റിയാദ്: ഇറാന്റെ പിന്തുണയുള്ള ഭീകരർ യമനിൽ നിന്നും സൗദിയിലെ റിയാദ് വിമാനത്താവളത്തിലേക്ക് മിസൈൽ തൊടുത്ത് വിട്ടു.എന്നാൽ ആ ബാലിസ്റ്റിക് മിസൈൽ തലസ്ഥാന നഗരിയിൽ എത്തും മുമ്പ് സൗദി കിറുകൃത്യമായി തകർത്തെറിയുകയും ചെയ്തു. സൗദിയുടെ സാങ്കേതിക മിടുക്ക് കാരണം വൻ ദുരന്തമാണ് ഒഴിവാക്കാൻ സാധിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ വൻ ശക്തികളെ തോൽപ്പിക്കുന്ന കൃത്യത പ്രകടിപ്പിച്ച അറബ് രാഷ്ട്രത്തിന് വമ്പൻ കൈയടിയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്.റിയാദിന്റെ വടക്ക് കിഴക്കൻ ഭാഗത്ത് വച്ച് സൗദി എയർ ഡിഫെൻസ് ബാലിസ്റ്റിക് മിസൈലിന്റെ വരവ് തടസപ്പെടുത്തി തകർത്തുവെന്നാണ് സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

റിയാദിലെ കിങ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിനടുത്ത് വച്ചാണ് മിസൈൽ തകർത്തിരിക്കുന്നത്.അത്രയധികം വലുപ്പമില്ലാത്ത മിസൈലാണിതെന്നാണ് റിപ്പർട്ട്. ആക്രമണത്തിൽ ആർക്കും പരുക്കേൽക്കുകയോ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയോ ഉണ്ടായിട്ടില്ല.മിസൈൽ അയച്ചതിന്റെ ഉത്തരവാദിത്വം ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന യമനിലെ ഹൂദി വിമതന്മാർ ഏറ്റെടുത്തിട്ടുണ്ട്. ഇത് റിയാദിലെ വിമാനത്താവളത്തെ ലക്ഷ്യം വച്ചാണ് അയച്ചിരിക്കുന്നതെന്നാണ് ഹൂതികളുടെ അൽ-മസിറാഹ് ടെലിവിഷൻ പറയുന്നത്. യമനിലെ പ്രസിഡന്റ് അബെഡ്രാബോ മൻസൂർ ഹാദിയുടെ സർക്കാരിന് സൗദിയുടെ ശക്തമായ പിന്തുണയുണ്ട്.

എന്നാൽ യമനിലെ ഭരണകൂടത്തിനെതിരെ കലാപം നടത്തുന്ന ഹൂതി വിമതർക്ക് ഇറാന്റെ പിന്തുണയാണുള്ളത്. ഇരുപക്ഷവും തമ്മിൽ കുറച്ച് കാലമായി നിലനിൽക്കുന്ന സംഘർഷം യമനിൽ യുദ്ധമുണ്ടാക്കുകയും ചെയ്തിരുന്നു. യമന്റെ തലസ്ഥാനമാ സന്നാ ഹുതികൾ പിടിച്ചെടുത്തതിനെ തുടർന്ന് 2015ൽ സൗദിയുടെ നേതൃത്വത്തിലുള്ള സൈന്യം യമൻ പ്രസിഡന്റ് ഹാദിയെ സഹായിക്കാനെത്തിയിരുന്നു. എന്നിട്ടും ഹൂതി വിമതർ യമനിലെ വിവിധ ഭാഗങ്ങൾ കൈവശം വച്ചിട്ടുണ്ട്. ഇത്തരം കടുത്ത അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ യമൻ കടുത്ത ക്ഷാമത്തിന്റെ വക്കിലെത്തി നിൽക്കുകയാണെന്ന് ഐക്യരാഷ്ട്ര സംഘടന മുന്നറിയിപ്പേകുകയും ചെയ്തിട്ടുണ്ട്.

ഇവിടുത്തെ സംഘർഷത്തിന് വിരാമം ഇടാനുള്ള ഒരു കരാറിലെത്താൻ ഐക്യരാഷ്ട്രസംഘടന പരാജയപ്പെടുകയും ചെയ്തിരുന്നു. സൗദി സൈനിക സഖ്യം ഇവിടേക്ക് കടന്ന് കയറിയതിന് ശേഷം 8600ൽ അധികം പേർ മരിച്ചിരുന്നു. ഏപ്രിലിൽ കോളറ രോഗം പടർന്ന് പിടിച്ചതിനെ തുടർന്ന് 2100ൽ അധികം പേരാണ് യമനിൽ മരിച്ചിരുന്നത്. സൗദി സൈനിക സഖ്യം നടത്തിയ വ്യോമാഗ്രണത്തിന്റെയും കടൽ മാർഗങ്ങൾ തടസപ്പെടുത്തിയതിന്റെയും പശ്ചാത്തലത്തിൽ മരുന്നും മറ്റു അവശ്യവസ്തുക്കളും എത്തിക്കാൻ ഹോസ്പിറ്റലുകൾ ബുദ്ധിമുട്ടിയതിനെ തുടർന്നായിരുന്നു ഈ ദുരന്തം സംഭവിച്ചത്.