ൽ അമ്മാവൻ ഫൈസൽ രാജാവിനെ കൊന്നതിന്റെ പേരിൽ ഫൈസൽ ബിൻ മുസൈദ് അൽ സൗദിനെ വധശിക്ഷയ്ക്ക് വിധിക്കുകയും ശിക്ഷ നടപ്പാക്കുകയും ചെയ്തിരുന്നു.